ഇന്നലെ മെസ്സിക്കും ലാറ്റിനമേരിക്കയ്ക്ക് ഒപ്പം ജയിച്ച കൊയിലാണ്ടിക്കാരനായ സഖാവ് ചാത്തുക്കുട്ടി! രൂപേഷ്.ആര്‍ എഴുതുന്നു


ര്‍ണ്ണനാതീതമായ ചിലതുണ്ട്.
മെസ്സി, മറഡോണ, ഫിദല്‍, ഗുവേര അങ്ങനെ അങ്ങനെ …..
സത്യത്തില്‍ അത് കേവലം പ്രതിഭാവിലാസം കൊണ്ടുമാത്രമല്ല.
ഇവരിലെല്ലാം ഉള്‍ച്ചേര്‍ക്കപ്പെടുന്ന നിരവധി സ്വപ്നങ്ങളുണ്ട്. ഒരു പക്ഷെ അവര്‍ പോലും അറിയാതെ ….
മൈക്ക് കൈയ്യില്‍ കിട്ടിയാല്‍ ചിലപ്പോള്‍ മനുവിന് ഭ്രാന്താണ്.
വാക്കുകള്‍ അനര്‍ഗ്ഗള നിര്‍ഗ്ഗളമായി ഒഴുകി വരും.
ആ സദസ്സില്‍ ഇരുന്നപ്പോള്‍ മനു പറയുന്നതില്‍ ചില സത്യങ്ങള്‍ ഉണ്ടെന്ന് എനിക്ക് തോന്നി.
കൊയിലാണ്ടിക്കാരനായ സഖാവ് ചാത്തുക്കുട്ടിയെ മെസ്സിക്ക് അറിയില്ല,
മെസ്സിയെ ചാത്തുക്കുട്ടിക്കും അറിയില്ല.
പക്ഷെ അവര്‍ തമ്മില്‍ അധികം അടയാളപ്പെടുത്തപ്പെടാത്ത വലിയ ഒരു ബന്ധമുണ്ട്!
ലോകം മുഴുവന്‍ വിപ്ലവ അലയൊഴികളും വിപ്ലവങ്ങളുടെ വീരഗാഥകളും മുഴങ്ങിയ കാലത്താണ് ചാത്തുകുട്ടി കമ്യൂണിസ്റ്റായത്. വെറും കമ്യൂണിസ്റ്റല്ല ഒന്നൊന്നര കമ്യൂണിസ്റ്റ്.

അധ്വാനം മാത്രമല്ല ആനന്ദവും തൊഴിലാളി വര്‍ഗ്ഗത്തിന് അവകാശപ്പെട്ടതാണ് എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ക്കായുളള ആദ്യത്തെ ഫുട്‌ബോള്‍ ടീം അയാളുടെ മേല്‍ കൈയ്യില്‍ പിറന്നു വീണത്.

ഫുട്‌ബോള്‍ അയാള്‍ക്ക് ഒരു കളി മാത്രമായിരുന്നില്ല തന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ പ്രയോഗസ്ഥലം കൂടിയായിരുന്നു.

കളിഭ്രാന്തിന്റെ കാര്യത്തില്‍ മാത്രമല്ല രാഷ്ട്രീയ ബോധ്യങ്ങളുടെ കാര്യത്തിലും അയാളെ കവച്ചുവയ്ക്കാന്‍ മറ്റൊരാളില്ല എന്നു പറയാം. ആഗോള തലത്തിലും പ്രാദേശിക തലത്തിലും പ്രവര്‍ത്തിക്കുന്ന എല്ലാ കമ്യൂണിസ്റ്റ് നേതാക്കളേയും അയാള്‍ സ്വന്തം സഖാക്കളായി കരുതി.

വയസ്സ് 70 പിന്നിട്ട കാലത്താണ് സഖാവ് ജ്യോതിബസുവിനെ കാണാന്‍ അയാള്‍ ഹൗറയ്ക്ക് വണ്ടി കയറിയത്. സത്യത്തില്‍ ജ്യോതി ബസുവിന് ചാത്തുകുട്ടിയെ അറിയാത്തത് ചാത്തുക്കുട്ടിയുടെ കുറ്റമല്ല. വീട്ടുകാരും നാട്ടുകാരും അയാളെ തെരഞ്ഞ് അലഞ്ഞു നടന്ന രാത്രിയായിരുന്നു അത്. സഹയാത്രികര്‍ക്ക് തോന്നിയ സംശയവും നാട്ടില്‍ നിന്ന് കിട്ടിയ വിവരവും അനുസരിച്ച് അയാളെ പാതിവഴിയില്‍ റെയില്‍വേ പോലീസ് പിടിച്ചിറക്കി.

ചെ ഒരു വിപ്ലവകാരി മാത്രമായിരുന്നില്ല. ലക്ഷ്യത്തിനായുളള പോരാട്ടത്തില്‍ അല്പം പോലും അയവു വരുത്താന്‍ തയ്യാറാകാത്ത ധീരന്‍ കൂടിയായിരുന്നു. അധികം വിദ്യാഭ്യാസം ഇല്ലാത്ത ചാത്തുകുട്ടി ഇത് എണ്ണി എണ്ണി പറയുമ്പോള്‍ ഞങ്ങളെല്ലാം അത്ഭുതപ്പെടാറുണ്ടായിരുന്നു.

അയാള്‍ അര്‍ജ്ജന്റീന ടീമിന്റെ ആരാധകനായത് ചെഗുവേരയുടെ ടീം ആയതു കൊണ്ടാണ്. ഇന്നലെ മെസി ലോക ഫുട്‌ബോളില്‍ വിജയ കിരീടം അണിഞ്ഞപ്പോള്‍ ഞാന്‍ സഖാവ് ചാത്തുക്കുട്ടിയേയാണ് ഓര്‍ത്തത്.
മെസ്സിക്കും ലാറ്റിനമേരിക്കയ്ക്ക് ഒപ്പം അയാളും ജയിച്ചിരുന്നു!
സഖാവ് ചാത്തുക്കുട്ടിക്ക് മെസ്സിയെ അറിയില്ല…
അയാള്‍ അപ്പോഴേക്കും ചുവന്ന സ്മാരക ഫലകമായി മാറി കഴിഞ്ഞിരുന്നു.
മറഡോണയുടെ ട്രിബ്‌ളിങ്ങ് ശൈല്യയൊക്കെ അയാള്‍ അനുകരിച്ച് കാണിക്കാറുണ്ടായിരുന്നു.
കാല്‍പ്പന്ത് കൊണ്ട് കളിക്കളത്തില്‍ കവിത രചിക്കുന്ന അയാളെ ചാത്തുകുട്ടിക്ക് അത്രയും ഇഷ്ടമായിരുന്നു.
ചെഗുവേരയും ഒരു കവിയായിരുന്നല്ലോ?
സഖാവ് ചാത്തുകുട്ടി ഒരു കവിയോ, പ്രത്യയ ശാസ്ത്ര വിശാരദനോ ആയിരുന്നില്ല,
അറിയപ്പെടുന്ന പന്തുകളിക്കാരനോ രാഷ്ട്രീയ നേതാവോ ആയിരുന്നില്ല.
എന്നാല്‍ അയാള്‍ പകര്‍ന്നു തന്ന സാര്‍വ്വദേശീയത അതിന്റെ തെളിച്ചമാണ്
ഞങ്ങളുടെ നാടിന്റെ ഇരുട്ടില്ലായ്മ.
ഇന്നലെ അര്‍ധരാത്രി സഖാവ് ചാത്തുക്കുട്ടിയുടെ സ്മാരകത്തില്‍ ആരോ ചിലര്‍ കുറച്ച് നാടന്‍ പൂക്കള്‍ ചേര്‍ത്ത് ഒരു ബൊക്ക കെട്ടി വെച്ചു.
അയാള്‍ മണ്‍മറഞ്ഞിട്ട് കാലങ്ങള്‍ കഴിഞ്ഞു.
എന്നിട്ടും ആരാണാവോ ഇന്നലെ രാത്രി അയാളെ ഓര്‍ത്തത്?