നാലാം സെഞ്ച്വറിയെന്ന മോഹം പൊലിഞ്ഞെങ്കിലും വീണ്ടും തിളങ്ങി കൊയിലാണ്ടിക്കാരന്‍ രോഹന്‍; രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ മികച്ച മുന്നേറ്റവുമായി കേരളം


കൊയിലാണ്ടി: രഞ്ജി ട്രോഫി മത്സരത്തില്‍ മികച്ച പ്രകടവുമായി കേരളം. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ മികച്ച മുന്നേറ്റമാണ് കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മല്‍ ഉള്‍പ്പെടുന്ന കേരള ടീം കാഴ്ചവെക്കുന്നത്. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചറി നേടി റെക്കോര്‍ഡ് സൃഷ്ടിച്ച രോഹന്‍ നാലാം സെഞ്ച്വറിയെന്ന സ്വപ്‌നം പൂവണിയുന്നതിന് മുന്നേ പുറത്തായി. 110 പന്തുകളില്‍ നിന്ന് 75 റണ്‍സാണ് രോഹന്‍ നേടിയത്.

മധ്യപ്രദേശിനെതിരായ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിനുവേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രാഹുലും രോഹന്‍ എസ് കുന്നുമ്മലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 129 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ മിഹിര്‍ ഹിര്‍വാനി ഈ കൂട്ടുകെട്ട് പൊളിച്ചു. 75 റണ്‍സെടുത്ത രോഹനെ മിഹിര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ആദ്യ ഇന്നിങ്സില്‍ മധ്യപ്രദേശ് ഉയര്‍ത്തിയ 585 റണ്‍സ് മറികടന്ന് നിര്‍ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനായി ബാറ്റിങ് ആരംഭിച്ച കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തിട്ടുണ്ട്. മധ്യപ്രദേശിന്റെ സ്‌കോറിനേക്കാള്‍ 387 റണ്‍സ് പിറകിലാണ് കേരളം.  312റണ്‍സ് മറികടക്കാനായാല്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. എട്ടുവിക്കറ്റുകള്‍ കയ്യിലിരിക്കേ നാലാം ദിനം ഒന്നാം ഇന്നിങ്സ് ലീഡ് നേടാനാകും കേരളത്തിന്റെ ശ്രമം. 108 റണ്‍സെടുത്ത് ഓപ്പണര്‍ രാഹുലും 55 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.

രോഹന് പിന്നാലെ വന്ന വത്സല്‍ ഗോവിന്ദിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 15 റണ്‍സെടുത്ത താരത്തെ അനുഭവ് അഗര്‍വാള്‍ ഹിമാന്‍ഷു മന്ത്രിയുടെ കൈയ്യിലെത്തിച്ചു. വത്സലിന് പകരം സച്ചിന്‍ ബേബി ക്രീസിലെത്തി. പിന്നീട് വിക്കറ്റ് വീഴാതെ സച്ചിനും രാഹുലും കേരളത്തെ സംരക്ഷിച്ചു.

മധ്യപ്രദേശ് ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 204.3 ഓവര്‍ ബാറ്റ് ചെയ്ത മധ്യപ്രദേശ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 585 റണ്‍സെടുത്തു. 289 റണ്‍സെടുത്ത ഓപ്പണര്‍ യാഷ് ദുബെയുടെ തകര്‍പ്പന്‍ പ്രകടനമാണ് മധ്യപ്രദേശിന് തുണയായത്. 35 ബൗണ്ടറിയും രണ്ട് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 142 റണ്‍സെടുത്ത രജത് പട്ടിദാറും 50 റണ്‍സ് നേടിയ അക്ഷത് രഘുവംശിയും മികച്ച പ്രകടനം പുറത്തെടുത്തു.

കേരളത്തിനായി സ്പിന്നര്‍ ജലജ് സക്സേന 51.3 ഓവറില്‍ 116 റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്തു. ബേസിലും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റ് വീതം നേടി. മത്സരം ഇന്ന് സമാപിക്കും.