ഇന്ത്യന്‍ എ ടീമിലെത്തിയിട്ടും ബംഗ്ലാദേശ് എയ്‌ക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഇടംനേടാനാവാതെ കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍


ന്ത്യന്‍ എ ടീമില്‍ ഇടംനേടിയ കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലിന് ബംഗ്ലാദേശ് എയ്‌ക്കെതിരായ ചതുര്‍ദിന പരമ്പരയ്ക്കുള്ള പ്ലേയിങ് ഇലവനില്‍ നേടാനായില്ല. ഓപ്പണറായാണ് രോഹന്‍ ടീമില്‍ ഇടം നേടിയത്. എന്നാല്‍ ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ എന്നിവരെയാണ് ഇത്തവണ പരിഗണിച്ചത്.

രോഹനൊപ്പം സ്പിന്നര്‍ രാഹുല്‍ ചഹാറും ടീമില്‍ ഇല്ല. അതേസമയം, കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച യാഷ് ധുല്‍, ഹൈദരാബാദ് യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടു.

മത്സരത്തില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ വിറപ്പിക്കുകയാണ്. ടോസ് നേടി ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യ ഈശ്വരന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലാണ്. 5 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ മൊസദ്ദക് ഹൊസൈന്റെ (29 നോട്ടൗട്ട്) കൗണ്ടര്‍ അറ്റാക്കിംഗ് ഇന്നിംഗ്‌സാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യക്കായി മുകേഷ് കുമാര്‍, നവദീപ് സെയ്നി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് രോഹന് ഇന്ത്യന്‍ എ.ടീമിലേക്ക് അവസരം നല്‍കിയത്. ഏഴുമത്സരങ്ങളില്‍ നിന്നും 414 റണ്‍സാണ് താരം നേടിയത്.

രോഹന്‍ കുന്നുമ്മല്‍ ഇന്ത്യന്‍ എ ടീമീലെത്തിയതിന്റെ ഭാഗമായി വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ രോഹന്‍ കളിച്ചിരുന്നില്ല. ആ മത്സരത്തില്‍ കേരളം ജമ്മുകശ്മീരിനോട് തോല്‍ക്കുകയും വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് പുറത്താകുകയുമായിരുന്നു. രോഹന്റെ അഭാവത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 174 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ജമ്മുകശ്മീര്‍ അനായാസം ലക്ഷ്യം കണ്ടു.

മികച്ച ഫോമും ഐ.പി.എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുകൊണ്ടുള്ള മികച്ച പ്രകടനവുമെല്ലാം കാഴ്ചവെച്ചിട്ടും മലയാളി താരം സഞ്ജു വി.സാംസണ്‍ ഇന്ത്യന്‍ ടീമില്‍ നിന്നും അവഗണന നേരിടുകയാണ്. സഞ്ജുവിനു പിന്നാലെ രോഹന്‍ എസ്.കുന്നുമ്മലിനും സമാനമായ അവസ്ഥയാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.