കൊയിലാണ്ടി ഹാര്‍ബറിലെ മാലിന്യപ്രശ്‌നത്തിനും വൈദ്യുതി പ്രശ്‌നത്തിനുമെല്ലാം പരിഹാരമാവുമെന്ന് പ്രതീക്ഷ; ഹാര്‍ബര്‍ മാനേജിങ് സൊസൈറ്റി വിളിച്ച് ചേര്‍ത്ത് പരിഹാരം കാണുമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ്


കൊയിലാണ്ടി: ഫിഷിങ്ങ് ഹാര്‍ബര്‍ മാനേജിങ്ങ് കമ്മിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ഡോ. തേജ് ലോഹിത് റെഡ്ഡി കൊയിലാണ്ടി ഫിഷിങ് ഹാര്‍ബര്‍ സന്ദര്‍ശിച്ചു. ഹാര്‍ബറിന്റെ അകത്ത് കെട്ടി കിടക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ പരിസരവാസികള്‍ക്കും മല്‍സ്യ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ശാസ്ത്രീയമായ രീതിയില്‍ ഡ്രയിനേജ് സംവിധാനം ട്രീറ്റ്‌മെന്റ് പ്ലാന്റോട് കൂടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഹാര്‍ബറിലെ ഒരു ജെട്ടി വടക്ക് ഭാഗത്തുകൂടി നിര്‍മിക്കണം. തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രവും തൊഴില്‍ ചെയ്യാനുള്ള പ്രത്യക സ്ഥലവും അനുവദിക്കണം. വെളിച്ച കുറവിനും തുടര്‍ച്ചയായ വൈദ്യുതി കട്ടിനും പരിഹാരം കാണണം. പടിഞ്ഞാറ് ഭാഗത്തെ വൈദ്യുതി പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് അനുവദിച്ച 20 കോടി ഉപയോഗിച്ച് സബ് സ്റ്റേഷന്റെ പണി ഉടന്‍ ആരംഭിക്കണം. ഹാര്‍ബറിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവൃത്തിക്ക് നേതൃത്വം നല്‍കേണ്ടതും യു.സി.ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ പ്രവൃത്തിക്ക് നേതൃത്വം കൊടുക്കുന്നതുമായ ഹാര്‍ബര്‍ എബിനിയറിങ്ങ് ഓഫീസ് നിര്‍ത്തല്‍ ചെയ്യാനുളള സര്‍ക്കാറിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

ഹാര്‍ബര്‍മാനേജിങ്ങ് സൊസൈറ്റി ഉടന്‍ വിളിച്ച് ചേര്‍ത്ത് പരിഹാരം കാണുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ജില്ലാ ആസൂത്രണ സമിതി അംഗവും വാര്‍ഡ് കൗണ്‍സിലറുമായി വി.പി.ഇബ്രാഹിം കുട്ടിയും മല്‍സ്യതൊഴിലാളി പ്രതിനിധികളായ യു.കെ.രാജന്‍, പി.പി.മുനീര്‍, പീതംബരന്‍, കെ.ടി.വി.ഇസ്മയില്‍ എന്നിവര്‍ കലക്ടറെ അനുഗമിച്ചു.