“മരണശേഷം അവന്‍ ഓര്‍ക്കുന്നുണ്ടാവും, എന്തിനായിരുന്നു ഇത്രകാലം പ്രവാസിയായി കഷ്ടപ്പെട്ടത്” | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ റിയാസ് ഊട്ടേരി
റിയാസ് ഊട്ടേരി
ഞാനും ഒരു പ്രവാസിയായിരുന്നു, ഇരട്ട പ്രവാസി. കൊയിലാണ്ടിയുടെ ഓർമ്മകളും പേറി രണ്ടു രാജ്യങ്ങളിലാണ് ഞാൻ ജോലി ചെയ്തത്. ഭൂമിയുടെ രണ്ട് ദിക്കുകളിലായി നിലകൊള്ളുന്ന സൗദി അറേബ്യയയിലും മലേഷ്യയിലും ആയി ആറു വർഷത്തോളമാണ് ഞാൻ ജോലി ചെയ്തത്. മനുഷ്യനെ ആകപ്പാടെ മാറ്റിമറിക്കുന്ന ഒരു പ്രതിഭാസമായിരുന്നു പ്രവാസജീവിതം.
രണ്ട് രാജ്യത്തിനും രണ്ടു സംസ്കാരങ്ങളും വെവ്വേറെ ഭാഷകളും വ്യത്യസ്തമായ ഭക്ഷണവും. വിദേശ വാസം തിരഞ്ഞെടുക്കുന്നതോടെ ഇന്നേ വരെ ജീവിതത്തിൽ കാണാത്ത ഒരു സംസ്കാരവും രീതികളും ചുരുക്കി പറഞ്ഞാൽ പുത്തൻ പുതിയ ജീവിതമാണ് ഒരു പ്രവാസിയെ കാത്തിരിക്കുന്നത്.
നമ്മുടെ നാട്ടിൽ നിന്നും അറബി നാട്ടിലേക്ക് ജോലിക്ക് പോയി വരുന്ന പലരും പോയ പോലെയായിരുന്നില്ല തിരിച്ചെത്തിയിരുന്നത്. ശരീരപ്രകൃതിയും നിറവും സ്റ്റൈലിലുമെല്ലാം ആകെപ്പാടെ ഒരു മാറ്റം. ആ സമയത്ത് പ്രവാസിയുടെ വീടിൻറെ അടുത്തുകൂടി പോകുമ്പോൾ തന്നെ എത്തും, അവൻ അടിച്ചിട്ടുള്ള സ്പ്രേയുടെ മണം. ഓരോ യുവത്വത്തെയും പ്രവാസ ലോകത്തേക്ക് ആവാഹിക്കാൻ ശക്തിയുള്ള മണമായിരുന്നു അത്.
അങ്ങനെ കൂടെ പഠിച്ചവരും കുടുംബത്തിൽ നിന്നുള്ള എല്ലാവരും പ്രവാസ ലോകത്തേക്ക് ചേക്കേറിയപ്പോൾ വളരെ പ്രയാസത്തിൽ ആയ ഞാനും എൻറെ മാമനോട് ചോദിച്ചു, ‘എന്നെയും ഒന്ന് കൊണ്ടുപോകുമോ?’ എന്നെ ഒന്ന് നോക്കിയാ ശേഷം മാമൻ പുഞ്ചിരിച്ചു, ഏറെ സന്തോഷത്തോടെ
മാമൻ എന്നെയും അക്കരെ കടത്തി. അങ്ങനെ ഒരുപാടു സ്വപ്നങ്ങളോട് കൂടെ ഞാനും ആദ്യമായി വിദേശത്തേക്ക് കടന്നു.
ബാല്യത്തിൽ കൊയിലാണ്ടിയിലെത്തുമ്പോൾ കണ്ടിരുന്ന അതിമനോഹരമായ കാഴ്ചയായാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. നമ്മുടെ ന്യൂ ഹോട്ടലിനു മുന്നിൽ മാത്രം കാണാൻ പറ്റുന്ന കാഴ്ച. കാലത്ത് ആറു മണിക്ക് ന്യൂ ഹോട്ടലിന് മുന്നിൽ എത്തിയാൽ പ്രവാസ ലോകത്തേക്ക് പോകുന്ന ആളുകൾ നിൽക്കുന്നത് കാണാമായിരുന്നു. ഓരോ ഉൾപ്രദേശങ്ങളിൽ നിന്നും ഓരോ പ്രവാസിയും യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ബന്ധുമിത്രാദികൾക്കൊപ്പം ഹോട്ടലിന് മുന്നിൽ എത്തിച്ചേരും, ഒരു വെളുത്ത തോർത്ത് കഴുത്തിലൂടെ അണിയുന്നതാണ് യാത്ര പോകുന്നവരുടെ ഐഡന്റിറ്റി മാർക്ക്. തോർത്ത് അണിഞ്ഞ ആളെ കണ്ടാലറിയാം അദ്ദേഹമായിരിക്കും യാത്രയ്ക്ക് പോകുന്നത് എന്നുള്ളത്. ബോംബെ ബസ്സുകൾ ഇവിടെ നിരനിരയായി നിൽക്കും. പ്രവാസ ലോകത്തേക്ക് ഉള്ള ആദ്യ ചവിട്ടുപടി ആ ബസ് സ്റ്റോപ്പായിരുന്നു.
പണ്ട് മുതലേ ആളുകൾ പറഞ്ഞു കേട്ടിട്ടുള്ള കാര്യമാണ് ‘ഗൾഫിൽ ചെന്നാൽ സ്വന്തം കാര്യം സിന്ദാബാദ്’ എന്നാണ് എന്ന്. നാട്ടിലുള്ളപ്പോൾ അർത്ഥം പിടികിട്ടിയില്ലെങ്കിലും വിദേശത്തെത്തിയതോടെ അത് എനിക്ക് 100% മനസ്സിലായി. 12 മണിക്കൂറും 18 മണിക്കൂറുമാണ് ഇവിടുത്തെ ജോലി സമയം എന്ന സത്യം ഞാൻ വിദേശത്തെത്തിയപ്പോഴാണ് മനസിലാക്കുന്നത്. നമ്മുടെ നാട്ടിലെ പോലെ തന്നെ രണ്ടുതരം ആളുകൾ ഇവിടെയുമുണ്ടായിരുന്നു. ആഡംബരജീവിതം നയിക്കുന്ന പ്രവാസിയും കഷ്ടപ്പാടിന്റെ അങ്ങേയറ്റം കണ്ടു ജീവിക്കുന്ന പ്രവാസിയും. പിന്നെ ഒരിക്കൽ പ്രവാസിയായവൻ വീണ്ടും വീണ്ടും പ്രവാസ ലോകത്തേക്ക് നോക്കി കൊണ്ടേയിരിക്കും. അവനേ അങ്ങോട്ടുക്കു തന്നെ ആവാഹിച്ചു കൊണ്ടേയിരിക്കും. ആദ്യം അത്തറിന്റെ സുഗന്ധമാണെങ്കിലും പിന്നീട് കഷ്ടപാടുകളുടെയും ആവശ്യങ്ങളുടെയും ഭാണ്ഡങ്ങളാണ്.
ജീവിത പ്രാരാബ്ദം കൊണ്ട് 1994 പാറക്കുളങ്ങര കെ.പി.എം.എസ് ഹൈസ്കൂളിൽ നിന്നും എട്ടാംക്ലാസിൽ മുക്കാൽഭാഗം പൂർത്തിയാക്കി സ്കൂളിനോട് വിട ചൊല്ലേണ്ടി വന്നു. വളരെ ചെറുപ്പംമുതലേ ദാരിദ്ര്യത്തെയും കഷ്ടപ്പാടിനെയും തൊട്ടറിഞ്ഞു ജീവിതമായിരുന്നു എന്റേത്.
അതിനിടയിലെ ഏറ്റവും വല്ല്യ സന്തോഷമായിരുന്നു കൊയിലാണ്ടി അങ്ങാടിയിലേക്കുള്ള യാത്ര. ഇന്നത്തെ പോലെ നാട്ടിൻപുറത്തെ അങ്ങാടികൾ ഒന്നും ഇത്രമേൽ പുരോഗമിച്ചിട്ടുണ്ടായിരുന്നില്ല. എന്നാലും കൊയിലാണ്ടിയിൽ പോയാൽ തീവണ്ടി കാണാം, കടൽ കാണാം, ഹോട്ടലിൽ നിന്ന് ചായ കുടിക്കാം അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.
കൊയിലാണ്ടിയിൽ എത്തിപ്പെടാനുള്ള പ്രയാസം മാത്രമാണുണ്ടായിരുന്നത്. എൻറെ വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകണമെങ്കിൽ ഒരു കിലോമീറ്റർ നടന്ന് കൈതവയൽ ബസ്റ്റോപ്പിൽ എത്തണം. മണിക്കൂറുകൾ കാത്തുനിന്നാൽ മാത്രമേ കൊയിലാണ്ടിയിലേക്കുള്ള ബസ് വരുകയുള്ളു. അതും ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. പവർ സ്റ്റീയറിങ്ങുകൾ ഒന്നുമില്ലാത്ത പഴയ മോഡൽ ബസ്സ് അരിക്കുളത്ത് നിന്നും കൊയിലാണ്ടിയിൽ എത്തണമെങ്കിൽ ഒരുപാട് കയറ്റങ്ങളും വളവുകളും കയറിയിറങ്ങണം. ബസ് ഡ്രൈവർമാർക്ക് രണ്ട് ഹെൽപ്പർമാർവേണം. വളവുകളിൽ മൂന്നു ആളുകൾ ചേർന്നാണ് ബസ്സ് ഒടിക്കുന്നത്. അതെല്ലാം കാണേണ്ട കാഴ്ചയായിരുന്നു. വളരെ പണിപ്പെട്ട് കൊണ്ട് ഒന്നര മണിക്കൂർ നേരം എടുത്താണ് കൊയിലാണ്ടിയിൽഎത്തുക. അവിടെ നിന്നാണ് ഒരു വിരലിൽ ഡ്രൈവർമാർ ബസ് ഒടിച്ച് എടുക്കുന്ന കാഴ്ച വരെ എത്തിയത്.
കൊയിലാണ്ടിയിൽ എത്തിയാൽ അവിടെ ഒരു റെയിൽവേ ഗേറ്റ് ഉണ്ട്. ബസ്സുകളും ലോറികളും മറ്റും ആയിട്ട് ഒരു നീണ്ടനിര തന്നെയുണ്ടാകും അവിടെ. അതൊന്നു കടന്നു കിട്ടാൻ മണിക്കൂറുകൾ കാത്തു നിൽക്കണം. കൽക്കരി തീവണ്ടികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നത് കാണാൻ തന്നെ നല്ല രസമാണ്. ഇതെല്ലാം ഞങ്ങൾ കുട്ടികൾക്ക് ഒരു കാണാ കാഴ്ചയാണ്. റെയിൽവേ ഗേറ്റ് തുറന്നാൽ ബസ് നേരെ നമ്മുടെ പഴയ സ്റ്റാൻഡിലേക്ക് നീങ്ങും. അപ്പോൾ വരുന്ന ഒരു സുഗന്ധമുണ്ട്. ആഹാ! ഇന്നത്തെ പോലത്തെ ഫാസ്റ്റ് ഫുഡ് അന്ന് എവിടെയും എത്തിയിട്ടില്ല അന്ന് ഹോട്ടലിൽ നിന്നും ടീ ഷോപ്പുകളിൽ നിന്നും വരുന്ന ഭക്ഷണത്തിൻറെ സുഗന്ധം ഒരു പ്രത്യേക ഹരമായിരുന്നു. ഹോട്ടൽ സിറ്റി ലൈറ്റ്, ന്യൂ ഹോട്ടൽ, ഹോട്ടൽ സിലോൺ എന്നിവയായിരുന്നു കൊയിലാണ്ടിയിലെ അന്നത്തെ സ്റ്റാർ ഹോട്ടലുകൾ.
കൊയിലാണ്ടിയിൽ നിന്ന് അല്പം താഴോട്ട് നടന്നാൽ പഴയ മാർക്കറ്റ് റോഡിലേക്ക് ഒന്ന് ചെന്ന് നോക്കിയാൽ ഒരുപാടുപേർ മൽസ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വരെ കാണാം. ഇന്ന് എവിടെയും കാണാത്ത രണ്ട് കൊട്ട ഒരു മുളയുടെ രണ്ട് അറ്റത്ത് കെട്ടിത്തൂക്കി തോളിലേറ്റി നടക്കുന്ന വൃദ്ധരായ കച്ചവടക്കാരെയും ഏറെ കാണാനുണ്ടായിരുന്നു. ഇന്ന് കാലം മാറി മത്സ്യ കച്ചവടം മോട്ടോർ സൈക്കിളിലും ഗുഡ്സ് ഓട്ടോയിലുമായി. മാർക്കറ്റിനെ പുറത്തും അകത്തുമായി ഒട്ടനവധി വൃദ്ധരായ അമ്മമാർ നിരന്ന് ഇരുന്നുകൊണ്ട് മത്സ്യ കച്ചവടം ചെയ്യുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു ഞങ്ങൾ കുട്ടികൾ അന്ന് കൊയിലാണ്ടിയിൽ നിന്ന് ചുറ്റുപാടും നോക്കുമായിരുന്നു. കാണാത്ത ഒരുപാട് കൗതുകങ്ങളും കൊയിലാണ്ടി യിൽ കാണാനുണ്ടായിരുന്നു.
എന്നാൽ കൊയിലാണ്ടിയെ പറ്റി ഓർക്കുമ്പോൾ ഒരിക്കലും മറക്കാൻ പറ്റാത്തത് താങ്ങും തണലുമായി നിന്ന മര മുത്തശ്ശിയെയാണ്. പഴയ ബസ് സ്റ്റാന്റിന്റെയും പെട്രോൾ പമ്പിന്റെയും നടുവിലായി ഒട്ടനവധി വഴിയോര കച്ചവടക്കാർക്കാണ് വൃക്ഷ മുത്തശ്ശി താങ്ങും തണലുമായിരുന്നത്.
ഒരു പ്രവാസി കത്തുന്ന മെഴുകുതിരിയേ പോലെയാണ്. പ്രവാസിയായ ഒരു മനുഷ്യൻ അവൻറെ കുടുംബത്തിനും അവൻറെ നാട്ടുകാർക്കും ഒരു വെളിച്ചമായിരിക്കും. അവനങ്ങനെ കത്തി തീരുമ്പോഴും ആ പ്രകാശം കൊണ്ട് അവൻറെ ചുറ്റുപാടുള്ള അവരെല്ലാം സന്തോഷം കൊണ്ട് ജീവിച്ചു പോകും. അവസാനം മെഴുകുതിരി പോലെ അവൻ ഉരുകി ഉരുകി ഒരുനാൾ ഇല്ലാതെയാകും.
കൂട്ടു കുടുംബത്തോട് ജീവിച്ചു കൊതി തീരാത്ത എത്രയോ പ്രവാസി സുഹൃത്തുക്കൾ ഈ ലോകത്തു നിന്നും മാഞ്ഞു പോയിട്ടുണ്ട്. അവരുടെ അധ്വാനത്തിന്റെ ഫലം കൊണ്ട് അവൻറെ ബാക്കിയുള്ള കുടുംബങ്ങൾ സുഖമായി ജീവിക്കും. താൻ എന്തിനായിരുന്നു ഇത്രയും പ്രയാസപ്പെട്ട് ജീവിച്ചത് എന്ന് അവൻ മരണശേഷം ആലോചിക്കുന്നുണ്ടാവാം പരലോകത്ത് വെച്ച് കൊണ്ട്.
പ്രവാസം ഒരു സ്ഥിരം തൊഴിലാക്കരുത് എന്നാണ് എൻറെ അഭിപ്രായം. പ്രവാസം കൊണ്ട് കണ്ണുനീർ വറ്റാത്ത കുടുംബങ്ങൾ ഇന്നും നമ്മുടെ ചുറ്റുമുണ്ട്. ഇതൊക്കെ നേരിൽ കാണാൻ എനിക്ക് ഈ രണ്ട് രാജ്യങ്ങളിൽനിന്നും സാധിച്ചിട്ടുണ്ട് പ്രവാസി ആയിരിക്കുമ്പോൾ നമുക്കുചുറ്റും ഒരുപാടു പേർ ഉണ്ടാകും പ്രവാസം അവസാനിപ്പിച്ചാൽ നമ്മുടെ മുന്നിലും പിന്നിലും മായി നിൽക്കാൻ ആരെയും കിട്ടില്ല പ്രിയപ്പെട്ട പ്രവാസികളെ നിങ്ങൾക്ക് വേണ്ടി ഒരു കരുതൽ എപ്പോഴും വേണം അത് അവസാനം നമുക്ക് ഒരു താങ്ങായി തണലായി നമുക്കുണ്ടാകും മണലാരണ്യത്തിലും മറ്റു രാജ്യങ്ങളിലുമൊക്കെ ആയിട്ടുള്ള പ്രവാസികളെ നിങ്ങളോടൊപ്പം ഞാനും പങ്കു ചേരുന്നു. സ്നേഹത്തോടെ.
റിയാസ് ഊട്ടേരി
അരിക്കുളം ഊട്ടേരി തയ്യുള്ളപറമ്പില്‍ വീട്ടില്‍ റിയാസ് എന്ന റിയാസ് ഊട്ടേരി. 2003 മുതല്‍ 2013 വരെ പ്രവാസ ജീവിതം നയിച്ചു. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖസീമിലും മലേഷ്യയിലെ പഹാങ്ങിലും സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തു. ഇപ്പോള്‍ നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. പൊതുപ്രവര്‍ത്തനരംഗത്തും സജീവം. അരിക്കുളം പാറക്കുളങ്ങര മദ്യവിരുദ്ധ സമിതി കണ്‍വീനര്‍, പാറക്കുളങ്ങര തണല്‍ ഡയാലിസിസ് സെന്റര്‍ എക്‌സിക്യൂട്ടീവ് അംഗം, മേപ്പയ്യൂര്‍ ബ്ലോക്ക് പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. വീട്ടമ്മയായ അദിലത്ത് ആണ് ഭാര്യ. റിഫ ഖദീജ (എം.എല്‍.ടി പഠിക്കുന്നു), റിദ ഫാത്തിമ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), ആയിഷ (നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി) എന്നിവര്‍ മക്കളാണ്. വാപ്പ പരേതനായ ബീരാന്‍. ഉമ്മ കദീശ ഉമ്മ. ജംസിന ആഷിഖ് ഏക സഹോദരി.
എല്ലാ പ്രവാസികളും ഓർക്കാൻ ഒരു പാട് ഓർമകൾ എന്തായാലും റിയാസ് ഉറ്റെറിക്ക്
റിയാസ് ബായ് ഇനിയും തുടർന്ന് എഴുതുക എല്ലാ ഭാവുകങ്ങളും നേരുന്നു