”കോമരങ്ങളൊന്നും ഉത്സവദിവസം പെട്ടെന്ന് ഉറഞ്ഞ് തുള്ളുന്നവരല്ല” പിഷാരികാവിലെ കോമരങ്ങളെക്കുറിച്ച് രഞ്ജിത്ത് ടി.പി അരിക്കുളം എഴുതുന്നു
രഞ്ജിത്ത് ടി.പി.അരിക്കുളം
ജീവന്‍തന്നെ ഭീഷണിയാവുംവിധം സ്വയംമുറിവേല്‍പ്പിച്ച് അതില്‍ നിന്നിറ്റുവീഴുന്ന രക്തച്ചുവപ്പാല്‍ ഭീകരതപൂണ്ട് കൊല്ലം പിഷാരികാവിലെത്തുന്ന കോമരങ്ങള്‍ പലതവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഏതൊരു മഹാക്ഷേത്രത്തിലും ഒരു ചടങ്ങ് എപ്പോഴും വൈവിധ്യമായതോ, ദൈവികമായതോ, അപസര്‍പ്പക കഥകള്‍ പോലെ വിചിത്രമായതോ ആയിരിക്കാറുണ്ട്. പിഷാരികാവിലെ കോമരങ്ങളെ കണ്ണടച്ച് നിഷേധിക്കാനോ വിമര്‍ശിക്കാനോ കഴിയാതെ പോവുന്നതും അതുകൊണ്ട് തന്നെയാണ്. പിഷാരികാവിലെ കോമരങ്ങള്‍ ഇന്നോ ഇന്നലെയോ ഉള്ളതല്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു സമ്പ്രദായം ഈ വര്‍ഷം ചര്‍ച്ചക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കിയതില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്ലൊരു പങ്കുണ്ട്. ഇത്രയേറെ രൗദ്രതയില്‍ ഉറഞ്ഞു തുള്ളി വെട്ടി വെളിച്ചപ്പെടുന്ന കോമരങ്ങളുള്ള ക്ഷേത്രം കോഴിക്കോട് ജില്ലയില്‍ വേറെയില്ല എന്നു കരുതാം..
പിഷാരികാവിലമ്മയായി പരകായപ്രവേശം നടത്തി ഭക്തിയുടെ ആനന്ദലഹരിയില്‍ പള്ളിവാള് കൊണ്ട് നിറുകയില്‍ വെട്ടി പിളര്‍ന്ന് നെറ്റിയിലൂടെ വിയര്‍പ്പിനൊപ്പം ശരീരമാസകലം നിണ മൊഴുക്കി പട്ടിനും മാറ്റിനും ഒരേ നിറമായാലും മീനചൂടില്‍ പതച്ചു കിടക്കുന്ന പൂഴിയില്‍ കാലടികള്‍ പൊള്ളി അടര്‍ന്നാലും ശരീരം വെന്തുരുകിയാലും കോമരങ്ങളുടെ ദൃഷ്ടികള്‍ വീണ്ടും എന്തിനോ ദാഹിക്കുന്നതു പോലെയോ എന്തോ തിരയുന്നതു പോലെയോ കാണാം. അവര്‍ നമ്മളെയൊന്നും കാണുന്നില്ല, അറിയുന്നില്ല ഭക്തിയുടെ ലഹരിയില്‍ മറ്റേതോ ലോകത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവര്‍.
കോമരങ്ങളൊന്നും ഉത്സവദിവസം പെട്ടെന്ന് ഉറഞ്ഞ് തുള്ളുന്നവരല്ല. പാരമ്പര്യമായി ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായവരോ ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ളവരോ ആണ്. ഗവണ്‍മെന്റ് സര്‍വീസിലും വിദേശത്തും ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ലോകത്തെവിടെയാണെങ്കിലും കാളിയാട്ടം കുറിച്ചാല്‍ അവര്‍ അമ്മയുടെ ദാസനായി തന്റെ മനസും ശരീരവും കാല്‍ക്കലര്‍പ്പിക്കുന്നു.
ഒരുപാട് ഐതിഹ്യങ്ങളും, ഉള്‍ഭയമുണ്ടാക്കുന്ന മുത്തശ്ശി കഥകളിലൂടെയും മനസില്‍ പതിഞ്ഞു പോവുന്ന പിഷാരികാവിലമ്മയെയും നിറഞ്ഞാടുന്ന കോമരങ്ങളെയും ഏത് പുരോഗമന ചിന്തയുടെ പേരിലും അത്ര പെട്ടെന്ന് നിഷേധിക്കാനാവില്ല.
ചില സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെടുന്ന വെളിച്ചപ്പാടുകളെ മനസില്‍ കാണുന്നവര്‍ക്ക് പിഷാരികാവിലെ കോമരങ്ങള്‍ ഉള്‍ക്കിടിലത്തോടെയേ വീക്ഷിക്കാനാവൂ. പുരുഷകോമരങ്ങള്‍ കാവിലമ്മയുടെ പുറത്തെഴുന്നള്ളത്തിന് വഴിയൊരുക്കി പൂര്‍ണ്ണമായും അമ്മയായി മാറുന്നുവെന്നാണ് കേട്ടിട്ടുള്ളത്. രക്തചാലുകള്‍ കണ്ട് ചിലര്‍ ദൃഷ്ടികള്‍ പിന്‍വലിക്കുന്നു. സ്ത്രീകള്‍ കണ്ണടച്ച് കാവിലമ്മയെ പ്രാര്‍ത്ഥിക്കുന്നു.
അസുരവാദ്യത്തിന്റെ താളത്തില്‍ ലയിച്ച് പോവുന്ന സമയത്തുണ്ടാവുന്ന ഒരു തരം വിഭ്രാന്തിയാണ് കോമരം എന്ന് പറയുന്ന വിമര്‍ശകരോട് ഇതേ കോമരങ്ങള്‍ സാധാരണ മനുഷ്യരായി കുടുംബത്തോടൊപ്പം ഇതിലും വലിയ ക്ഷേത്രങ്ങളിലെ വാദ്യമേളങ്ങള്‍ ആസ്വദിക്കുമ്പോള്‍ കോമരമാവാത്തത് എന്തെന്ന മറുചോദ്യം ചോദിക്കുന്ന ഭക്തരുണ്ട്.
വെളിച്ചപ്പാടും കോമരവും രണ്ട് സമ്പ്രദായമാണ്.
മുത്തശ്ശിമാരുടെ മടിയില്‍ കിടന്നു കേള്‍ക്കുന്ന കഥകളില്‍ കോമരങ്ങളെ കളിയാക്കിയവര്‍ അതേ നടയില്‍ കോമരമായതും, കളിയാട്ടം കഴിഞ്ഞ് അരിങ്ങാടെറിഞ്ഞ ശേഷം കാവിലേക്ക് പോയവര്‍ അസ്ഥികൂടമായതും, മോഷ്ടാക്കള്‍ കളവ് മുതലുമായി ക്ഷേത്രത്തിനകത്ത് പുലരുവോളം പ്രദക്ഷിണം വെച്ചതും കൗതുകത്തോടെയും ഭയത്തോടെയും കേട്ടിരുന്നവരാണ് കൊല്ലക്കാര്‍.
മൈസൂര്‍ കടുവയുടെ പടയോട്ട കാലത്ത് ടിപ്പുസുല്‍ത്താന് പിഷാരികാവ് ഭഗവതിയില്‍ വലിയ വിശ്വാസമായിരുന്നത്രെ. ക്ഷേത്ര പൂജാരി പ്രസാദം നല്‍കിയപ്പോള്‍ ശാന്തിക്കാരന്റെ പ്രസാദം വേണ്ട ദേവി നേരിട്ട് തരണമെന്ന് തര്‍ക്കിച്ച ടിപ്പുവിന് ശ്രീകോവിലിനുള്ളിലെ അലര്‍ച്ചയും, ദിവ്യപ്രഭയയും കണ്ട് ബോധം നശിച്ചു പോയെന്നും മൂന്നേമുക്കാല്‍ നാഴിക കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ തന്റെ കയ്യില്‍ പിഷാരികാവിലമ്മയുടെ പ്രസാദം കണ്ടു എന്നും പിന്നീട് 342 രൂപ വീതം ദേവസ്വത്തിലേക്ക് പ്രതിവര്‍ഷം നല്‍കിയെന്ന കഥയുമുണ്ട്.
വൈശ്യജാതിക്കാരനായ വിഷഹാരി ശ്രീ പോര്‍ക്കലിയില്‍ നിന്നും നാന്ദകം വാളുമായി തിരുവിതാംകൂര്‍ കൊല്ലത്തു വരുകയും അവിടെ ക്ഷേത്രം പണിയുകയും രാജാവുമായുള്ള തര്‍ക്കത്തില്‍ വൈശ്യന്‍മാരൊക്കെയും നാടുവിടാനുള്ള രാജകല്‍പ്പനയില്‍ ഭയന്ന് നാന്ദകം വാളില്‍ ആവാഹിച്ച ദേവീചൈതന്യവുമായി പത്തേമാരിയില്‍ സമുദ്ര മാര്‍ഗ്ഗം സഞ്ചരിച്ച് ഇപ്പോഴത്തെ കൊയിലാണ്ടി കൊല്ലത്തെത്തി മഹാ മാന്ത്രികനും തന്ത്രിയുമായ കാട്ടുമാടസ്സു നമ്പൂതിരിയെ കൊണ്ട് പ്രതിഷ്ഠ നടത്തിയെന്നാണ് കഥ.
പൂര്‍വ്വ സ്മരണയില്‍ കൊല്ലം വിഷഹാരി കാവെന്ന് പേരിടുകയും പിന്നീട് പിഷാരികാവായി മാറുകയും ചെയ്തു എന്നാണ് ചുരുക്കം. കീഴേല്‍, പാഴേല്‍, എളേടത്ത്, ഈച്ചരാട്ടില്‍, പൊനത്തില്‍, നാണോത്ത്, എരോത്ത്, ഉമ്മച്ചിവീട് തുടങ്ങി എട്ട് ഊരാളന്‍മാരില്‍ ക്ഷേത്ര കൈകാര്യം കാരണവ സ്ഥാനമുള്ള ആദ്യത്തെ നാല് വീട്ടുകാര്‍ക്കായിരുന്നു. നേരത്തെ തന്നെ ഉഗ്രമൂര്‍ത്തിയായ ദേവി ചാലോറ ഇല്ലത്തെ നമ്പൂതിരിയുടെ ശാന്തിയില്‍ ഭയങ്കരിയായി മാറി. ഉഗ്രതയില്‍ പകല്‍ സമയങ്ങളില്‍ പോലും ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാവാതെ വന്നതില്‍ വട്ടോളി മൂസത് മാരെ കൊണ്ട് ശാക്തേയ സമ്പ്രദായത്തില്‍ പൂജനടത്തി പിഷാരികാവിലമ്മയെ ശാന്തയാക്കി എന്ന് പറയപ്പെടുന്നു.
ഉച്ചപൂജ സമയത്ത് ദര്‍ശനം നടത്തിയ ഗര്‍ഭിണി ദുര്‍മരണപ്പെട്ടെന്നും ശാക്തേയ സമ്പ്രദായത്തില്‍ മദ്ധ്യമ കര്‍മ്മത്തില്‍ നടക്കുന്ന പൂജയില്‍ മദിച്ചിരിക്കുന്ന ദേവിയെ മറ്റൊരു സ്ത്രീ കണ്ടു പോയതിലുള്ള കോപമാണ് അതിനു കാരണമെന്ന് രാശി പലകയില്‍ തെളിഞ്ഞെന്നും പിന്നീട് ഉച്ചപൂജക്ക് ശേഷം സ്ത്രീകള്‍ ദര്‍ശനം നടത്തുന്നത് തടയപ്പെട്ടു എന്നും പഴമക്കാര്‍ പറയുന്നു. മീനത്തില്‍ തുടങ്ങി മീനത്തില്‍ അവസാനിക്കുന്ന മഹോത്സവത്തിന്റെ അവസാന ദിവസം നാന്ദകം വാളെഴുന്നള്ളിക്കുന്ന ആളും, പിടിയാനയും ഒപ്പം വിറക്കുമെന്ന് പറഞ്ഞ് കേള്‍ക്കാം. പട്ടുമുണ്ടക്കല്‍ തെയ്യമ്പാടി കുറുപ്പിന്റെ കുടുമ്പത്തിലെ മൂത്ത ആളായിരുന്നു ഇവിടത്തെ കോമരം. ഒരിക്കല്‍ പ്രായം തികഞ്ഞ പുരുഷന്‍ ഇല്ലാതിരിക്കെ കരോറപ്പണിക്കരുടെ കുടുമ്പത്തെ ചുമതലയേല്‍പ്പിക്കാന്‍ ശ്രമം നടക്കവെ കുറുപ്പിന്റെ കുടുംമ്പത്തിലെ പതിനൊന്നു വയസു മാത്രം പ്രായമുള്ള കുട്ടി വെട്ടി വെളിച്ചപ്പാടായി നൂറ്റിപതിനഞ്ച് നാഴിക നടന്ന് ക്ഷേത്രത്തില്‍ എത്തി എന്നാണ് ഐതിഹ്യം.
വിമര്‍ശകര്‍ക്ക് ഓരോ വര്‍ഷവും കാവിലേക്കൊഴുകുന്ന ജനസഹസ്രത്തിലൂടെ ഉഗ്രരൂപിണി മറുപടി നല്‍കുകയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടോ പുറത്തു നിന്നും വലിയവായില്‍ പുരോഗമന വാദികള്‍ മറ്റ് കോമരങ്ങളെ വിമര്‍ശിച്ചാലും കാളിയാട്ട കോമരങ്ങളെ കുറിച്ച് ഇവരാരും തന്നെ ഒന്നും പറയാറില്ല. കാരണം പിഷാരികാവിലമ്മയും, ഐതിഹ്യങ്ങളും, ചുടുചോരചിന്തി ആറാടുന്ന കോമരങ്ങളും ഭക്തരുടെ മനസില്‍ ചെറുപ്പം മുതല്‍ അത്രയേറെ ആഴത്തില്‍ പതിഞ്ഞു പോയിരിക്കുന്നു.
(ചിത്രങ്ങള്‍ കടപ്പാട്: കിഷോര്‍ മാധവ്)
കേട്ടുകേള്‍വികള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടാവണമെന്നില്ല