മേപ്പയ്യൂർ കുട്ടോത്ത് അല്ല, അത് മേപ്പയിൽ കുട്ടോത്തായിരുന്നു; കെ.വിദ്യയെ പൊലീസ് പിടികൂടിയത് വടകരയിൽ നിന്നെന്ന് റിമാന്റ് റിപ്പോർട്ട്, സ്ഥലപ്പേര് തെറ്റാൻ കാരണം പൊലീസുകാരന് പറ്റിയ പിഴവ്


വടകര: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് വടകര വില്യാപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മേപ്പയില്‍ കുട്ടോത്താണെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ഇന്നലെ മുതല്‍ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ പിടികൂടിയത് എന്നായിരുന്നു വാര്‍ത്തകള്‍. കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ കെ.വിദ്യ ഒളിച്ചത് എവിടെയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നില്ല. ആവളയിലെ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത് എന്നായിരുന്നു പോലീസ് അറിയിച്ചത്‌.

വടകരയിലെ മുന്‍ എസ്.എഫ്.ഐ നേതാവായ റോവിത്തിന്റെ വീട്ടില്‍ നിന്നാണ്‌ കെ.വിദ്യയെ പിടികൂടിയത് എന്നാണ് റിപ്പോട്ടിലുള്ളത്‌. വാട്ടര്‍ അതോറിറ്റി റിട്ട.ജീവനക്കാരനും സി.പി.ഐ.എം അനുഭാവിയുമായ രാഘവന്റെ മകന്‍ റോവിത്തും വിദ്യയും സുഹൃത്തുക്കളാണ്. യൂണിവേഴ്‌സ്റ്റി പഠനകാലത്താണ്‌ റോവിത്തും വിദ്യയും സുഹൃത്തുക്കളായത്.

വിദ്യയെ പിടികൂടുന്ന വിവരം വടകരയിലെ ലോക്കല്‍ പോലീസുകാരെ അഗളി പോലീസ് അറിയിച്ചിരുന്നില്ല. അഗളിയില്‍ നിന്ന് വടകരയിലെത്തിയ അന്വേഷണ സംഘത്തിലെ ഒരു പോലീസുകാരന്‍ കസ്റ്റഡി വിവരം തെറ്റായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അഗളി സി.ഐ.യെ ധരിപ്പിച്ചുവെന്നാണ് വിവരം. മേപ്പയില്‍ കുട്ടോത്ത് എന്നതിന് പകരം മേപ്പയൂര്‍ കുട്ടോത്ത് എന്നാണ് അഗളി സി.ഐ മനസിലാക്കിയത്. പിന്നാലെ സി.ഐയെ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് മേപ്പയൂര്‍ പോലീസ് പരിധിയില്‍ നിന്നുമാണ് വിദ്യയെ പിടികൂടിയത് എന്നായിരുന്നു മറുപടി നല്‍കിയത്. ഇതനുസരിച്ചാണ് ഇന്ന് വൈകുന്നേരം വരെ വിദ്യയെ പിടികൂടിയത് മേപ്പയ്യൂര്‍ കുട്ടോത്ത് നിന്നുമാണ് എന്ന വാര്‍ത്തകര്‍ വന്നത്.

പിന്നാലെ മേപ്പയൂരും ആവള കുട്ടോത്തും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇന്ന് ഉച്ചവരെ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

പതിനഞ്ച് ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് വിദ്യ പിടിയിലായത്‌. വിദ്യയെ ജൂലൈ ആറുവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. മറ്റന്നാളാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.