ഇത് പുതിയ റെക്കോര്‍ഡ്: അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളില്‍ 66.5 ലക്ഷവും വിറ്റു, സര്‍ക്കാറിന് കിട്ടിയത് 270 കോടി രൂപ; തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്, നാളെയും ടിക്കറ്റ് വാങ്ങാം


കൊയിലാണ്ടി: ടിക്കറ്റ് വില കൂട്ടിയെങ്കിലും റെക്കോര്‍ഡ് വില്‍പ്പനയുമായി ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി. ആകെ അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളില്‍ 66.5 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുപോയി. ഇതുവഴി 270 കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. നാളെയും ടിക്കറ്റ് വില്‍പ്പന തുടരുമെന്നതിനാല്‍ ഈ കണക്കുകളില്‍ മാറ്റമുണ്ടാകും.

ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ വില 500 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ടിക്കറ്റ് വിലയ്‌ക്കൊപ്പം സമ്മാനത്തുകയും വര്‍ധിപ്പിച്ചിരുന്നു. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 കോടി രൂപയാണ് ലഭിക്കുക.

സെപ്റ്റംബര്‍ 18 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ഏജന്റുമാര്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന അവസാനിച്ചു. വില്‍പ്പനക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് നാളെ ഉച്ച വരെ ടിക്കറ്റ് വാങ്ങാം.

ഇത്തവണ ആദ്യം 65 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചിരുന്നു. നറുക്കെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അച്ചടിച്ചതില്‍ 1.04 ലക്ഷം ടിക്കറ്റ് മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇക്കുറി തിരുവോണം ബമ്പര്‍ ഭാഗ്യശാലിക്കായി കാത്തിരിക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക.

രണ്ടാം സമ്മാനം 5 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനം. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.ടിക്കറ്റെടുക്കുന്നവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം എന്ന നിലയില്‍ ആകെ നാല് ലക്ഷത്തോളം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്.

12 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 54 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ തവണ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയിരുന്നു.ഒരാഴ്ച്ചക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് വില്‍പനയായിരുന്നു ഇക്കുറി ഓണം ബമ്പറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. ഫ്‌ളൂറസന്റ് മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എന്ന പ്രത്യേകതയുമുണ്ട്.


Summary: Record sales for Onam bumper lottery Kerala.