ശ്വാസം അടക്കി, വീർപ്പുമുട്ടി ആയിരങ്ങൾ ഗ്യാലറിയിൽ… ഒടുവിൽ… ഗോൾൾൾൾ…; കൊയിലാണ്ടിയെ കാൽപ്പന്തുകളിയുടെ ആവേശക്കൊടുമുടിയേറ്റി ‘കൊയിലാണ്ടി കപ്പ്’ ഫുട്ബോൾ ടൂർണമെന്റ്


കൊയിലാണ്ടി: വീർപ്പടക്കി പിടിച്ച്, ശ്വാസം അടക്കി പിടിച്ച് കൊയിലാണ്ടിയിരിക്കുന്ന നിമിഷത്തിൽ അതാ…. ഗോൾൾൾൾൾ… ഭൂമി കുലുങ്ങുന്നു, ആവേശം ഇരമ്പുന്നു… കാൽപന്ത് കളിയുടെ ആവേശ കാഴ്ചകളുടെ പെരും പോരാട്ടങ്ങളുടെ വസന്ത കാലത്തിനു കൊയിലാണ്ടിയിൽ ആരംഭം. മോസ്‌കോ കൊയിലാണ്ടിയുടെ ഒന്നാമത് അഖിലേന്ത്യ ഫൈവ്സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ‘കൊയിലാണ്ടി കപ്പ്’ ആണ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആവേശോജ്ജ്വലമായ ആരംഭിച്ചത്.

ഇന്ന് വൈകുന്നേരം കാനത്തിൽ ജമീല എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റഗ്രാം താരം സല്‍മാന്‍ കുറ്റികോട് കിക്ക് ഓഫ് ചെയ്യാൻ കളത്തിൽ ഇറങ്ങിയപ്പോൾ ആരവങ്ങൾക്ക് ഇരട്ടി ശബ്ദം. ആയിരത്തോളം കാണികളാണ് ഇന്ന് കളി കാണാനായി ഗ്രൗണ്ടിൽ എത്തിയത്.

കാൽപ്പന്തു കളിയിലെ പ്രഗത്ഭരായ മത്സരാർത്ഥികളുടെ പതിനാറു ടീമുകളാണ് കളികളത്തിലിറങ്ങുക. ഇന്ന് ആരംഭിച്ച ആവേശപ്പോരാട്ടത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയും ട്രോഫിയും ആണ്. റണ്ണേഴ്‌സിന് അന്‍പതിനായിരം രൂപയും നല്‍കും.

കെ.ഷിജു അധ്യക്ഷത വഹിച്ചു. വി.വി.സുധാകരൻ, എ.അസീസ്, വായനാരി വിനോദ് എന്നിവർ സംസാരിച്ചു. പി.കെ.ഭരതൻ സ്വാഗതം പറഞ്ഞു.