ബന്ധുവീട്ടിലെത്തി സ്ഥലം കാണാന്‍ കറങ്ങിയത് തീരാവേദനയായി; ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചതിന്റെ നോവില്‍ നാട്ടുകാര്‍


ചാത്തമംഗലം: ചാത്തമംഗംലം ചെത്തുകടവ് കുഴിമണ്ണില്‍ കടവില്‍ അമ്മയും മകളും ബന്ധുവിന്റെ മകനും മുങ്ങിമരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. ചാത്തമംഗലം പിലാശേരിയിലെ പുളിക്കമണ്ണ് കടവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ഇന്നലെ മുങ്ങിമരിച്ചത്. കാരിപറമ്പത്ത് മിനി, ആതിര, പന്ത്രണ്ടുവയസുകാരന്‍ അദ്വൈത് എന്നിവരാണ് മരിച്ചത്.

അദ്വൈതിന്റെ അമ്മ സനൂജയെ രക്ഷപ്പെടുത്തി. മിനിചാത്തന്‍കാവ് കാരിപ്പറമ്പത്ത് മിനിയും മകള്‍ ആതിരയും മകനും ബന്ധുവായ ഷൈജുവിന്റെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. വീട്ടിലെത്തി ബന്ധുക്കളുമായുള്ള സംസാരത്തിനും ഭക്ഷണത്തിനുംശേഷം സ്ഥലം കാണാനും കുറച്ചുനേരം സംസാരിക്കാനുമായി ഷൈജുവിന്റെ ഭാര്യ സനൂജയും മകന്‍ അദ്വൈതും സഹോദരിയുംകൂടി പുഴക്കരയിലേക്കു പോകുകയായിരുന്നു. കുടുംബമെത്തിയ സന്തോഷത്തില്‍ ആവേശഭരിതനായ അദ്വൈത് പുഴക്കരയിലൂടെ നടന്നുനീങ്ങവെ കാല്‍ തെറ്റി പുഴയിലേക്കു വീഴുകയായിരുന്നു.

ചളിനിറഞ്ഞ ഭാഗമായതിനാല്‍ താഴ്ന്നുപോയി. മകന്‍ വീണതുകണ്ട് സനൂജ മകനെ രക്ഷിക്കാന്‍ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. സനൂജയെ കാണാത്തതിനെത്തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മിനിയും ആതിരയും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ചളിയില്‍ ആണ്ടുപോകുകയായിരുന്നു. ആതിരയുടെ മകന്റെയും അദ്വൈതിന്റെ സഹോദരിയുടെയും കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്.

സനൂജയെ പുറത്തെടുത്ത് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. വെള്ളിമാടുകുന്നില്‍നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.