‘രോമത്തോടൊപ്പം തൊലി പൊള്ളിയടര്‍ന്ന് വീഴുമ്പോഴും ദൈവത്തിന്റെ പകര്‍ന്നാട്ടക്കാരന് വേദനിക്കാന്‍ അവകാശമില്ല” തിറയാട്ടത്തെക്കുറിച്ച് രഞ്ജിത് ടി.പി.അരിക്കുളം എഴുതുന്നു
രഞ്ജിത് ടി.പി.അരിക്കുളം
നാരയണേട്ടാ ഇന്നത്തെ കുഞ്ഞിക്കോരന്റെ
തെറ ഒരു കാട്ടിക്കൂട്ടലായ്‌നും ലേ….?
അത്ള്ളത് തന്ന്യാ ഭാസ്‌കരാ
ഓനൊന്നും കളിച്ചിക്കില്ല… കയിഞ്ഞ കൊല്ലം നല്ലണം കളിച്ചിനും… പിന്നെ ഓന് ഇച്ചിരി വയസും ല്ലേ….
പണ്ട് കാലത്ത് ഉത്സവ പറമ്പിലെ ആള്‍ക്കൂട്ട തിരക്കില്‍ നിന്നും കൊയ്ത്തു കഴിഞ്ഞ വയല്‍ വരമ്പിലൂടെ ചൂട്ട് വെളിച്ചത്തില്‍ പലരും പലവഴി പിരിയുമ്പോള്‍ കേള്‍ക്കുന്ന സംഭാഷണങ്ങള്‍….. തിറ നമുക്ക് അത് ദൈവത്തിന്റെ പ്രതിരൂപമാണ്. അത് കൊണ്ട് തന്നെ തിറ കെട്ടിയവന്‍ ഉറഞ്ഞാടണം, തീക്കനലില്‍ നൃത്തം ചെയ്യണം, കനല്‍ വാരി എറിയണം അങ്ങിനെ തിറയാട്ടത്തിന്റെ പേരിനനുസരിച്ച് കാണികളെ ഭക്തിയുടെ ആനന്ദലഹരിയില്‍ ത്രസിപ്പിക്കുന്ന ചുവടുകള്‍ വെക്കണം, മുഖത്ത് വിവിധ ഭാവങ്ങള്‍ വിടരണം.
പക്ഷെ പലപ്പോഴും വേനല്‍ ചൂടിലും, തീ പന്തങ്ങളുടെ പുകയിലും ഉരുകിയൊലിക്കുന്ന തെയ്യം കലാകാരനെ കുറിച്ച് നമ്മള്‍ ഓര്‍ക്കാറില്ല. രോമ സുഷിരങ്ങള്‍ അടച്ച് നിറങ്ങളും, ചാന്തും തേച്ച് പിടിപ്പിച്ച മുഖവും ശരീരവുമായി ചമയങ്ങള്‍ അഴിഞ്ഞു പോവാതിരിക്കാന്‍ രക്തയോട്ടം നിലച്ചുപോവുന്ന തരത്തില്‍ വലിച്ചു മുറുക്കുന്ന കച്ചയുമായി, ചിലമ്പുകള്‍ കാലിലെ നടുവിരലില്‍ കൊളുത്തി പിടിച്ച് നിറഞ്ഞാടുമ്പോള്‍ ഉള്ളില്‍ അഗ്‌നിപര്‍വ്വതം എരിയുന്നുണ്ടാവണം.
തീ ചാമുണ്ടിപോലുള്ള തിറയാട്ടങ്ങളില്‍ കനലും തീയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുന്നുണ്ട്. ചിലപ്പോള്‍ പുക ശ്വസിച്ച് ശ്വാസം നിലച്ചുപോവാറുണ്ട്, ചിലമ്പുകള്‍ ചിലപ്പോള്‍ കാലില്‍ മുറിവേല്‍പ്പിക്കാറുണ്ട്. രോമത്തോടൊപ്പം തൊലി പൊള്ളിയടര്‍ന്ന് വീഴുമ്പോഴും ദൈവത്തിന്റെ പകര്‍ന്നാട്ടക്കാരനായ കലാകാരന് വേദനിക്കാന്‍ അവകാശമില്ല. അരുളപ്പാടുകള്‍ക്കിടയിലെ അട്ടഹാസങ്ങളില്‍ തിറയാട്ടക്കാരന്റെ വേദന ചെണ്ടയുടെ രൗദ്രതയില്‍ അലിഞ്ഞു പോവുന്ന താളം മാത്രമാവുന്നു. നിറഞ്ഞാട്ടത്തിനിടയില്‍ അപകടം സംഭവിച്ചാലും തെയ്യക്കാരന്റെ വൃതശുദ്ധി ചോദ്യം ചെയ്യുന്നവരാണധികവും.
കണ്ടനാര്‍ കേളന്‍,
ഉച്ചിട്ട
ബപ്പിരിയന്‍
മാരണ ഗുളികന്‍,
തീക്കുട്ടി,
ഘണ്ഡാ കര്‍ണ്ണര്‍,
കരിങ്കുട്ടി, അങ്ങനെ നിരവധി ഭാവ വേഷ പകര്‍ച്ചകള്‍ക്ക് വേണ്ടി മണിക്കൂറുകളോളം അണിയറയില്‍ ഒരുക്കങ്ങള്‍, മുഖത്തെഴുത്ത്. ഏതൊരു കലയെയും പോലെ തിറയാട്ടത്തിന് പിന്നിലും കഠിനാദ്ധ്വാനമുണ്ട്. പഴയ കാലത്ത് ദിവസങ്ങള്‍ നീണ്ട കെട്ടിയാട്ടത്തിന് ശേഷം അര്‍ഹമായ പ്രതിഫലം കിട്ടാതെ കണ്ണീരു വീണു നനഞ്ഞ അതേ ക്ഷേത്ര നടയില്‍ ഇന്നത്തെ കെട്ടിയാട്ടങ്ങള്‍ ഒരു പാട് മാറിയിരിക്കുന്നു.
വണ്ണാന്‍മാരുടെയും മുന്നൂറ്റന്‍മാരുടെയും ഉപജീവനം കൂടിയാണ് തിറയാട്ടങ്ങള്‍.പഴയ കാലത്ത് തിറ കെട്ടുന്ന ആളുടെ പേര് പോലും പലരും ശ്രദ്ധിക്കാറില്ല.പക്ഷെ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ തെയ്യം കലാകാരന്‍മാര്‍ തിരിച്ചറിയപ്പെടുന്നു.
ഇനി തിറകളുടെ കാലമാണ്. ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ അവശതയിലും പകര്‍ന്നാടിയ കലാകാരന്‍മാരുടെ പഴയ കാലത്തില്‍ നിന്നും സമ്പന്നതയുടെ പുതിയ കാലഘട്ടത്തിലേക്ക് നടന്നു കയറുമ്പോഴും അവരിപ്പോഴും ദൈവങ്ങള്‍ തന്നെയാണ്.. അകമെരിയുന്നത് പുറം അറിയാതിരിക്കാന്‍ മുഖത്ത് നിറക്കൂട്ടുകള്‍ തേച്ച് പിടിപ്പിച്ച ദൈവങ്ങള്‍….