പ്രപഞ്ച പരിത്യാഗം: സൃഷ്ടാവിലേക്കടുക്കാനുള്ള മാധ്യമം | റമദാൻ സന്ദേശം 12 – എം.പി.തഖിയുദ്ധീൻ ഹൈതമി എഴുതുന്നു


Advertisement

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

ഭൗതിക ഭ്രമങ്ങളിൽ നിന്നും ഹൃദയത്തെ ഒഴിപ്പിച്ചെടുക്കലും അല്ലാഹുവിനോടുള്ള അനുരാഗം കൊണ്ട് ഹൃദയം നിറഞ്ഞു നിൽക്കലുമാണ് സുഹ്ദ് അഥവാ പ്രപഞ്ച പരിത്യാഗം എന്നു പറയുന്നത്.സത്യവിശ്വാസികൾ പരിത്യാഗികളായിരിക്കൽ അനിവാര്യമാണ്.എന്നാൽ ഇതുകൊണ്ട് ധനത്തോടുള്ള ആഴമേറിയ ഭ്രമം ഒഴിവാക്കുക എന്ന ലക്ഷ്യമേയുള്ളൂ.അല്ലാതെ സമ്പത്ത് ഒട്ടും ഇല്ലാതിരിക്കുന്ന അവസ്ഥയല്ല.

Advertisement

നാം ജീവിക്കുന്ന ഇഹലോകം ശാശ്വതമായ വാസസ്ഥലമല്ലെന്നും പരലോക ജീവിതമാണ് അനശ്വരമെന്നും ഒരാൾക്ക് മനസ്സിലായി കഴിഞ്ഞാൽ പരലോക സൗഭാഗ്യത്തിനായിരിക്കും അവൻ മുൻഗണന നൽകുക.ഇഹലോക ജീവിതത്തെ ഒരു ഇടത്താവളമായി മാത്രമേ അവൻ കാണുകയുള്ളൂ.അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ഇഹലോകത്തെ ആഡംബരങ്ങൾക്കും സമ്പത്തിനും പ്രാധാന്യമർപ്പിച്ചുകൊണ്ടുള്ള ജീവിതം അവനിൽ നിന്നുണ്ടാവുകയില്ല.

Advertisement

മഹാനായ ഇബ്നു സമ്മാക് (റ) ഒരിക്കൽ ഖലീഫ ഹാറൂൺ റഷീദിന്റെ അടുക്കലേക്ക് കടന്നുചെന്നു.തന്റെ കയ്യിൽ ഒരു ഗ്ലാസ് വെള്ള മുണ്ടായിരുന്നു.അപ്പോൾ ഇബ്നു സമ്മാക് (റ) ഖലീഫയോട് ചോദിച്ചു;ദാഹിക്കുന്ന സമയത്ത് ഈ ഒരു ഗ്ലാസ് വെള്ളം നിങ്ങൾക്ക് തടയപ്പെടുന്ന സാഹചര്യം വന്നാൽ എത്ര ധനം കൊടുത്താണ് അതിനെ നിങ്ങൾ പകരമാക്കാൻ ശ്രമിക്കുക?അദ്ദേഹം പറഞ്ഞു; എൻ്റെ സാമ്രാജ്യത്തിന്റെ പകുതി വരെ നൽകാൻ ഞാൻ തയ്യാറാണ്.ഇബ്നു സമ്മാക് (റ) വീണ്ടും ചോദിച്ചു; ഈ വെള്ളം ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ സ്വാഭാവികമായും അത് മൂത്രമായി മാറും. എന്തെങ്കിലും രോഗം ബാധിച്ച് ആ മൂത്രം പുറത്തുപോകാത്ത ഘട്ടത്തിൽ അത് പുറത്തു പോകാൻ നിങ്ങൾ എന്ത് ചെലവഴിക്കും?

Advertisement

അദ്ദേഹം മറുപടി പറഞ്ഞു; എന്റെ ഈ സാമ്രാജ്യം മുഴുവൻ നൽകാൻ ഞാൻ തയ്യാറാവും.അപ്പോൾ ഇബ്നു സമ്മാക് (റ) അദ്ദേഹത്തോട് പറഞ്ഞു; “ഒരു ഗ്ലാസ് വെള്ളത്തിന്റെയും അല്പം മൂത്രത്തിന്റെയും മാത്രം വിലയുള്ള അങ്ങയുടെ സാമ്രാജ്യത്തിന് പിന്നെ എന്തു വില? ഈ സാമ്രാജ്യത്തിന് വേണ്ടിയല്ലേ അങ്ങ് ജീവിതം മുഴുവൻ അർപ്പിച്ചത്”.ഇതുകേട്ടപ്പോൾ ഖലീഫ ഹാറൂൺ റഷീദ് കരഞ്ഞുപോയി.

നമുക്ക് എതെല്ലാം വിധത്തിലുള്ള സുഖാഡംബരങ്ങൾ വന്നു ചേർന്നാലും അതിനിടയിൽ നിന്നെല്ലാം പ്രപഞ്ച സൃഷ്ടാവിനെ കണ്ടെത്താനുള്ള വഴികളാണ് സത്യവിശ്വാസി തേടേണ്ടത്.


മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…