‘ഉമ്മയില്ലാത്ത ആദ്യത്തെ റമദാൻ കടന്നു പോകുമ്പോൾ മനസ്സിൽ ഓർമ്മകളുടെ കടലിരമ്പമാണ്…’; പട്ടിണിക്കാലത്തെ നോമ്പോർമ്മയെഴുതുന്നു, മേപ്പയ്യൂരിലെ കെ.എം.എ.ഖാദർ
കെ.എം.എ.ഖാദർ, മേപ്പയൂർ
നന്നെ ചെറുപ്പം മുതൽ നോമ്പെടുക്കുന്നത് ശീലമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന എനിക്ക് 12 – 13 വയസ് ഉണ്ടായിരുന്ന 80 കാലഘട്ടം. ഒരു നോമ്പ് ദിവസം വൈകീട്ട് ഉമ്മ പറഞ്ഞു, മോൻ പോയി നോമ്പ് തുറക്കാൻ വല്ലതും വാങ്ങിച്ചിട്ടു വാ എന്ന്.
ഉമ്മ ഉദ്ദേശിച്ചത് വല്ല ബിസ്കറ്റോ റൊട്ടിയോ ആണ്.
ഞാനും കൂട്ടുകാരൻ അബ്ദുല്ലയും കൂടി അഞ്ച് മിനുട്ട് നടന്നാൽ എത്തുന്ന ഞങ്ങളുടെ അങ്ങാടിയിലേക്ക് പോയി. ഉമ്മ തന്ന ചില്ലിക്കാശിന് കോല് മിഠായി വാങ്ങി. തിരിച്ചു വീട്ടിലെത്തി ഉമ്മാക്ക് നീട്ടി. പിന്നെയൊരു ഇടി മുഴക്കവും പെരുമഴയും ആയിരുന്നു.
ഞാനും അബ്ദുള്ളയും എന്തെന്നറിയാതെ തരിച്ചുനിന്നു. നോമ്പ് തുറക്കുന്നത് മിഠായികൊണ്ടാണോ , “വല്ല ബിസ്കറ്റോ റൊട്ടിയോ കിട്ടിയില്ലേ നിങ്ങൾക്ക്?” എന്ന് ഉമ്മ വളരെ ഗൗരവത്തിൽ ചോദിച്ചു. കോലായിൽ ചിതറികിടക്കുന്ന മിഠായി പെറുക്കിയെടുത്ത് ഞങ്ങൾ വീണ്ടും കടയിലേക്ക് പോയി. മിഠായികൾ തിരിച്ചു കടക്കാരന് കൊടുത്തിട്ട് സംഭവം പറഞ്ഞു.
കടക്കാരൻ പുഞ്ചിരിച്ചു കൊണ്ട് തൊട്ടടുത്ത ബേക്കറി കാണിച്ചു തന്നു. അവിടെ ചെന്ന് റൊട്ടിയോ ബിസ്കറ്റോ വാങ്ങി വേഗം ഉമ്മാക്ക് കൊണ്ടു കൊടുക്കാൻ പറഞ്ഞു.
കട്ടൻ ചായയും ബ്രഡും കൂട്ടി നോമ്പ് തുറന്നിരുന്ന ഒരു കാലമായിരുന്നു അത്. ഇന്നത്തെ പോലെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിച്ച് ബാക്കിയുള്ളത് കളയുന്ന കാലമല്ലായിരുന്നു. ഇഷ്ടഭക്ഷണം ഒരു നേരമെങ്കിലും കഴിക്കാൻ മനസ്സിൽ ആശ വെച്ച് നോമ്പ് നോറ്റിരുന്ന ഒരു കാലം!
ഉമ്മയില്ലാത്ത ആദ്യത്തെ റമദാൻ ഈ വർഷം കടന്നു പോകുമ്പോൾ ഓർമ്മകളുടെ ഒരു കടലിരമ്പമാണ് മനസ്സിൽ.
നീണ്ട കാലമായി തുടരുന്ന പ്രവാസത്തിലൂടെ ജീവിതത്തിൽ അത്യാവശ്യം സൗകര്യങ്ങൾ ആയെങ്കിലും ഓരോ റമദാൻ വരുമ്പോഴും അന്നത്തെ ആ വറുതിയുടെ നോമ്പ് കാലം മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.