സുരക്ഷാ മുന്‍കരുതലെന്ന് റെയില്‍വേ വിശദീകരണം; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വടക്ക് ഭാഗം മാരാംമുറ്റം റെയില്‍വേ പാതയോരം അടച്ചു


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ വടക്കു ഭാഗം മാരാം മുറ്റം റോഡില്‍നിന്ന് റെയില്‍വേ പാതയോരം വഴി പന്തലായനി ഗവ എച്ച്.എസ്.എസ്സിലേക്ക് പോകുന്ന വഴി അടച്ചു. സുരക്ഷാ മുന്‍കരുതലെന്ന് വിശദീകരണം നടത്തിയാണ് കഴിഞ്ഞ ദിവസം റെയില്‍വേയുടെ നേതൃത്വത്തില്‍ സംരക്ഷണ വേലി സ്ഥാപിച്ചത്.

പുതുവത്സര ദിനത്തില്‍ കോഴിക്കോട് കോഴിക്കോട് ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കിലുണ്ടായ അപകടത്തില്‍ യുവാവ് മരിക്കാനിടയാക്കിയ സാഹചര്യത്തെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടിക്ക്                        ഒരുങ്ങുന്നതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കൂടാതെ റെയില്‍വേ പാതയോരത്തിലൂടെ അനധികൃതമായ രീതിയില്‍ ഇരുചക്രവാഹനങ്ങളും കാറുകളും ഓടിച്ചു കൊണ്ടു പോകുന്നതിനെതിരെ റെയില്‍വേ അധികൃതര്‍ കര്‍ശന നടപടിയെടുക്കുന്നുണ്ട്.

മാരാം മുറ്റം റോഡില്‍നിന്ന് റെയില്‍വേ പാതയോരം റൂട്ടിലൂടെ നിരന്തരം ഒട്ടെറെ പേര്‍ സഞ്ചരിക്കുന്ന വഴിയാണ് സുരക്ഷാ കാരണങ്ങളാല്‍ റെയില്‍വേ അടച്ചത്.  ഈ വഴിയിലൂടെ ഇരു ചക്രവാഹനങ്ങള്‍ക്ക് പോകാമായിരുന്നു. റെയില്‍വേ പാതയോട് ചേര്‍ന്നുളള ഈ വഴിയില്‍ കൂടി പോയാല്‍ കൊയിലാണ്ടി ടൗണിലെ തിരക്ക് ഒഴിവാക്കി ഏകദേശം കൊല്ലം വരെ എത്താന്‍ കഴിയുമായിരുന്നു.

പാതയോരത്തിലൂടെ ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ പാളത്തിന് അപ്പുറത്തെത്താന്‍ വാഹനം റെയില്‍വേ പാളത്തിലേക്ക് ഓടിച്ചു കയറ്റാന്‍ ശ്രമിച്ചേക്കുമെന്ന കാരണത്താലാണ് റെയില്‍വേ ഇതു വഴിയുളള ഗതാഗതം തടഞ്ഞത്.

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനെതിരെയും റെയില്‍വേ സംരക്ഷണ വിഭാഗം ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റെയില്‍വേ ട്രാക്കിലൂടെ സഞ്ചരിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കാനും നടപടിയുണ്ട്.