കോഴിക്കോട് ജില്ലയില്‍ ഇന്നും ശക്തമായ മഴ; കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലടക്കം പലയിടങ്ങളിലും വെള്ളക്കെട്ട്


കോഴിക്കോട്: ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ പലയിടത്തും വെള്ളക്കെട്ട്. കൊയിലാണ്ടി, താമരശ്ശേരി, പേരാമ്പ്ര ഭാഗങ്ങളിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്.

മഴയില്‍ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കോഴിക്കോട് കല്ലങ്കല്‍ ദേശീയപാതയിലും മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായി. കോഴിക്കോട് നഗരത്തില്‍ ഇടിമിന്നലോടുകൂടിയ മഴയാണ് പെയ്തത്. ഒപ്പം ശക്തമായ കാറ്റുമുണ്ടായിരുന്നു.

ആനക്കാംപൊയിലിലും മഴ ശക്തമാണ്. ഇവിടെ പലഭാഗങ്ങളിലും പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെയും ജില്ലയിലെ മിക്കയിടങ്ങളും ഉച്ചയോടെ ശക്തമായ മഴ പെയ്തിരുന്നു.