നിറചിരിയുമായി ഇനി റഹ്മാനിക്ക ഇല്ല; റഹ്മാനിയ സ്റ്റോറുടമ റഹ്മാന് വിട നൽകി പുറക്കാട്
പയ്യോളി: റഹ്മാനിയ സ്റ്റോറുടമ റഹ്മാന്റെ മരണത്തോടെ പുറക്കാടുകാർക്ക് നഷ്ടമായത് അവരുടെ പ്രിയപ്പെട്ട റഹ്മാനിക്കയെയാണ്. നാട്ടുകാരുടെ ആവശ്യങ്ങളറിഞ്ഞ് അതെല്ലാം തന്റെ കടയിലെത്തിച്ച് നാട്ടുകാർക്കൊപ്പം നിലനിന്നിരുന്ന വ്യക്തിത്വത്തെയാണ് റഹ്മാന്റെ മരണത്തോടെ നാട്ടുകാർക്ക് നഷ്ടമായത്.
ബ്ലോസം ബേക്കറിയിൽ നിന്ന് തുടങ്ങിയതാണ് റഹ്മാന്റെ കച്ചവടം, അത് റഹ്മാനിയ സ്റ്റോറുവരെ എത്തി. മാസികകളും കഥാ പുസ്തകങ്ങളും ഇലട്രോണിക് ഉപകരണങ്ങളും ഫിറ്റിംഗ്സും അത്യാവശ്യ രോഗങ്ങൾക്കുള്ള മരുന്നുകൾ പോലും സ്റ്റോക്ക് ചെയ്ത് ആകാവുന്ന രൂപത്തിൽ ബ്യൂട്ടിഫിക്കേഷൻ നടത്തിയാണ് അദ്ദേഹം കച്ചവടം മുന്നോട്ട് കൊണ്ടുപോയത്.
എന്തെങ്കിലും സാധനത്തിനായെത്തുന്നവരോട് ഇല്ല എന്ന് പറയാൻ മടിയായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ വറൈറ്റി വിഭവങ്ങൾ കൊണ്ട് സുഭിക്ഷമായിരുന്നു റഹ്മാനിയ സ്റ്റോർ. പൊടി മൺ റോഡിൽ മൂക്ക് പൊത്തി നടത്തിയ കച്ചവട നാളിൽ, ഇടത് പക്ഷ നിലപാടും രാഷ്ട്രീയ വർത്തമാനവും പറഞ്ഞ് നിറചിരിയായി നിന്ന വ്യാപാര പ്രമുഖനായിരുന്നു അദ്ദേഹം.