പരാതികളും അഭിപ്രായങ്ങളും അറിയിക്കാം, വിരൽത്തുമ്പിലൂടെ; കൊയിലാണ്ടി താലൂക്ക് ഓഫീസിലും 31 വില്ലേജ് ഓഫീസുകളിലും ക്യു.ആർ കോഡ് സംവിധാനം ഉടൻ, കേരളത്തിൽ ആദ്യം’


കൊയിലാണ്ടി: സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല, താലൂക്ക്- വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട നിങ്ങളുടെ പരാതികളും അഭിപ്രായങ്ങളും ഇനി വിരല്‍ തുമ്പിലൂടെ അറിയിക്കാം. സ്മാര്‍ട്ട് ഫോണുകളിലൂടെ സ്‌കാന്‍ ചെയ്യാവുന്ന ക്യൂആര്‍ കോഡ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

കൊയിലാണ്ടി താലൂക്ക് ഓഫീസിലും ഇതിന് കീഴിലുള്ള 31 വില്ലേജ് ഓഫീസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തും. അഞ്ച് ദിവസത്തിനുള്ളില്‍ പരാതിക്കാരന് മറുപടി ലഭിക്കുന്ന രീതിയിലാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

താലൂക്ക് ഓഫീസിനെയും വില്ലേജ് ഓഫീസുകളെയും കുറിച്ചുള്ള ഏതു തരത്തിലുമുള്ള പരാതികളും അഭിപ്രായങ്ങളും, സമൂഹത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഈ സംവിധാനത്തിലൂടെ തഹസില്‍ദാരുടെ ശ്രദ്ധയില്‍പെടുത്താം. ജീവനക്കാരെ കുറിച്ചുള്ള പരാതികളും ഇതിലൂടെ അറിയിക്കാം.

താലൂക്ക് ഓഫീസിലെയും വില്ലേജ് ഓഫീസുകളിലെയും നിലവിലെ ഫയലിനെ കുറിച്ചുള്ള വിവരങ്ങളും ഈ സംവിധാനത്തിലൂടെ ആരായാവുന്നതാണ്. ബന്ധപ്പെട്ട ഓഫീസിനെ കുറിച്ചുള്ള അഭിപ്രായം നല്ലത്, ശരാശരി ,മോശം എന്നീ മൂന്ന് ഓപ്ഷനിലൂടെ രേഖപ്പെടുത്താനും ഈ സംവിധാനത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാന്‍ താലൂക്ക് ഓഫീസിലെ ഹെഡ് ക്വോര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്തത്തില്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലും രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ഓഫീസാണ് കൊയിലാണ്ടി താലൂക്ക് ഓഫീസെന്ന് തഹസില്‍ദാര്‍ സി.പി മണി പറഞ്ഞു.