പത്തുവര്‍ഷത്തിലേറെയായുള്ള പരിശ്രമം ഫലം കണ്ടു; മിസ്റ്റര്‍ സൗത്ത് ഇന്ത്യയില്‍ രണ്ടാം സ്ഥാനം നേടി പുളിയഞ്ചേരി സ്വദേശി


പുളിയഞ്ചേരി: ബോഡി ബില്‍ഡിങ് എന്നത് ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് നേടിയെടുക്കാവുന്ന ലക്ഷ്യമല്ല, അതൊരു സമര്‍പ്പണമാണ്, ക്ഷമയോടും നിശ്ചയദാര്‍ഢ്യത്തോടും വര്‍ഷങ്ങള്‍ പരിശ്രമിച്ചാല്‍ മാത്രം എത്തിപ്പിടിക്കാവുന്ന നേട്ടം. പുളിയഞ്ചേരി സ്വദേശിയായ അരുണ്‍കുമാര്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഈയൊരു പരിശ്രമത്തിലാണ്. ഇപ്പോള്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യ രണ്ടാം സ്ഥാനംനേടിക്കൊണ്ട് ആ പരിശ്രമം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അമച്വര്‍ ബോഡി ബില്‍ഡിങ് ഫിറ്റ്‌നസ് അസോസിയേഷന്‍ കാട്പാടിയില്‍ വെച്ചു നടത്തിയ മത്സരത്തിലാണ് അരുണ്‍കുമാര്‍ രണ്ടാം സ്ഥാനത്തെത്തിയത്.

കുട്ടിക്കാലം മുതലേ ബോഡി ബില്‍ഡിങ്ങിനോട് ഏറെ താല്‍പര്യമായിരുന്നു അരുണിന്. കുടുംബവും ഒപ്പം നിന്നതോടെ പരിശീലനവും തുടങ്ങി. കൊയിലാണ്ടി മാര്‍ക്കറ്റിനടുത്തുള്ള ഫിറ്റ്‌നസ് ടൈമില്‍ ജീവന്‍ എന്ന പരിശീലകനു കീഴിലാണ് അരുണ്‍കുമാര്‍ പരിശീലനം നേടുന്നത്. കഴിഞ്ഞവര്‍ഷം മിസ്റ്റര്‍ കാലിക്കറ്റ് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ വര്‍ഷം മിസ്റ്റര്‍ കാലിക്കറ്റ്, മിസ്റ്റര്‍ മലബാര്‍ മത്സരങ്ങള്‍ അടുത്തമാസം വരാനിരിക്കുന്നുണ്ട്. പുതിയ നേട്ടം ഈ മത്സരങ്ങളില്‍ മികച്ച വിജയം നേടാന്‍ കരുത്താകുമെന്നാണ് അരുണ്‍കുമാറിന്റെ പ്രതീക്ഷ.

പുളിയഞ്ചേരി നെല്ലൂളി അച്യുതന്‍നായരുടെയും ഇന്ദിരയുടെ മകനാണ് അരുണ്‍കുമാര്‍.