ഭാഗവതത്തിലെ ബ്രഹ്‌മസ്തുതി ആലപിച്ചു; ആദ്യമായി സംസ്ഥാന തല മത്സരത്തില്‍ എ ഗ്രേഡ് നേടി തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ശിവഗംഗ നാഗരാജ്


തിരുവങ്ങൂര്‍: സബ് ജില്ലാ- ജില്ലാ കലാസാഹിത്യ മത്സങ്ങളില്‍ പലതവണ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി സംസ്ഥാന തല മത്സരത്തില്‍ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ശിവഗംഗ നാഗരാജ്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലല്‍ മത്സരത്തില്‍ പങ്കെടുത്ത ശിവഗംഗ എ ഗ്രേഡോടെയാണ് മടങ്ങുന്നത്.

വേദവ്യാസന്‍ രചിച്ച ഭാഗവതത്തിലെ ബ്രഹ്‌മസ്തുതി എന്ന ഭാഗമാണ് ആലപിച്ചത്. കാവ്യത്തിന്റെ
കഥാംശം അറിഞ്ഞു സന്ദര്‍ഭം ഉള്‍ക്കൊണ്ട് അതിന്റെ ഭാവഗരിമ നഷ്ടപ്പെടാതെ ആലപിക്കുക എന്നുള്ളതാണ് സംസ്‌കൃത കവിതലാപനത്തിനു വേണ്ട ഏറ്റവും വലിയ ഗുണം. മാത്രമല്ല കൃത്യമായ പദം മുറിക്കലുകളും
പദങ്ങളെ അന്വയിക്കുന്നതും വിധിനിര്‍ണയത്തില്‍ ശ്രദ്ധിക്കുന്നത്.

സംസ്‌കൃതം ആയതുകൊണ്ട് അതിന്റെ ഗരിമ നഷ്ടപ്പെടാതെ ഉച്ചാരണശുദ്ധി നിലനിര്‍ത്തി കൊണ്ട് ആലപിക്കുകയെന്നത് അല്പം കഠിനം തന്നെയാണ്. സന്ദര്‍ഭം കൃത്യമായി മനസ്സിലാക്കി അതിനുകൊടുക്കേണ്ട ആലാപനത്തിലെ വൈകാരികത, അമിത സംഗീതം കടന്നു വരാതിരിക്കുക എന്നുള്ളതൊക്കെ ഇതില്‍ ശ്രദ്ധിക്കേണ്ടതാണ്.

ആലാപനത്തില്‍ സന്ദര്‍ഭനുസരണമായി സംഗീതത്തില്‍ മിതത്വം പാലിക്കാനും ഭാവഭംഗി പകരാനും സംസ്‌കൃത അദ്ധ്യാപകനായ രജിലേഷ് പുത്രമണ്ണിലും സംഗീതഗുരുവായ പാലക്കാട് പ്രേംരാജ് മാഷുടെയും പരിശീലനം ശിവഗംഗയെ സഹായിച്ചിട്ടുണ്ട്.

പന്തലായനി കാട്ടുവയല്‍ നാഗരാജിന്റെയും ഷിജിനയുടെയും മകളാണ്. കുഞ്ഞനിയത്തി ശിവാംഗി നാഗരാജ്.