‘അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ല’; കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ഒളിമ്പ്യന്‍ പി.ടി.ഉഷ, പ്രതികരണം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെ (വീഡിയോ കാണാം)
പയ്യോളി: അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് പയ്യോളി സ്വദേശിനിയായ ഒളിമ്പ്യന്‍ പി.ടി.ഉഷ. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അവര്‍ അഗ്നിപഥിനുള്ള പരസ്യ പിന്തുണ പ്രകടിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെയാണ് പി.ടി.ഉഷ അഗ്നിപഥിനെ പിന്തുണച്ച് വീഡിയോ പുറത്തുവിട്ടത്.
അച്ചടക്കവും വിദ്യാഭ്യാസവുമാണ് ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങളെന്ന് പി.ടി.ഉഷ പറഞ്ഞു. അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസമില്ലാതെ നിങ്ങള്‍ക്കൊരു നല്ല പൗരനാവാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.
‘ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം നിങ്ങള്‍ക്കൊരു സൈനികനാവാനുള്ള അവസരം നല്‍കുകയാണ്. അഭിമാനമുള്ള ഇന്ത്യക്കാരനാകൂ… അഭിമാനമുള്ള അഗ്നിവീര്‍ ആകൂ… അത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതാണ്.’ -പി.ടി.ഉഷ വീഡിയോയില്‍ പറയുന്നു.
കര, നാവിക, വ്യോമസേനകളിലേക്ക് പ്രതിവര്‍ഷം 46,000 യുവാക്കളെ നാല് വര്‍ഷത്തേക്ക് വിന്യസിക്കുന്നതിനുള്ള പദ്ധതിയാണ് അഗ്നിപഥ്. പതിനേഴര വയസ്സു മുതല്‍ 21 വയസ് വരെയുള്ളവര്‍ക്കാണ് അവസരം. ഇങ്ങനെ വിന്യസിക്കപ്പെടുന്ന സൈനികരെ അഗ്നിവീരന്മാര്‍ എന്നാണ് പറയുക. സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. യൂണിഫോം സേനകളില്‍ താത്പര്യമുള്ള, എന്നാല്‍ അധിക കാലം ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത യുവാക്കള്‍ക്കായാണ് ഈ പദ്ധതി.
പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായവര്‍ക്കാണ് അവസരം. വൈദ്യ പരിശോധന, ശാരീരിക ക്ഷമത നിര്‍ദിഷ്ട യോഗ്യതകളെല്ലാം സേനകളിലേക്ക് നിലവില്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചായിരിക്കും. സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലനം അഗ്‌നിവീരന്മാര്‍ക്കും നല്‍കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആറ് മാസമാണ് പരിശീലന കാലാവധി.
വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്സിറ്റ് പാക്കേജ് നല്‍കും. ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാം. പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.
അതേസമയം പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ബിഹാറില്‍ ആരംഭിച്ച പ്രതിഷേധം നിമിഷങ്ങള്‍ക്കകമാണ് രാജ്യമാകെ ആളിക്കത്തിയത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ റിക്രൂട്ട്‌മെന്റിനെതിരേ രംഗത്ത് വരികയും ചെയ്തു. പെന്‍ഷനടക്കമുള്ള ആനുകൂല്യമില്ലാത്തതും താരതമ്യേന കുറഞ്ഞ ശമ്പളവും അഗ്നിവീരന്മാരുടെ ഭാവിയും ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധമിരമ്പുന്നത്. അഗ്നിപഥ് പദ്ധതി പൂര്‍ണമായി പിന്‍വലിക്കുകയോ നേരത്തേയുണ്ടായിരുന്ന റിക്രൂട്ട്‌മെന്റ് റാലികള്‍ പുനഃസ്ഥാപിച്ച് സ്ഥിരനിയമനം ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.