പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


കൊയിലാണ്ടി: പതിമൂന്ന് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തടവിന് പുറമെ ഒന്നേകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പൂനത്ത്‌ സ്വദേശി പാലവള്ളികുന്നുമ്മൽ വീട്ടിൽ മാധവനാണ് (58) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്.

2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇൻസ്ട്രുമെന്റ് ബോക്സ് എടുക്കാൻ സുഹൃത്തിന്റെ കൂടെ കുട്ടിയുടെ അച്ഛന്റെ വീട്ടിൽ പോയ സമയത്ത് കുട്ടിയെ പിന്തുടർന്നു വന്ന പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സ്കൂളിൽ നിന്ന് കൗൺസിലിങ്ങിന് അയച്ചപ്പോളാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. നേരത്തെ കുട്ടിയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി.

ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചത് സബ് ഇൻസ്‌പെക്ടർ സായൂജ് കുമാർ എ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ ഹാജരായി.