ഗുസ്തിതാരങ്ങളുടെ സമരപ്പന്തലിലെത്തിയ പി.ടി.ഉഷയെ തടഞ്ഞ് വിമുക്ത ഭടന്റെ പ്രതിഷേധം; മാധ്യമങ്ങളോട് മിണ്ടാതെ സ്ഥലംവിട്ട് പി.ടി.ഉഷ- വീഡിയോ കാണാം
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരപ്പന്തലിലെത്തി ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷയ്‌ക്കെതിരെ പ്രതിഷേധം. കൂടിക്കാഴ്ച കഴിഞ്ഞു മടങ്ങിയ പി.ടി.ഉഷയെ താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയവരില്‍ ഒരാള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. താരങ്ങളുടെ സമരത്തെ വിമര്‍ശിച്ച പി.ടി.ഉഷയുടെ നടപടി വിവാദമായ സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.
മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പി.ടി.ഉഷ പ്രതികരിച്ചില്ല. എന്നാല്‍ താരങ്ങള്‍ക്ക് എല്ലാ പിന്തുണയും അവര്‍ ഉറപ്പുനല്‍കിയതായി ഗുസ്തിതാരം ബജ്രംഗ് പുനിയ വ്യക്തമാക്കി.”തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും താനും ഒരു കായികതാരമാണെന്നും പിന്നീടാണ് മറ്റു നിലകളിലെത്തിയതെന്നും ഉഷ പറഞ്ഞു. ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് അവര്‍ ഉറപ്പുനല്‍കി.” ബജ്രംഗ് പുനിയ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷണെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് നാലുദിവസം പിന്നിട്ടിട്ടും തുടര്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വിഷയം സുപ്രീംകോടതിയില്‍ വീണ്ടും ഉന്നയിച്ചു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം അച്ചടക്കമില്ലായ്മയാണെന്നായിരുന്നു ഉഷയുടെ പരാമര്‍ശം.താരങ്ങള്‍ തെരുവിലല്ല പ്രതിഷേധിക്കേണ്ടതെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ കാത്തുനില്‍ക്കണമെന്നായിരുന്നു പി.ടി. ഉഷ പറഞ്ഞിരുന്നത്.എന്നാല്‍ ഉഷയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഗുസ്തി താരങ്ങള്‍ തന്നെ രംഗത്തെത്തി.
ഒരു സ്ത്രീ എന്ന നിലയില്‍ തങ്ങളെ പിന്തുണച്ചില്ലെന്നും ഉഷയുടെ നിലപാട് വേദനിപ്പിച്ചെന്നുമായിരുന്നു ഗുസ്തി താരം സാക്ഷി മാലിക് പ്രതികരിച്ചത്. കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ പി.ടി ഉഷയെ ഫോണ്‍ വിളിച്ചിരുന്നെന്നും എന്നാല്‍ എടുത്തില്ലെന്നും വിനേഷ് ഫോഗട്ടും വിമര്‍ശിച്ചിരുന്നു.
ലൈംഗിക ആരോപണമുന്നയിച്ച് ജന്ദര്‍മന്ദിറില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ സമരം ചെയ്ത് വരികയാണ് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെതിരെ ദല്‍ഹി പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.