‘രണ്ടായിരത്തോളം രോഗികളാണ് എത്തുന്നത്, എന്നാൽ പരിശോധിക്കാൻ എത്ര ഡോക്ടർമാരുണ്ട്’; രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് എതിരെ പ്രതിഷേധം


കൊയിലാണ്ടി: നാളുകളേറെയായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ കൊയിലാണ്ടി താലൂക്ക് ആശുപത്രി. ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ പ്രതിസന്ധിക്ക് ഇനിയും പരിഹാരം കണ്ടെത്താനായിട്ടില്ല. ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി.

‘2000 ത്തോളം രോഗികൾ ആണ് ദിനംപ്രതി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. എന്നാൽ പലപ്പോഴും ആവശ്യത്തിന് ഡോക്ടർ ഇല്ലാത്തത് രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഒ.പി വിഭാഗത്തിൽ ഒന്നോ, രണ്ടോ ഡോക്ടർമാർ മാത്രമാണുണ്ടാവുക.പ്രത്യേക വിഭാഗത്തിലാകട്ടെ 50, പേരെയും, 60 പേരെയുമാണ് ചികിൽസിക്കുക. ഇത് തന്നെ കാലത്ത് തന്നെ ഒ.പി. ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ്’ എന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. ആശുപത്രിയിലെക്കാവശ്യമായ ഡോക്ടർമാരെയും, അനുബന്ധ ജീവനക്കാരെയും ഉടൻ തന്നെ നിയമിക്കണമെന്ന് കൗൺസിലർമാർ കൂട്ടിച്ചേർത്തു.

ഇന്നും സ്പെഷ്യലൈസ്‌ഡ്‌ വിഭാഗത്തിൽ യാതൊരു ഓ.പി യും പ്രവർത്തിച്ചിരുന്നില്ല. ജനറൽ ഒ.പി മാത്രമാണുണ്ടായിരുന്നത്. ഇതുമൂലം ഏറെ കഷ്ടത്തിലാവുകയാണ് രോഗികൾ. ഇതിനെതിരെയാണ് കോൺഗ്രസ് സ്ഥലത്ത് ധർണ്ണ സംഘടിപ്പിച്ചത്.

പ്രതിപക്ഷ നേതാവ് സി രത്ന വല്ലി ഉദ്ഘാടനം ചെയ്തു. എ അസീസ്, വി.പി ഇബ്രാഹിംകുട്ടി, മനോജ് പയറ്റ് വളപ്പിൽ, രജീഷ് വെങ്ങളത്ത് കണ്ടി, അരീക്കൽ ഷീബ, അനിത, റഹ്മത്ത്, കെ.എം നജീബ്, സംസാരിച്ചു.