ഉണ്ണിയാര്‍ച്ചമാരും പെണ്‍പുലികളും പിന്നെ നൂറുകണക്കിന് സ്ത്രീകളും; കൊയിലാണ്ടി നഗരത്തിന് കാഴ്ചാവിരുന്നായി കുടുംബശ്രീയുടെ ഘോഷയാത്ര


കൊയിലാണ്ടി: കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലോത്സവത്തിന് മുന്നോടിയായി നഗരസഭയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലെയും സ്ത്രീകള്‍ അണിനിരന്ന ഘോഷയാത്ര സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കോതമംഗലം ജി.എല്‍.പി സ്‌കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്ര കലാപരിപാടികള്‍ അരങ്ങേറുന്ന ടൗണ്‍ ഹാളില്‍ അവസാനിച്ചു.

കൊയിലാണ്ടി നോര്‍ത്ത് സൗത്ത് എന്നീ രണ്ട് വിഭാഗങ്ങളില്‍ നിന്നായി 716 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. പലനിറങ്ങളിലുള്ള ബലൂണുകള്‍ പറത്തിയും കലാപരിപാടികള്‍ അവതരിപ്പിച്ചുമാണ് ഘോഷയാത്ര കടന്നുപോയത്. ഹരിതകര്‍മ്മസേന അംഗങ്ങളുടെ ഉണ്ണിയാര്‍ച്ചവും രണ്ട് പെണ്‍പുലികളുടെ പുലിക്കളിയും രസകരമായ കാഴ്ചയായി. ശിങ്കാരിമേളവും ഘോഷയാത്രയ്ക്ക് പകിട്ടേകി.

ഫെബ്രുവരി നാലിനാണ് കൊയിലാണ്ടി നഗരസഭയില്‍ കുടുംബശ്രീ രജതജൂബിലി കലോത്സവത്തിന് തുടക്കമായത്. ഫെബ്രുവരി നാലിന് സ്റ്റേജിതര മത്സരങ്ങളാണ് നടന്നത്. കോതമംഗലം ജി.എല്‍.പി.സ്‌കൂളില്‍വെച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്.

ഇന്ന് മുതല്‍ സ്റ്റേജിന മത്സരങ്ങള്‍ ആരംഭിക്കും. ഇ.എം.എസ് സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിക്കും. ഫെബ്രുവരി ഒമ്പതിനാണ് കലോത്സവം അവസാനിക്കുന്നത്.