ഭാര്യയെ അണുനാശിനി കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു; പൊലീസിന്റെ കണ്ണുവെട്ടിച്ച് കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ചടുലമായ നീക്കത്തില്‍ പിടികൂടി കൊയിലാണ്ടി മുന്‍ എസ്.ഐ ആയിരുന്ന സി.ബി.ഐ ഇന്‍സ്പെക്ടര്‍ നിപുണ്‍ ശങ്കറും സംഘവുംകൊയിലാണ്ടി:
ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ സി.ബി.ഐ ചടുലനീക്കത്തിലൂടെ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് സംഭവമുണ്ടായത്. ദീര്‍ഘകാലം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്ന നിപുണ്‍ ശങ്കറാണ് വിമാനത്തില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കനേഡിയന്‍ പൗരനും കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ ശ്രീകാന്ത് മേനോനെയാണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര സ്വദേശിനിയായ ഭാര്യ ശ്രുതിയെ ശ്രീകാന്ത് കാനഡയില്‍ വച്ച് മര്‍ദ്ദിക്കുകയും ബലമായി മാരകമായ രാസവസ്തു കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഡ്രയിനേജ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന അണുനാശിനിയാണ് ഇയാള്‍ ശ്രുതിയെ കുടിപ്പിച്ചത്.

ഇതേ തുടര്‍ന്ന് അന്നനാളവും ശ്വാസനാളവും വായയുമെല്ലാം പൊള്ളി അതീവ ഗുരുതരാവസ്ഥയിലായിരുന്നു ശ്രുതി. ഭാര്യ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രീകാന്ത് ശ്രമിച്ചത്. തലനാരിഴയ്ക്ക് മരണത്തെ അതിജീവിച്ച് കാനഡയില്‍ നിന്ന് നാട്ടിലെത്തിയ ശ്രുതി നടന്ന സംഭവങ്ങളെല്ലാം എഴുതിയാണ് മാതാപിതാക്കളെ അറിയിച്ചത്.

ശ്രുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ കേസെടുത്തത്. ശ്രീകാന്ത് വിദേശത്തായതിനാല്‍ പൊലീസിന്റെ അന്വേഷണത്തിന് പരിമിതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് ശ്രുതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

അഞ്ച് വര്‍ഷം മുമ്പായിരുന്നു ശ്രുതിയുടെയും ശ്രീകാന്തിന്റെയും വിവാഹം. പിന്നീട് 2020 ലാണ് ശ്രുതി ശ്രീകാന്തിനൊപ്പം കാനഡയിലെത്തിയത്. ലഹരിക്ക് അടിമയായ ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും ഭീഷണിപ്പെടുത്തി ഗര്‍ഭം അലസിപ്പിച്ചെന്നും ശ്രുതിയുടെ പരാതിയില്‍ പറയുന്നു.

തങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികത്തില്‍ കാറപകടം സൃഷ്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ശ്രുതി ആരോപിക്കുന്നു. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശ്രീകാന്ത് തന്റെ ശരീരത്തില്‍ മാരകമായ ലഹരി മരുന്നുകള്‍ കുത്തിവെച്ചുവെന്നും പരാതിയില്‍ പറയുന്നു. ശ്രുതിയില്‍ നിന്ന് ശ്രീകാന്ത് തട്ടിയെടുത്ത 75 പവന്‍ സ്വര്‍ണ്ണം സി.ബി.ഐ കണ്ടെടുത്തു. മദ്യം കുടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ ശ്രുതിയെ മാരകമായ രാസവസ്തു കുടിപ്പിച്ചത്.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നാണ് ശ്രുതി കനേഡിയന്‍ പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്നാണ് താന്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും നാട്ടിലെത്തിയ ശേഷം നല്‍കിയ പരാതിയില്‍ ശ്രുതി പറയുന്നു.

കനേഡിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലെത്തിയ ശ്രീകാന്ത് പക്ഷേ തനിക്ക് കനേഡിയന്‍ പൗരത്വമുണ്ടെന്ന കാര്യം മറച്ച് വച്ചു. ഇന്ത്യയില്‍ എത്തിയ ശ്രീകാന്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇയാള്‍ വിദേശത്ത് കടന്നേക്കുമെന്ന് സംശയമുണ്ടായിരുന്നതിനാല്‍ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കാറിലാണ് ഇയാള്‍ കേരളം വിട്ടത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ ശ്രീകാന്ത് സുരക്ഷാ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ചാണ് കാനഡ എയര്‍വെയ്സിന്റെ വിമാനത്തില്‍ കയറിയത്. എന്നാല്‍ അവസാന നിമിഷം എമിഗ്രേഷന്‍ വിഭാഗമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അവര്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം കൈമാറുകയായിരുന്നു.

പിന്നെ കാര്യങ്ങള്‍ വൈകിയില്ല. ശ്രീകാന്ത് വിമാനത്തിലുണ്ടെന്ന വിവരം ലഭിച്ചതോടെ ഐ.ബി സി.ബി.ഐ എസ്.പി രാമദേവനെ വിവരം അറിയിച്ചു. പിന്നാലെ സി.ബി.ഐയുടെ അടിയന്തിര സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) വഴി വിമാനത്തിന്റെ ക്യാപ്റ്റന് ലഭിച്ചു. ടേക്ക് ഓഫ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്യാപ്റ്റന് സന്ദേശം ലഭിച്ചത്.

വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് യാത്രക്കാരെ അറിയിച്ചാണ് ക്യാപ്റ്റന്‍ വിമാനത്തിന്റെ ടേക്ക് ഓഫ് വൈകിപ്പിച്ചത്. വൈകാതെ തന്നെ സി.ഐ.എസ്.എഫ്, സംഘം സി.ബി.ഐ ഇന്‍സ്പെക്ടറും മുന്‍ കൊയിലാണ്ടി എസ്.ഐയുമായ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ വിമാനത്തിനുള്ളിലെത്തി ശ്രീകാന്തിനെ പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ശേഷം ശ്രീകാന്തിനെ മറ്റൊരു വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചു. എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷയില്‍ അടുത്ത ദിവസം കോടതി വിധി പറയും.