എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ: ഇരുചക്രവാഹനങ്ങളില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് താല്‍ക്കാലിക ഇളവ്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുമ്പോള്‍ പിഴ ഈടാക്കുന്ന കാര്യത്തില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇളവ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നല്കിയ ശേഷം പിഴയീടാക്കി തുടങ്ങിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഉദ്യോഗസ്ഥ തലത്തില്‍ പ്രാഥമിക പരിശോധന നടത്തിയശേഷമാകും പിഴ ചുമത്തുക. ക്യാമറ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളില്‍ പ്രാഥമിക പരിശോധന നടത്തിയശേഷം മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
നഗര- ഗ്രാമ വ്യത്യസമില്ലാതെ 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.