സ്വകാര്യ ബസ് പണിമുടക്കില്‍ വലഞ്ഞ് പേരാമ്പ്രക്കാര്‍; തിങ്ങിനിറഞ്ഞ് കെ.എസ്.ആര്‍.ടി.സി, പ്രതിസന്ധിയിലായി വിദ്യാര്‍ഥികള്‍


പേരാമ്പ്ര: സ്വകാര്യ ബസ് പണിമുടക്കില്‍ വലഞ്ഞ് പേരാമ്പ്രയിലെ യാത്രക്കാര്‍. ജോലിക്കും പഠനാവശ്യത്തിനുമായി കോഴിക്കോടേക്ക് യാത്ര ചെയ്യുന്നവര്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തിങ്ങിനിറഞ്ഞ് പോകേണ്ട അവസ്ഥയായിരുന്നു.

സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ കെ.എസ്.ആര്‍.ടി.സി മേഖലയില്‍ അധിക സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദീര്‍ഘദൂര സര്‍വ്വീസുകളെ ആശ്രയിക്കുന്ന രാവിലെ എഴുമണിയ്ക്കും പത്തുമണിയ്ക്കുമിടയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്റ്റാന്റിലും മാര്‍ക്കറ്റ് പരിസരത്തുമെല്ലാം ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥിതിയായിരുന്നു.

പരീക്ഷാകാലമായതിനാല്‍ വിദ്യാര്‍ഥികളും ഏറെ ബുദ്ധിമുട്ടി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും മിക്ക വിദ്യാര്‍ഥികളും അധികതുക മുടക്കി ഓട്ടോറിക്ഷകളെ ആശ്രയിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോടും മറ്റും പഠിക്കുന്നവര്‍ കെ.എസ്.ആര്‍.ടി.സികളെ തന്നെ ആശ്രയിക്കേണ്ടിവന്നു.

കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ഇല്ലാത്ത അല്ലെങ്കില്‍ വളരെ കുറഞ്ഞ ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ളവരും വളരെയേറെ ബുദ്ധിമുട്ടി. പലരും ജീപ്പുകളെയും ഓട്ടോറിക്ഷകളെയും മറ്റും ആശ്രയിച്ചാണ് നഗരത്തിലേക്ക് എത്തിയത്. കൂരാച്ചുണ്ട്, പള്ളിയത്ത്, മേപ്പയ്യൂര്‍, വടകര ഭാഗത്തേക്ക് പോകുന്നവര്‍ സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്. ബസ് ഇല്ലാതായതോടെ ഇവരും പ്രതിസന്ധിയിലാണ്.