നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും; സമരത്തെ നേരിടാന്‍ പുതിയ ക്രമീകരണവുമായി കെഎസ്ആര്‍ടിസി


കോഴിക്കോട്: സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാന്‍ ക്രമീകരണവുമായി കെഎസ്ആര്‍ടിസി. യൂണിറ്റുകളിലെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന അധികൃതര്‍ നിര്‍ദേശം നല്‍കി. സര്‍വീസ് നടത്താന്‍ കഴിയുന്ന തരത്തിലുള്ള മുഴുവന്‍ ബസുകളും നിരത്തിലിറക്കാനാണ് ശ്രമം.

ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യക സര്‍വീസ് നടത്തും. ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി. സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ സ്വകാര്യ ബസുടമകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാല്‍ പോലീസിന്റെ സഹായം തേടണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ബസ് ഉടമകളുടെ നഷ്ടം സര്‍ക്കാരിന് വ്യക്തമാണെങ്കിലും നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ സമയം വേണമെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആന്റണി രാജു.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും മന്ത്രിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് ബസുടമകള്‍ ആരോപിക്കുന്നത്.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസുടമകളുടെ ഭാഗത്ത് നിന്നും ശക്തമാണ്. കണ്‍സഷന്‍ നിരക്ക് അറ് രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ 5 രൂപ ഉയര്‍ത്തണമെന്ന നിര്‍ദേശവുമാണ് നല്‍കിയത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നാല്‍ ഉണ്ടാകുന്ന എതിര്‍പ്പും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ഗാതാഗത മന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓട്ടോ – ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണയെന്ന് മന്ത്രി പറഞ്ഞിരുന്നു.

 

 

 

 

ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ഒരു കിലോമീറ്ററിനും നിലവിലുള്ള 12 രൂപയില്‍ നിന്നും 15 രൂപയായി വര്‍ധിപ്പിക്കാനുമാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50% അധികനിരക്കും, രാത്രി കാല യാത്രയില്‍ നഗരപരിധിയില്‍ 50% അധിക നിരക്കും നില നിര്‍ത്തണമെന്നും വെയ്റ്റിംഗ് ചാര്‍ജ്ജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവില്‍ ഉള്ളതുപോലെ തുടരുവാനാണ് കമ്മറ്റിയുടെ നിര്‍ദ്ദേശം.