അമിതവേഗത ചോദ്യം ചെയ്തു; വടകരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ, അക്രമത്തിന്റെ ദൃശ്യം പുറത്ത് (വീഡിയോ കാണാം)


വടകര: അടക്കാതെരുവില്‍ സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്തുതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും മിനി ലോറി ഡ്രൈവറും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു തലശ്ശേരിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ‘ചീറ്റപ്പുലി’ ബസ് അമിത വേഗതയില്‍ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തു പോവുന്നത് ലോറി ഡ്രൈവര്‍ ചോദ്യം ചെയ്തത്.

തുടര്‍ന്ന് ഏറെ നേരം ജീവനക്കാരും ഡ്രൈവറും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ ബസിലെ ക്ലീനറും ഡ്രൈവറുമടക്കം മൂന്ന് പേര്‍ റോഡിലിറങ്ങി ലോറി ഡ്രൈവറെ അക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ബസിലെ ക്ലീനറായ യുവാവ് ഡ്രൈവറെ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു.

ഇതോടെ സംഭവം കണ്ടു നിന്ന നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ബസ് ജീവനക്കാരെ പിടിച്ചുമാറ്റുകയും ചെയ്തു. തുടര്‍ന്ന് ഏറെ നേരം നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വടകര പോലീസ് ബസ് ജീവനക്കാരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.

അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍: