കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/06/2022)


കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

ബിരുദധാരികൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

കംപാഷണേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി 2015 ജൂലായിൽ തുടക്കമിട്ട പദ്ധതിയിൽ ഇതിനകം 22-ലധികം ബാച്ചുകളിലായി 400-ലേറെ പേർ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. നാലുമാസമാണ് കാലാവധി. രണ്ടുഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽനിന്ന് പ്രാഥമികഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പുതിയ ബാച്ച് ജൂലായ് ആദ്യവാരം ആരംഭിക്കും.

ഇന്റേൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയതിന്‌ ശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകുക. വിശദ വിവരങ്ങൾക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹമാധ്യമ പേജുകൾ സന്ദർശിക്കുകയോ 9847764000, 04952370200 എന്നീ നമ്പരുകളിൽ വിളിക്കുകയോ [email protected] എന്ന ഇ-മെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.‌

നവ കേരളം കർമ്മ പദ്ധതി – 2 ശില്പശാല സംഘടിപ്പിച്ചു

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളം കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ നവകേരളം കർമ്മ പദ്ധതി – 2 ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാല ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഉമ്മർ ഫാറൂഖ് അധ്യക്ഷനായി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ  ജില്ലയിൽ ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങളെ കുറിച്ചും നടപ്പിലാക്കുന്ന നൂതന പദ്ധതികളെ കുറിച്ചും ആമുഖ പ്രഭാഷണം നടത്തി. നവകേരളം കർമ്മ പദ്ധതി – 2 ന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന പത്ത് ഫോക്കസ് മേഖലകൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. വി. ജിതേഷ് സംസാരിച്ചു. പകർച്ചവ്യാധി പ്രതിരോധ മേഖലയിലെ ജില്ലയിലെ പ്രവണതകളും വെല്ലുവിളികളും ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സരള നായർ അവതരിപ്പിച്ചു. സമ്പൂർണ ജീവിതശൈലീ രോഗ നിയന്ത്രണത്തിനായി ത്രിതല പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ലക്ഷ്യങ്ങളും ഘടനയും ടെക്നിക്കൽ അസിസ്റ്റന്റ് എ.ജെ. ജോസ് അവതരിപ്പിച്ചു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള അധ്യക്ഷർ, ആരോഗ്യ സ്‌ഥിര സമിതി അധ്യക്ഷർ, സെക്രട്ടറിമാർ , ജില്ലാ പ്രോഗ്രാം ഓഫീസർമാർ തുടങ്ങി 292 പേർ  ശില്പശാലയിൽ പങ്കെടുത്തു.

പയ്യോളിയിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

പയ്യോളി നഗരസഭാ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പയ്യോളി, മൂരാട് കോട്ടക്കൽ എന്നീ സ്ഥലങ്ങളിലെ 12 കടളാണ് സംഘം പരിശോധിച്ചത്. ന്യൂനതകൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു.

പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ചന്ദ്രൻ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.പി പ്രകാശൻ, പി.ജിഷ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

***

കണ്ടന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതി പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഒഴിവുള്ള കണ്ടന്റ് എഡിറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ അർധ- സർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷൻ നൽകുന്ന തീയതി കണക്കാക്കി)

2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവർ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്ന അപേക്ഷ ജൂൺ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. ഫോൺ: 0495 2370225

അറിയിപ്പുകൾ

ഇൻഫെർട്ടിലിറ്റി ഒ.പി എല്ലാ വെള്ളിയാഴ്ചയും

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയുടെ ഇൻഫെർട്ടിലിറ്റി ഒ.പി എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും. ബുക്കിംങ് സമയം രാവിലെ എട്ട് മുതൽ ഉച്ച 12 വരെ. ഫോൺ:  0495 2721680.

ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് 18 ന്

യോഗാ ദിനത്തിന്റെ ഭാഗമായി ജൂൺ 18 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിൽ ആയുർവേദം, ഹോമിയോപ്പതി, അലോപ്പതി എന്നിവയുടെ മെഡിക്കൽ ക്യാമ്പ് നടക്കും. പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഫോൺ: 0495 2483245, [email protected]

വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാലകോഴ്‌സ്

ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ വാസ്തുശാസ്ത്രത്തിൽ നാലുമാസത്തെ ഹ്രസ്വകാല കോഴ്സ്  ആരംഭിക്കുന്നു.
യോഗ്യത – ഐ.ടി.ഐ സിവിൽ ഡ്രാഫ്സ്റ്റ്മാൻ, കെ.ജി.സി.ഇ സിവിൽ എൻജിനീയറിങ്, ഐ.ടി.ഐ ആർക്കിടെക്ച്ചറൽ അസിസ്റ്റൻസ്ഷിപ്പ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ച്ചർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്‌ട്രക്ഷൻ എൻജിനീയറിങ്. www.vasthuvidyagurukulam.com വഴി ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.  വിലാസം – എക്‌സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട – 689533. ഫോൺ – 0468-2319740, 9847053294, 9947739442, 9188089740.

ക്വട്ടേഷൻ

ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലെ ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് നൈറ്റ് ഡ്രസ്സ് ലോവർ ആൻഡ് ടീ-ഷർട്ട് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന്  ക്വാട്ടേഷനുകൾ ക്ഷണിച്ചു.    സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികവർഗ വികസന ഓഫീസർക്ക് ജൂൺ 28  മൂന്ന് മണിക്കകം  ലഭിക്കണം. ഫോൺ:  0495 2376364.