തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/06/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അതിഥി അധ്യാപക ഒഴിവ്

കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ജേണലിസം വിഭാത്തിലേക്ക് ജൂൺ 13 രാവിലെ 10:30നും ഇംഗ്ലീഷ് വിഭാത്തിലേക്ക് ജൂൺ 14 ന് രാവിലെ 10:30നും അഭിമുഖം നടക്കും. സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495 2320694.

ലേലം

ഫിഷറീസ് വകുപ്പിന്റെ ക്വാർട്ടേഴ്‌സ് സ്ഥിതിചെയ്യുന്ന പുതിയങ്ങാടി വില്ലേജിൽ 142/1എ, 142/4ബി, 142/4ബി2 എന്നീ സർവ്വെ നമ്പരുകളിൽപ്പെട്ട 87 സെന്റ് ഭൂമിയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നിർമിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ 40 ഓളം മരങ്ങൾ നിരവിലുളള അവസ്ഥയിലും സ്ഥലത്തും ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ ജൂൺ 16 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോൺ: 0495 2380005.

ടെൻഡർ

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 21 വൈകീട്ട് അഞ്ച് വരെ. വിവരങ്ങൾക്ക് e-tenderskerala.gov.in.

ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ: സൗജന്യ പരിശീലനം

സിവിൽ സ്റ്റേഷനിലെ പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി. നടത്തുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

താത്പര്യമുള്ളവർ ജൂൺ 30 നകം പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോഴിക്കോട് എന്ന ഓഫീസിൽ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ആദ്യം അപേക്ഷ സമർപ്പിക്കുന്ന 50 ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം. ഫോൺ: 0495-2376179.

ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു

കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് സിവിൽ സർവ്വീസസ് അക്കാദമി (കിലെ) തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ അവസരം ഉപയോഗിക്കാം. വിശദവിവരങ്ങൾക്ക്: 0495-2366380, 0495-2975274, 0495-2765274

ഫിസിയോതെറാപ്പിസ്റ്റ്: കരാർ നിയമനം

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് എനേബ്ലിംങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി നരിക്കുനി സി.എച്ച്.സി.യിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷ ജൂൺ 16 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. വിലാസം: സെക്രട്ടറി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ചേളന്നൂർ 673616. ഫോൺ: 0495 2260272.

സ്റ്റുഡന്റ്‌സ് കൗൺസിലർ കൂടിക്കാഴ്ച 14 ന്

കോഴിക്കോട് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റുഡന്റ്‌സ് കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. ജൂൺ 14 രാവിലെ 10 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു,

കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അധിക യോഗ്യത/ മുൻപരിചയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കണം.

വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചു ശ്രമിക്കണമെന്ന് എം.കെ. രാഘവൻ എം.പി; രാമനാട്ടുകര നഗരസഭാ വികസന സെമിനാർ നടത്തി

വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രസ്ഥാനങ്ങൾ ഒന്നിച്ച് ശ്രമിക്കണമെന്ന് എം.കെ. രാഘവൻ എം.പി. രാമനാട്ടുകര നഗരസഭയുടെ 2022-23 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഷിക പദ്ധതി രൂപീകരണത്തിൽ വിദ്യാഭ്യാസം മാലിന്യസംസ്കരണം, കുടിവെള്ളം, ഡ്രെയിനേജ് സിസ്റ്റം തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം.

ആരോഗ്യ- വിദ്യാഭ്യാസ രംഗം, കാർഷിക മേഖല, മാലിന്യ സംസ്കരണം, പശ്ചാത്തല സൗകര്യം, തൊഴിൽ സുരക്ഷ, ജൈവ കൃഷി തുടങ്ങിയ മേഖലകളിലും ശ്രദ്ധ ചെലുത്തണം. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യം നൽകുന്നതിനായി പ്രത്യേക കോച്ചിംഗ് നൽകണം. ക്യാൻസർ പോലെയുള്ള രോഗങ്ങൾ തടയുന്നതിനായി നഗരസഭയിലെ ജനങ്ങൾക്കിടയിൽ ജൈവ കാർഷിക സമ്പ്രദായം വളർത്തുന്നതിനു സഹായിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു മാലിന്യസംസ്കരണത്തിൽ വേറിട്ടുനിൽക്കുന്ന നഗരങ്ങളിലെ സംസ്കരണ രീതിയെക്കുറിച്ച് പഠിക്കുകയും അത്തരത്തിലൊരു മാലിന്യസംസ്കരണരീതി നഗരസഭയിൽ നടപ്പിലാക്കണമെന്നും എം.പി പറഞ്ഞു.

മണിയൂരിൽ സമഗ്ര ആരോഗ്യ, കായികപദ്ധതിക്കും, ടൂറിസത്തിനും കൂടുതൽ പരിഗണന

പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 23 വാർഷിക പദ്ധതി പ്രകാരം മണിയൂരിൽ സമഗ്ര ആരോഗ്യ കായിക പദ്ധതിക്കും ടൂറിസത്തിനും കൂടുതൽ പരിഗണന നൽകും. മണിയൂർ പഞ്ചായത്തിലെ വികസന സെമിനാർ കില ഫാക്കൽറ്റി പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വികസന സെമിനാറിൽ 12 കോടി 86 ലക്ഷം രൂപയുടെ 106 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.

കൃഷിക്കും അനുബന്ധ മേഖലയ്ക്കും 75 ലക്ഷം, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ മേഖലയ്ക്ക് 30 ലക്ഷം, ലൈഫ് ഭവനപദ്ധതിക്ക് മൂന്ന് കോടി 49 ലക്ഷം, ജന്റർ, ശിശു വികസനത്തിന് ഒരു കോടി 10 ലക്ഷം, സാമൂഹ്യ നീതിക്ക് 50 ലക്ഷം, സമഗ്ര ആരോഗ്യ കായിക പരിപാടിക്ക് ഒരു കോടി, ടൂറിസം വികസനത്തിന് 1.5 കോടി എന്നിങ്ങനെയാണ് പദ്ധതി വിഹിതം.

ചടങ്ങിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശശിധരൻ മാസ്റ്റർ വികസന രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ, അസിസ്റ്റന്റ് സെക്രട്ടറി ഗംഗാധരൻ, മാനോജ് കൊയപ്ര തുടങ്ങിയവർ സംസാരിച്ചു.

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം: മേപ്പയ്യൂരില്‍ പരിശീലന പരിപാടി

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും കെല്‍ട്രോണും സംയുക്തമായ് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മസേന, സി.ഡി.എസ് അംഗങ്ങൾ, പഞ്ചായത്തംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവർക്കാണ് പരശീലനം നൽകിയത്.

ഇ- മോണിറ്ററിംഗ് സിസ്റ്റം നിലവില്‍ വരുന്നതോടെ ഹരിത കര്‍മസേനയെ ഗ്രീന്‍ ടെക്കനീഷ്യന്‍സ് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയും. പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മസേനാ പ്രവര്‍ത്തനങ്ങളും ഈ ആപ്പിലൂടെ ഏകോപിപ്പിക്കാന്‍ സാധിക്കും. പഞ്ചായത്തിലെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളായി ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാനും സാധിക്കും.

ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെല്‍ട്രോണിലെ പ്രൊജക്ട് കോ-ഓഡിനേറ്റര്‍മാരായ അഭിനവ്, അഖില്‍, ഹരിതകേരള മിഷന്‍ പ്രതിനിധി രുദ്രപ്രിയ എന്നിവര്‍ ക്ലാസ് നയിച്ചു. വി.ഇ.ഒ വിപിന്‍ദാസ് സ്വാഗതവും ഹരിത കര്‍മസേന പ്രസിഡന്റ് ശൈല നന്ദിയും പറഞ്ഞു.