ബപ്പൻകാട് ചന്ത, ഓൾഡ് മാർക്കറ്റ് റോഡിലെ വൈകുന്നേര നടത്തം, പഴയ സ്റ്റാന്റിലെ റജുല ബുക് സ്റ്റാൾ…; ഒട്ടും മങ്ങാത്ത കോവിൽക്കണ്ടി ഓർമ്മകൾ പങ്കുവയ്ക്കുന്നു, കൊയിലാണ്ടിക്കാരനായ സയ്യിദ് ഹിഷാം സഖാഫ്


സയ്യിദ് ഹിഷാം സഖാഫ്

സ്വന്തം നാട്, മറ്റേതൊരു നാടും പോലെ വെറുമൊരു ഭൂപ്രകൃതി അല്ലെന്നും അതൊരു വികാരവും അനുഭൂതിയുമാണെന്നും തിരിച്ചറിയാൻ പലപ്പോഴും ആ നാട് വിട്ടു മറ്റൊരിടത്തു ജീവിക്കണം. അങ്ങനെ, കൊയിലാണ്ടിയെ ഓർമ്മകളിൽ അയവിറക്കിയും സ്വപ്നങ്ങളിൽ തലോടിയും ദുബായ് ജീവിതം ആരംഭിച്ചിട്ട് എട്ട് വർഷത്തോളമായി. നാടിനെക്കുറിച്ചുള്ളതോ നാട്ടിൽ നടക്കുന്നതോ ആയ തീരെച്ചെറിയ വാർത്തകൾ പോലും പ്രവാസികൾക്ക് നൽകുന്ന സന്തോഷവും ഉണർവും ചെറുതല്ല.

ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്, കുട്ടിക്കാലത്തെ ഓർമ്മകൾ തന്നെയായിരിക്കുമല്ലോ. ചെറുപ്പം മുതലേ വീട് കൊയിലാണ്ടി നഗരത്തിൽ തന്നെയായതിനാൽ ടൗണും അതിനോടനുബന്ധിച്ച സ്ഥലങ്ങളും തന്നെയാണ് ഓർമ്മകളിൽ ഏറെയും. കുട്ടിക്കാലത്തെ ഏറെ നിറമുള്ളൊരോർമയാണ് ബപ്പൻകാട് ചന്ത.

ഞങ്ങൾ അയൽപക്കത്തുള്ള കുട്ടികളും മുതിർന്നവരുമെല്ലാം ഒരുമിച്ചു നടന്നു പോയി മെയിൻ റോഡിൽ നിന്നും റെയിൽവേ ഗേറ്റ് വരെ ഓരോ സ്റ്റാളും കയറിയിറങ്ങും. നിരവധി കളിപ്പാട്ടങ്ങൾ വാങ്ങി, ആകാശത്തൊട്ടിലിൽ കയറി, പൊരിയും ഹൽവയും തിന്ന് ജീവിതത്തിലെ ഏറ്റവും മനോഹരകാലം ഞങ്ങൾ ബപ്പൻകാട് അങ്ങാടിയിലൂടെ നടന്നു മുന്നേറി.

ഒരു ഉരുളിയിൽ വെള്ളം നിറച്ചു ‘ചിമ്മിണി’യിൽ  ഓടുന്ന ബോട്ട് വലിയൊരു അത്ഭുതം തന്നെയായിരുന്നു. തൃക്കോട്ടൂരിന്റെ കഥാകാരന്റെ തൂലികയിലൂടെ ലോകമറിഞ്ഞ ആ തെരുവിലൂടെ ഞങ്ങളും നടന്നത് അല്പം ഗർവോടെ തന്നെയായിരുന്നു.

മൺസൂൺ കാലമാവുമ്പോൾ ഹവായ് ചെരുപ്പിട്ടു സ്കൂളിൽ പോവുന്നതും സ്കൂളിലെത്തുമ്പോഴേക്ക് വെള്ളക്കുപ്പായത്തിന്റെ പിന്നിൽ ചെളി കൊണ്ട് ചെരുപ്പ് തീർത്ത ചിത്രപ്പണിയും, കാറ്റടിക്കുമ്പോൾ വില്ലു വളഞ്ഞു മേലോട്ടുയർന്നു നിൽക്കുന്ന കുടകളും ഓർക്കുമ്പോഴേ മനസ്സിൽ ‘ചിമ്മാൻ’ അടിക്കും.

മാപ്പിള സ്കൂളിന് സമീപത്തായുള്ള രണ്ട് പള്ളികുളങ്ങളായ ചെറിയ പള്ളിയിലും ജമാഅത് പള്ളിയിലുമായിരുന്നു നീന്തലിന്റെ ആദ്യാക്ഷരം കുറിച്ചത്.പിന്നീട് സ്കൂളിൽ പോവുമ്പോഴേ അരയിൽ ബെൽറ്റ് പോലൊരു തോർത്തു ചുറ്റി വെക്കും.

സ്കൂൾ കഴിഞ്ഞു ഇതിലേതെങ്കിലുമൊരു കുളത്തിൽ ചാടിത്തിമിർത്ത് ഒന്നുമറിയാത്തത് പോലെ വീട്ടിൽ പോയാലും ചുവന്നിരിക്കുന്ന കണ്ണ് കണ്ട് ഉമ്മ കയ്യോടെ പിടിക്കും. ഉടനെ തന്നെ ചന്തിയിൽ പത്തിരിക്കുഴൽ കൊണ്ടുള്ള സമ്മാനദാനവും നടക്കും.

അന്ന് മത്സ്യ-മാംസ വാണിജ്യകേന്ദ്രം ഇപ്പോഴത്തെ ‘ഓൾഡ് മാർക്കറ്റ് റോഡി’ൽ ആയിരുന്നു. രാവിലെ സൈക്കിളുമെടുത്തു അങ്ങാടിയിൽ പോയി മീനും പച്ചക്കറിയുമൊക്കെ വാങ്ങി പല പരിചിത മുഖങ്ങളോടും ചിരിച്ചും സംസാരിച്ചുമായിരുന്നു ഒരു ദിവസം തുടങ്ങുന്നത് തന്നെ.

പഴയ ബസ്സ്റ്റാൻഡിലെ റജുല ബുക്ക്സ്റ്റാളും ആൽമരമുത്തശിയും കോടതിവളപ്പിലെ വലിയ മരവും ലെവൽ ക്രോസ്സുള്ള ബപ്പൻകാട് റോഡും റെയിൽവേ സ്റ്റേഷൻ റോഡും ചിത്ര, കൃഷ്ണ തിയേറ്ററുകളും പഴയ മാർക്കറ്റും തണ്ടാം വയലിലെ ക്രിക്കറ്റ് കളിയും അങ്ങനെ തുടങ്ങി ഓർമകളിൽ ഒളി മങ്ങാത്തതും  എന്നാൽ ഇന്ന് നിലവിലില്ലാത്തതുമായ ഇവയെല്ലാം തന്നെയാണ് നമ്മുടെ ഭൂതകാലത്തെ മനോഹരമാക്കുന്നത്.

ഇന്ന് കാണുന്നത്ര നിലവാരമുള്ള കെട്ടിടങ്ങളായിരുന്നിരുന്നില്ല അന്ന് ഗവണ്മെന്റ് സ്കൂളുകൾക്കുണ്ടായിരുന്നത്. 30-40 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളായിരുന്നു മിക്ക സ്കൂളുകൾക്കും. ക്ലാസ് മുറികൾക്ക് വാതിലുകളുണ്ടായിരുന്നെങ്കിലും അവ പ്രധാനമായും പെൺകുട്ടികളായിരുന്നു ഉപയോഗിക്കാറ്. ആൺകുട്ടികൾ മിക്കപ്പോഴും അഴികളില്ലാത്ത ജനലുകളിലൂടെയായിരുന്നു ‘പോക്കുവരവ്’. അത്തരം ശീലങ്ങൾ കുട്ടികളിലെ കായികാരോഗ്യത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്!

ഇന്റർവെൽ സമയത്ത് സ്കൂളിന് മുന്നിലെ ആകെയുള്ള ഒന്നോ രണ്ടോ കടകളിൽ നിന്ന് ഐസ് ഒരച്ചതും അച്ചാറും മറ്റു പലതരം മിട്ടായികളും വാങ്ങിയെടുക്കുന്നത് എളുപ്പമല്ലെങ്കിലും നിർബന്ധമായിരുന്നു. എല്ലാ ദിവസവും സ്കൂളിൽ പോകുന്നതിനു മുൻപ് അതിനുള്ള ഒരു രൂപ എങ്ങനെയെങ്കിലും സംഘടിപ്പിച്ചെടുക്കുമായിരുന്നു.

നല്ല മഴക്കാലത്ത് മെയിൻ റോഡ് മുതൽ പഴയ മാർക്കറ്റ് റോഡിലേതടക്കം വെള്ളം ഒഴുകിപ്പോവുക കസ്റ്റംസ് റോഡിലെ ഓവ് ചാലിലൂടെയാണ്. അങ്ങനെ വലിയ നിർമ്മിതചാൽ ഒന്നുമില്ല… എന്നാലും വെള്ളം നല്ല ശക്തിയിൽ ഒഴുകി ചുങ്കം വഴി അറബിക്കടലിൽ പതിക്കും. ഈ വെള്ളപ്പാച്ചിലിലാണ് ഞങ്ങൾ കുട്ടികളുടെ ‘ചെരുപ്പ് റേസിംഗ്’.

ഏതെങ്കിലും ഒരു പോയിന്റിൽ നിന്ന് രണ്ടു പേരുടെയും ഓരോ ചെരിപ്പുകൾ വെള്ളത്തിൽ ഒഴുക്കി വിടും. ഏതു ചെരുപ്പ് ആദ്യം എത്തുന്നുവോ, അവർ വിജയി..! വളരെ അപൂർവമായി ചിലരുടെ ‘മത്സരാർത്ഥികൾ’ കാണാതായി അറബിക്കടലിൽ എത്തിയിട്ടുമുണ്ട്.

അന്ന് ബീച്ച് റോഡ് ഭാഗങ്ങളിലുള്ളവർക്കു സ്കൂളിലേക്കുള്ള വരവ് ദുഷ്കരം തന്നെയായിരുന്നു. കസ്റ്റംസ് റോഡ്, ലിങ്ക് റോഡ് വഴി ബീച്ച് റോഡ് വരെ മിക്കയിടങ്ങളിലും  മുട്ടോളം വെള്ളമുണ്ടാവാറുണ്ടായിരുന്നു. ഇന്ന് ‘ഈറ്റത്തോട്’ എന്ന് പരിഷ്കരിച്ച, അന്ന് മറ്റൊരു പേരിൽ പറയപ്പെടുന്ന ആ തോടും അതിന്റെ ചുറ്റുപാടുമുള്ള സ്ഥലങ്ങളും എന്നും വെള്ളം നിറഞ്ഞതായിരുന്നു.

മഴക്കാലമായാൽ റോഡും ഓവ് ചാലുമൊക്കെ തിരിച്ചറിയാനാവാത്ത വിധം ലയിച്ചു ചേരുമായിരുന്നു.
അന്ന് സ്കൂളില്ലാത്ത ദിവസങ്ങളിൽ ഉമ്മർക്കാന്റെ പീടികയിൽ നിന്ന് സൈക്കിൾ വാടകക്കെടുക്കും. മണിക്കൂറിനു ഒരു രൂപയും അര മണിക്കൂറിനു അമ്പത് പൈസയുമാണ് വാടക.

അരമണിക്കൂർ വാടകക്ക് എടുത്തു ചുരുങ്ങിയത് നാല്  തവണയെങ്കിലും സമയമായോ എന്ന് നോക്കാൻ അതേ കടയുടെ മുന്നിലൂടെ പോവും. ചിലപ്പോൾ സൈക്കിൾ തിരിച്ചു കൊടുത്തു ഒരു ഐസ് ഒരച്ചതും കൂടി തിന്നിട്ടേ വീട് പിടിക്കൂ. പിന്നീട് സ്വന്തം സൈക്കിൾ വാങ്ങിയപ്പോൾ കൊയിലാണ്ടിയുടെ അന്ന് വരെ പോകാത്ത റോഡുകളിലേക്കും ഇടവഴികളിലേക്കും പ്രയാണം തുടങ്ങി.

അന്നത്തെ ഞങ്ങളുടെ ‘എവറസ്റ്റ് കയറ്റം’ കോമത്ത്കര ആയിരുന്നു. പലപ്പോഴും ബന്ദ്‌ ദിവസങ്ങളിലെ സൈക്കിൾ റൂട്ട്, ബപ്പൻകാട്‌, മണമൽ, കോമത്ത്കര ഒക്കെ വഴിയാകും.  പോകുമ്പോൾ അൽപ്പം പേടിയും ദുരുഹതയും തോന്നിയ വഴി താഴങ്ങാടി റോഡിലെ ആ പഴയ മഖാമിന്റെ മുന്നിലൂടെയായിരുന്നു.

ആകെ കാടുപിടിച്ചു ഇരുണ്ടു കിടക്കുന്ന അന്തരീക്ഷവും ആരിൽ നിന്നൊക്കെയോ എപ്പോഴൊക്കെയോ കേട്ട പൊടിപ്പും തൊങ്ങലും വെച്ച ജിന്ന് കഥകളും തീരെചെറുതല്ലാത്ത ഒരു ഭയമുണ്ടാക്കുകയും അത് കാരണം ആ വഴി പോകുമ്പോൾ സൈക്കിളിന്റെ പെഡലിന്റെ കറക്കം വേഗത്തിലാവുമായിരുന്നു.

ഒരു മനുഷ്യജീവിതത്തിലെ ആദ്യത്തെ പത്തുപതിനഞ്ച്  വർഷക്കാലത്തെ  ഓർമകളാണ് പിന്നീടങ്ങോട്ട് മരണം വരെ നാം ഏറെ ഇഷ്ടത്തോടെയും സന്തോഷത്തോടെയും ഓർത്തെടുക്കാറ്. തിരിച്ചു കിട്ടാത്ത ബാല്യത്തോളം മധുരിതമാവാറില്ല പിന്നീടുള്ള ഒന്നും. അല്ലെങ്കിലും ജീവിതം അങ്ങനെയാണല്ലോ…

വിഷമത്തോടെ അനുഭവിച്ചതെല്ലാം പിന്നീടോർക്കുമ്പോൾ പുഞ്ചിരി വിരിയുകയും , ചിരിച്ചാർമാദിച്ച അനുഭവങ്ങളൊക്കെ വിരഹത്തിന്റെ കണ്ണീരണിഞ്ഞാണ് ഓർമയിൽ തെളിയുക……!!!


സയ്യിദ് ഹിഷാം സഖാഫ് എഴുതിയ ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…


2014 മുതല്‍ ദുബായിലാണ് കൊയിലാണ്ടിക്കാരനായ സയ്യിദ് ഹിഷാം സഖാഫ്. കൊയിലാണ്ടി മാര്‍ക്കറ്റ് റോഡിലാണ് അദ്ദേഹത്തിന്റെ വീട്. ഇര്‍ഷാദ് സ്‌കൂള്‍, മാപ്പിള സ്‌കൂള്‍, കാപ്പാട് ഇലാഹിയ, എം.ഇ.എ എഞ്ചിനീയറിങ് കോളേജ് പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ ദുബായിലെ മുഹൈസിനയില്‍ ഡാറ്റാ സെന്റര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഭാര്യ നഹ്‌ല മഷ്ഹൂര്‍. മക്കള്‍ സെയ്ദ് അബ്ദുള്‍ ഖാദിര്‍, സെയ്ദ് അബ്ദുള്‍ സാഹിര്‍.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.