പ്രണയത്തിന്റെ മധുരം, വേർപാടിന്റെ വേദന, നിസ്സഹായതയുടെ ശൂന്യത; ഫിലിപ്പീൻ സ്വദേശിനി എലിസബത്ത് കരീനയെ കുറിച്ച് സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എഴുതുന്നു
കുഞ്ഞമ്മദ് കൂരാച്ചുണ്ട്
കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയുടെ വലിയ മോർച്ചറിയുടെ മുന്നിൽ അവളുടെ കണ്ണീര് ആദ്യമായി വീണു. തടിച്ച കണ്ണടയ്ക്ക് മുകളിലെ നനവ് ഇടക്കിടെ തൂവാലയിൽ ഒപ്പിയെടുത്ത് അവളെന്തോ പിറുപിറുക്കുന്നുണ്ട്. ചുമരിൽ അവളുടെ വിയർപ്പു പൊടിയുന്ന വിരലുകൾ അടയാളം വെക്കുന്നു .
ഫിലിപ്പെയിനിലെ ഷാപ്പില എന്ന ഗ്രാമത്തിൽ നിന്നാണവൾ വരുന്നത് എട്ടു വർഷങ്ങൾക്ക് മുമ്പ് തൊഴിൽ തേടി എത്തിയൊരു മാലാഖയാണ് എലിസബത്ത് കരീന.
സ്നേഹത്തിന്റെ പുഞ്ചിരിയും വേർപാടിന്റെ വേദനയും ഇഴപിരിഞ്ഞ കണ്ണുനനയിക്കുന്ന ഓർമ്മക്കുറിപ്പ്; സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എഴുതുന്നു
പലപ്പോഴും ഹൃദയരോഗ വിഭാഗത്തിലെ നെഞ്ചിടിപ്പുകൾക്ക് ഒപ്പം അവളുടെ നെഞ്ചിടിപ്പ് കൂടുകയും കുറയുകയും ചെയ്തു. ജീവനും മരണവും തമ്മിലുള്ള മത്സരത്തിൽ പല ജീവനുകൾക്കും കാവലായിരുന്നിട്ടുണ്ട്. പലരുടെയും ശ്വാസം നിലയ്ക്കുമ്പോൾ ഉറ്റവർക്കും ബന്ധുക്കൾക്കും മുമ്പേ അവളുടെ കണ്ണുകൾ നനഞ്ഞു. തീർത്തും അപരിചിതമായ ജീവനെപ്പോലും അവളിഷ്ടപ്പെട്ടത് അവളണിഞ്ഞ തൂവെള്ള ഉടുപ്പിന്റെ നൈർമ്മ്യല്യം തന്നെയാവണം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ഭാഷക്കാരും വേഷക്കാരും കാർഡിയോളജി ഐ.സി.യുവിന്റെ മുന്നിൽ ശ്വാസമടക്കി ഉറ്റവരുടെ ജീവന് വേണ്ടി പായുമ്പോൾ അവരുടെ മുന്നിൽ എലിസബത്ത് ദൈവത്തെ വിളിക്കും. ആശ്വാസത്തിന്റെ വാക്കുകളിൽ ചൊരിയുന്ന പുഞ്ചിരി ഒരു ജീവനെ തിരിച്ച് കിട്ടിയ സന്തോഷത്തോടെ സ്വീകരിച്ചവർ നിരവധിയുണ്ടാവണം.
ആശുപത്രി വരാന്തയിലും വാർഡിലും അവളൊഴുകി നടന്നു. മനിലയിലെ ഗ്രാമ വിശുദ്ധിയെ കുറിച്ചവൾ പരിചയക്കാരോടെല്ലാം വാചാലമായി. ഷാപ്പില ധാരാളം പഴവർഗ്ഗങ്ങൾ വിളയിക്കുന്ന ഒരു ഗ്രാമമാണ് .
പിതാവ് റോഡ്രിസ് നല്ലൊരു വാഴ കൃഷിക്കാരനായിരുന്നു. ധാരാളം വായിക്കുകയും ചിന്തിക്കുകയും ചെയ്തിരുന്ന ഗ്രാമീണ കർഷകൻ. മകൾ പിറന്നപ്പോൾ വായനയുടെ ലോകത്ത് നിന്നും അടർത്തിയ അന്നകരീനയുടെ ഓർമ്മക്ക് മകളെ അയാൾ നീട്ടി വിളിച്ചു.
എലിസബത്ത് കരീന.
ഗ്രാമത്തിന്റെ വിശുദ്ധിയിൽ പാറി നടന്നൊരു പൂമ്പാറ്റയായിരുന്നു പപ്പയ്ക്ക് മകൾ. കൃഷിയെ ജീവനെപ്പോലെ കരുതിയ മനുഷ്യൻ. അതിരാവിലെ മുതൽ സ്വന്തം വാഴത്തോട്ടത്തിൽ എത്തുന്ന റോഡ്രിസ് മക്കളെ പോലെ ഓരോ വാഴച്ചുവടിലുമെത്തി പരിപാലിക്കും.
ഒരു പ്രളയം റോഡ്രിസിന്റെ വാഴത്തോട്ടത്തെ മുഴുവൻ മുക്കിക്കളഞ്ഞു. ഒരു വർഷത്തെ അദ്ധ്വാനം മുഴുവൻ ഒഴുകിപ്പോകുന്നത് കാണേണ്ടി വന്ന റോഡ്രിസിന്റെ ഹൃദയം നിശ്ചലമായി. മനിലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിയിലായിരുന്നു എലിസബത്ത് കരീന. പ്രിയപ്പെട്ട പപ്പയുടെ മരണം അവൾക്ക് താങ്ങാൻ കഴിയാത്ത ദുഃഖം തന്നെയാണ് നൽകിയത്.
നഴ്സിങ്ങ് പഠനത്തിന് വായ്പയെടുത്ത പണം അടച്ചു കൊണ്ടിരുന്നത് പപ്പയുടെ വാഴക്കൃഷിയിൽ നിന്നായിരുന്നു. വിവാഹം സ്വപ്നം കണ്ടു തുടങ്ങിയ കാലം. എലിസബത്തിന്റെ സ്വപ്നങ്ങളിൽ കരിനിഴൽ വീണു. അവൾ സ്വന്തം സങ്കടങ്ങളെ മനസ്സിലൊതുക്കി കൂടപ്പിറപ്പുകളെ ആശ്വസിപ്പിച്ചു. മമ്മയുടെ കണ്ണീർ തുടച്ചു.
മനിലയിലെ യൂത്ത് മുവ്മെന്റിന്റെ പ്രവർത്തകൻ ക്ലാരിസ് എലിസബത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. നിരോധിത സംഘടനയിലെ അംഗമായിരുന്നു ക്ലാരിസ്.
ഗ്രാമത്തിലെ യുവാക്കൾക്കിടയിൽ നല്ല വേരോട്ടമുണ്ടായിരുന്നു യൂത്ത് മൂവ്മെന്റിന്. സർക്കാറിന്റെ നയങ്ങൾക്കെതിരെ രോഷപ്പെട്ട യുവതയുടെ പ്രതീകമായിരുന്നു ക്ലാരിസ്. ഗ്രാമത്തിൽ നിന്ന് എലിസബത്തിന് നൽകിയ ലഘുലേഖയിൽ നിന്നാണവരുടെ പ്രണയം പൂവിട്ടത്.
അവൾ തുറന്നു ചോദിച്ചു.
“നിങ്ങൾ എനിക്ക് നൽകിയത് പ്രണയലേഖനം തന്നെയായിരുന്നോ?”
ക്ലാരിസ് ചിരിച്ചു.
ആ ചിരിയിൽ നിന്നാണവരുടെ ജീവിതം കുറിക്കപ്പെട്ടത്.
പക്ഷേ എലിസബത്ത് പ്രവാസത്തിലേക്ക് കടന്നു. അതൊരു അതിജീവന സമരമെന്ന് ക്ലാരിസിനോട് അവൾ പറഞ്ഞു. പുതിയ ആകാശവും ഭൂമിയും തേടിയുള്ള എലിസബത്തിന്റെ യാത്രക്ക് ക്ലാരിസ് സമ്മതം മൂളി. പ്രവാസത്തിന്റെ രണ്ടാം വർഷത്തിലവൾ മനിലക്ക് പറന്നു.
അവളുടെ സ്വപ്നങ്ങളുടെ മേൽ പുതിയ വർണ്ണങ്ങൾ വിരിഞ്ഞു. ക്ലാരിസിന്റെ പുടവയിൽ അവൾ വധുവായി മാറി. നാൽപത് ദിവസത്തെ അവധിക്കാലത്തിന് ശേഷം അവൾ മടങ്ങി. ക്ലാരിസിനെ സ്വന്തം തൊഴിലിടത്തിലെത്തിക്കണമെന്നവൾ കൊതിച്ചു.
ക്ലാരിസ് ഫിലിപ്പൈൻ സർക്കാറിന്റെ നോട്ടപ്പുള്ളിയായതിനാൽ പാസ്പോർട്ട് ലഭിച്ചില്ല. ക്ലാരിസ് പ്രവാസ ജീവിതം കൊതിച്ചിരുന്നുമില്ല. തന്റെ ജീവിത ലക്ഷ്യം തൊഴിലന്വേഷകർ ഇല്ലാത്ത ഫിലിപ്പൈൻ ആണെന്നയാൾ എലിസബത്തിനോട് പറഞ്ഞിരുന്നു. സംഘർഷത്തിന്റെ ഒരു നാൾ ക്ലാരിസ് ഇരുമ്പഴിക്കുള്ളിലായി. എലിസബത്തുമായുള്ള ബന്ധം ഇല്ലാതായി.
ജയിലിൽ നിന്നും ക്ലാരിസ് എഴുതി. ഞാൻ സുഖമായിരിക്കുന്നു .പക്ഷേ എന്റെ യുവത തെരുവിലാണ് .
നീയും തടവിലാണ് .ഞാനും. നമ്മൾ വേർപെടുമ്പോഴും നമ്മൾ സുഖത്തിലാണ്. പക്ഷേ, എന്റെ യുവാക്കളോ?
എലിസബത്തിന്റെ കണ്ണുകൾ നനഞ്ഞു. അവധിക്കാലത്തെ അവൾ വെറുത്തു. കൂടെയുള്ളവർ അവധിക്കാലത്തിനായി ആർത്തിയോടെ കാത്തിരിക്കുമ്പോൾ കാർഡിയോ ഐ.സി.യുവിനകത്ത് ജീവനുകൾക്ക് കാവൽ നിന്നു കൊണ്ട് എലിസബത്ത് തീരുമാനിച്ചു. ക്ലാരിസ് പുറത്തിറങ്ങാത്ത മനിലയിലേക്ക് ഞാനില്ല. നീണ്ട നാലര വർഷത്തിന് ശേഷം ക്ലാരിസ് പുറത്തിറങ്ങി.
അവനെ കാണാൻ എലിസബത്ത് കരീന മനിലക്ക് പറന്നു. നാൽപതു നാളുകളിലെ ഹണിമൂൺ ഗ്രാമത്തിന്റെ കണ്ണുകളെ സന്തോഷിപ്പിച്ചു. സൗദിയിൽ നിന്നും ക്ലാരിസിനെ വിളിച്ചവൾ സന്തോഷം പറഞ്ഞു. എലിസബത്തിന്റെ ഉദരത്തിൽ ക്ലാരിസിന്റെ കുഞ്ഞ്.
അവളുടെ സന്തോഷത്തിന് അതിരില്ലാതെ നിന്നു. പ്രസവമടുക്കുമ്പോൾ പോകണം. അവന്റെ ജന്മം ക്ലാരിസിന്റെ മുന്നിൽ തന്നെയാവണം. ക്ലാരിസ് അവന്റെ കുഞ്ഞിന്റെ മുഖം കാണാനുള്ള നാളുകൾ എണ്ണിക്കുട്ടി.
കാർഡിയോ ഐ.സി.യുവിലെ മാലാഖ ആകാശം മുട്ടെ പറന്നു. ഒടുവിൽ കണ്ണീരിന്റെ ചാലിൽ അവൾ പ്രസവിക്കാനൊരുങ്ങി. സമയമെത്താതെ പ്രസവിച്ച കുഞ്ഞിനെ കുട്ടികളുടെ ഐ.സി.യുവിലേക്ക് മാറ്റിയ വിവരം സഹപ്രവർത്തകർ തന്നെയാണവളോട് പറഞ്ഞത്. എലിസബത്തിനും ക്ലാരിസിനുമിടയിൽ അവൻ പിറന്നു.
ക്ലാരിസ് സന്തോഷിക്കുകയായിരുന്നു. അവൻ മകന് പേരിട്ടു.
ക്ലിയറാസ് പാട്രിക്.
പ്രശസ്തനായ ഫിലിപ്പൈൻ വിപ്ലവ കവിയുടെ പേര്. ദിനങ്ങളുടെ അകലത്തിൽ ക്ലിയാറസിന്റെ ശ്വാസം നിലച്ചു. എലിസബത്തിനെ ആർക്കും ആശ്വസിപ്പിക്കാനാവുന്നില്ല. അവൾ പ്രസവിച്ച സ്ത്രീയാണെന്ന് പോലും മറന്നു. സ്വന്തം ശരീരത്തിന് മേലെ എലിസബത്ത് ദൈവത്തെ ശപിച്ചു.
ക്ലിയാറസിന്റെ മരണം ക്ലാരിസിനെ അറിയിക്കാൻ എലിസബത്തിന് കഴിയുന്നില്ല. അവളുടെ സംസാരം തൊണ്ടയിൽ കുടുങ്ങി. പിന്നെ അലർച്ച പോലെ..
അവൾക്ക് മനിലയിലേക്ക് പറക്കണം. ക്ലിയാറസിന്റെ മുഖം ക്ലാരിസിനെ കാണിക്കണം. നിയമക്കുരുക്കിന്റെ വഴിയിൽ അവൾ ഒറ്റയ്ക്ക് നടക്കാനിറങ്ങി. പലയിടത്തും തോറ്റ് മടങ്ങി. അപ്പോഴും അവൾ മഹാനായ വിപ്ലവകവിയുടെ രണ്ടുവരികൾ മൂളി.
മനിലയുടെ തെരുവിൽ ഒറ്റയ്ക്കാണെങ്കിലും വിജയം വന്നിരിക്കും
ആയുധം മുനയുള്ളതെങ്കിൽ ശത്രു നിരായുധനാണ്
ധൈര്യം സംഭരിക്കാനുള്ള ശ്വാസമായിരുന്നു അവൾക്ക് കവിത. എങ്കിലും കണ്ണീർ മുറിഞ്ഞു വീണു മണ്ണു നനഞ്ഞു.
മോർച്ചറിയിലേക്കുള്ള യാത്ര ആഴ്ചകളോളം തുടർന്നു കൊണ്ടിരുന്നു. ശീതളിച്ച മുറിയിൽ ഉറങ്ങുകയാണ് ക്ലിയാറസ് .എലിസബത്ത് അവനെ പലവട്ടം വിളിച്ചു. ഉണർത്താൻ ശ്രമിച്ചു. കണ്ണീരിനൊപ്പം അവളുടെ മാനസിക നില താളം തെറ്റുകയാണ്. ഫിലിപ്പൈൻസ് എംബസിയിലേക്കും തിരിച്ചും ഫോൺ കോളുകൾ പറന്നു. മൃതദേഹം നാട്ടിലയക്കാനുള്ള നിയമക്കുരുക്കുകളിൽ അവളെ സഹായിക്കാനാരുമില്ല.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
അവളുടെ ആകാശം തുറക്കപ്പെടുമെന്നവൾക്ക് തോന്നി. നനവിൽ കുതിർന്ന കണ്ണട വീണ്ടും തുടച്ചു. മോർച്ചറിക്കു നേരെ നടന്നു വരുന്ന ആൾക്കുട്ടത്തിന് നേരെ ദൈന്യതയോടെ നോക്കി. അടുത്തെത്തിയപ്പോൾ അവർ ഇന്ത്യക്കാരാണെന്ന് മനസ്സിലായി.
“കമുസ്‌ത” (ഹലോ)
മലയാളി സാമൂഹ്യ പ്രവർത്തകരിൽ ഒരാൾ അവരുടെ ഭാഷയിൽ അഭിവാദനം ചെയ്തു.
“അനോങ് ഇയാക് മോ?” (നിങ്ങൾ എന്തിനാണ് കരയുന്നത്?)
എലിസബത്തിന്റെ മറുപടി വാക്കുകൾ മുറിഞ്ഞു വീണു. ലോകത്തെ എല്ലാ ഭാഷകളും തിരിച്ചറിയുന്ന കാരുണ്യത്തിന്റെ അടയാളങ്ങൾ. വിയർപ്പും കണ്ണീരും സംഗമിക്കുന്ന ദേശാന്തരമില്ലാത്ത കൈമാറ്റം. മരുഭൂമിയിൽ മഴ പെയ്തതു തുടങ്ങി. അവളുടെ കണ്ണുകളിലെ ഉപ്പ് അതിലൊഴുകിപ്പോവുന്നുണ്ട്.
എലിസബത്ത് ആശ്വസിക്കുകയാണ്. എത്ര വേഗമാണ് ക്ലിയാറസിന്റെ യാത്രയൊരുങ്ങുന്നത്. ഫയലുകളുടെ വേഗതയിൽ സാമൂഹ്യ പ്രവർത്തകർ സന്തോഷിച്ചു.
എംബാം ചെയ്ത ക്ലിയാറസിന്റെ ശരീരം വഹിച്ച ട്രോളി വാതിൽ തുറന്നു വന്നു. പെട്ടിക്ക് മുകളിൽ അവൾ പല തവണ മുത്തി. അതിന്റെ മുകളിൽ അവന്റെ പേര് കുറിക്കപ്പെട്ടിരുന്നു.
ക്ലിയാറസ് പാട്രിക്.
തിരക്ക് പിടിച്ച വിമാനത്താവളത്തിന്റെ അകത്തേക്ക് ക്ലിയാറസ് കടന്നു പോകുന്നുണ്ട്. എലിസബത്ത് കരീനയുടെ കൈകൾ ഉയർന്നു. ദേശാന്തരമില്ലാത്ത പ്രവാസത്തിന്റെ ചൂടിൽ സഹോദരങ്ങൾക്ക് നേരെ അവൾ ദയയോടെ നോക്കി. ക്ലിയാറസ് പാട്രിക് പാടുന്നുണ്ട് അവന്റെ പപ്പയുടെ ഇഷ്ടപ്പെട്ട സാർവ്വദേശീയ ഗാനം…
കുഞ്ഞമ്മദ് കൂരാച്ചുണ്ട്
1985 ല്‍ ഖത്തറിലെത്തി. പതിനാറ് മാസം അവിടെ ചെലവഴിച്ചു. പിന്നീട് 1991 ല്‍ സൗദിയില്‍ പ്രവാസിയായി. സൗദിയുടെ ഇറാഖിനോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശമായ അറാറില്‍ സെയില്‍സ് മാനായി ജോലി ചെയ്തു. 2020 ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നാട്ടിലെത്തി. ഭാര്യ നഫീസ. മക്കള്‍ മെഹബൂബ് ഹാഷ്മി (ഖത്തര്‍), ഡോ. ഫര്‍സാന ജാസ്മിന്‍. മരുമക്കള്‍ ഷംന മെഹബുബ്, ഡോ. നൗഫല്‍ മുണ്ടേക്കാട്. നാല് പേരക്കുട്ടികള്‍ ഉണ്ട്. ഇപ്പോള്‍ നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്.