കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം (23/09/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഗവ. ജനറൽ ആശുപത്രിക്ക് പുതിയ ഐ.സി.യു ആംബുലൻസ്

എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഗവ. ജനറൽ ആശുപത്രിക്കായി അനുവദിച്ച ഐ.സി.യു ആംബുലൻസിന്റെ ഉദ്ഘാടനം എം.കെ രാഘവൻ എം.പി നിർവഹിച്ചു. ഗവ. ജനറൽ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. എം സച്ചിൻ ബാബു അധ്യക്ഷത വഹിച്ചു.

ആർ.എം.ഒ ഡോ. ശ്രീജിത്ത് സ്വാഗതവും
ആശുപത്രി എൽ.എസ് അഗസ്റ്റിൻ നന്ദിയും അറിയിച്ചു. വാർഡ് കൗൺസിലർ കെ. റംലത്ത്, എച്ച്.ഡി.എസ് മെമ്പർമാരായ അബ്ദുൽ റസാക്ക്, ശുഭലാൽ പാടക്കൽ, പി.ടി ആസാദ്, മമ്മദ് കോയ, എം.എ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷം സെപ്തംബർ 25-ന്

സ്വതന്ത്രസോഫ്റ്റ് വെയറിന്റെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ജില്ലാതല സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാഘോഷം സെപ്റ്റംബർ 25ന് നടക്കാവ് ജി.വി.എച്ച്.എസ്സ്.എസ്സ് ഗേൾസിൽ നടക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റും സ്വാതന്ത്ര്യ വിജ്ഞാന മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എ.കെ.എഫും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. തുടർന്ന് ഇഎക്സ് പി ഐസ് (ExpEYES)- ഓപ്പൺ ഹാർഡ്വെയർ എന്ന വിഷയത്തെക്കുറിച്ച് ജില്ലയിൽ പരിശീലനം സംഘടിപ്പിക്കും.

ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ പൊതുജനങ്ങൾക്കായി ഓപ്പൺ സെഷനുകളും സ്വതന്ത്ര സോഫ്റ്റ് വെയർ സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത് നൽകുന്ന ഇൻസ്റ്റാൾ ഫെസ്റ്റും സംഘടിപ്പിക്കും. സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പോർട്ടലായ www.kite.kerala.gov.in/SFDay2022 വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്ക് ജില്ലയിൽ സൗജന്യമായി പരിശീലനത്തിൽ പങ്കെടുക്കാം. ഇവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു. പതിനാല് ജില്ലകളിൽ വിവിധ വിഷയങ്ങളെക്കുറിച്ച് നടത്തുന്ന പരിശീലന പരിപാടികളും പോർട്ടലിൽ തത്സമയം ലൈവായി നൽകും.

ഗവ. ഐ. ടി പാർക്ക്സ് മുൻ സി. ഇ. ഒ ശശി പി.എം മുഖ്യാതിഥി ആവും. റിസോഴ്സ് പേഴ്സൺ ഡോ. അജിത് കുമാർ ബി. പി, കൈറ്റ് ജില്ലാ കോർഡിനേറ്റർ പ്രിയ വി. എം, ഡി.എ.കെ.എഫ് ജില്ലാ കോർഡിനേറ്റർ പ്രശോഭ് തുടങ്ങിയവർ ജില്ലയിൽ പരിശീലനത്തിന് നേതൃത്വം നൽകും.

‘ജീവതാളം’ പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കം

ജീവിത ശൈലി രോഗനിയന്ത്രണം ലക്ഷ്യമിടുന്ന ജീവതാളം പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ജീവിത ശൈലി രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജീവിത ശൈലി രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുക, ആരോഗ്യ പരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുൻകരുതൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊടിയത്തൂർ പാലിയേറ്റീവ് ഭവനിൽ ജീവതാളം അംഗങ്ങൾക്ക് ശില്പശാല സംഘടിപ്പിച്ചു.പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, മെഡിക്കൽ ഓഫീസർമാരായ ഡോ. ബിന്ദു, ഡോ.മനുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയശ്രീ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വയോജനങ്ങൾക്ക് കൈത്താങ്ങായി നാദാപുരം ഗ്രാമപഞ്ചായത്ത്‌

സാങ്കേതിക കാരണങ്ങളാൽ സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടാത്തവർക്ക് വയോജനനിധിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്. വാർഡിലെ വയോജനങ്ങൾക്ക് പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തിൽ വയോജനനിധി രൂപീകരിച്ച് പെൻഷനെത്തിക്കാൻ വാർഡിൽ നടന്ന വയോജന സംഗമത്തിൽ തീരുമാനിച്ചു. ഇതിനായി വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ വിവരങ്ങൾ പ്രത്യേക ഫോറത്തിൽ ശേഖരിച്ചു. ഇതിൽനിന്ന് അർഹരായവർക്ക് പെൻഷൻ എത്തിക്കും.

കല്ലാച്ചി എം എൽ പി സ്കൂളിൽ നടന്ന വയോജന സംഗമം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ അധ്യക്ഷനായി. വയോജനങ്ങൾ അറിയേണ്ട നിയമങ്ങളെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ക്ലാസെടുത്തു. പഞ്ചായത്തിലെ വയോജന അയൽക്കൂട്ടം രൂപീകരണം സംബന്ധിച്ച് ബ്ലോക്ക് വയോജന സഭയുടെ വൈസ് പ്രസിഡന്റ് പി.കെ ദാമു, വാർഡ് വികസന സമിതി കൺവീനർ ശഹീർ മുറിച്ചാണ്ടി എന്നിവർ സംസാരിച്ചു.

മുറിച്ചാണ്ടി അമ്മദ് ചെയർമാനായും ചോയിമഠത്തിൽ കുഞ്ഞിരാമൻ കൺവീറുമായി വാർഡ് വയോജന സഭ രൂപീകരിച്ചു. വാർഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആതിര, ആശാ വർക്കർ ഷൈമ എന്നിവരുടെ നേതൃത്വത്തിൽ വയോജന സംഗമത്തിൽ പങ്കെടുത്തവർക്ക് സൗജന്യമായി ബ്ലഡ് പ്രഷർ, ഷുഗർ പരിശോധന നടത്തി.

ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ‘സസ്നേഹം വടകര’

അനിയന്ത്രിതമായി വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ നടപടികൾ സ്വീകരിക്കാനും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനുമായി കെ.കെ രമ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ വടകര മണ്ഡലത്തിൽ ‘സസ്നേഹം വടകര’ എന്ന പേരിൽ വിപുലമായ പദ്ധതിക്ക് യോഗം രൂപം നൽകി. ലഹരിക്കെതിരെ തുടർച്ചയായ പ്രവർത്തനങ്ങളാണ് സസ്നേഹത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു.

ഒക്ടോബർ രണ്ടിന് സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയുടെ ഉദ്ഘാടന വേളയിൽ ‘സസ്നേഹം വടകര’ പദ്ധതി പ്രഖ്യാപിക്കും. രാവിലെ ഒൻപതു മണിക്ക് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന റോഡ്ഷോയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾ, എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്.പി.സി, വിവിധ സന്നദ്ധ സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ റോഡ്ഷോയിൽ അണിനിരക്കും. വിദ്യാർഥികളുടെ കലാജാഥയുടെ ഉദ്ഘാടനവും പ്രദർശനവും അന്നേ ദിവസം നടക്കും.

പുത്തൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാജാഥ ഒക്ടോബർ 11 മുതൽ 14 വരെ മണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ പര്യടനം നടത്തും.

പി.ടി.എ, മദർ പി.ടി.എ എന്നിവയെ ഉൾപ്പെടുത്തി ബോധവത്കരണ പരിപാടികൾ, തദ്ദേശസ്ഥാപനങ്ങളിൽ കൗമാര ഗ്രാമസഭ, പോലീസ്, എക്സൈസ് വകുപ്പുകളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം സെപ്റ്റംബർ 26ന് വൈകുന്നേരം നാലുമണിക്ക് ബി.ഇ.എം സ്കൂളിൽ ചേരും.

യോഗത്തിൽ വടകര ആർ.ഡി.ഒ സി.ബിജു, നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ശ്രീജിത്ത്, ആയിഷ ഉമ്മർ, ഏറാമല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പറമ്പത്ത് പ്രഭാകരൻ, ചോറോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി, തഹസിൽദാർ കെ.കെ പ്രസിൽ, നാർകോട്ടിക് ഡിവൈ.എസ്.പി കെ.എസ് ഷാജി, പൊലിസ് ഇൻസ്പെക്ടർ പി.എം മനോജ്, എക്സൈസ് അസി.ഇൻസ്പെക്ടർ കെ.വി മുരളി, പ്രിവന്റീവ് ഓഫീസർ സോമസുന്ദരൻ, ജില്ല വിദ്യാഭ്യാസ മീഡിയ ഓഫീസർ കെ. മുഹമ്മദ് മുസ്തഫ, ഡി.ഇ.ഒ ഹെലൻ, എ.ഇ.ഒ എം.കെ ബഷീർ, സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ട് സി.വി നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.

റണ്ണിങ് കോൺട്രാക്ട്; ജില്ലയിൽ 187 കിലോമീറ്റർ റോഡിന്റെ പരിശോധന ഇന്ന് പൂർത്തിയായി

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധന ജില്ലയിൽ രണ്ടാം ദിവസവും തുടർന്നു. റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട 49 റോഡുകളുടെ പരിശോധനയാണ് ജില്ലയിൽ ഇന്ന് നടത്തിയത്. 187 കിലോമീറ്റർ റോഡിന്റെ പരിശോധന പൂർത്തിയായി.

ആർബിഡിസികെ എംഡി എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം
ബേപ്പൂർ, കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളിലും സൂപ്രണ്ടിങ് എൻജിനിയർ വിശ്വപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലുമാണ് പരിശോധന നടത്തിയത്.

ബേപ്പൂർ, കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളിലെ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട 95 കിലോമീറ്റർ റോഡാണ് രണ്ടാം ദിനത്തിൽ പരിശോധന പൂർത്തിയാക്കിയത്. ഫറോക്ക് -മണ്ണൂർ -കടലുണ്ടി റോഡ്, ചാലിയം -കടലുണ്ടി കടവ് റോഡ്, ചാലിയം- കരുവൻ തുരിത്തി -ഫറോക്ക് റോഡ്, മുല്ലപ്പള്ളി- ചാലിയം റോഡ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, തിരുവണ്ണൂർ- പന്നിയങ്കര റോഡ്, തുടങ്ങി 25 റോഡുകളാണ് സംഘം പരിശോധന പൂർത്തിയാക്കിയത്.

കുന്ദമംഗലം -തിരുവമ്പാടി മണ്ഡലങ്ങളിലെ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട 92 കിലോമീറ്റർ റോഡാണ് പരിശോധിച്ചത് . ആർഇസി മുത്തേരി റോഡ്,ചെറൂപ്പ -കുറ്റിക്കടവ് റോഡ്, ചാത്തമംഗലം- ചെട്ടികടവ് റോഡ്, ഓമശ്ശേരി-തോട്ടത്തിൽ കടവ് റോഡ്, കൂടരഞ്ഞി-വഴിക്കടവ് റോഡ് തുടങ്ങി 24 റോഡുകളുടെ പരിശോധനയാണ് കുന്ദമംഗലം, തിരുവമ്പാടി കേന്ദ്രീകരിച്ച് പൂർത്തിയാക്കിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മെയിന്റനൻസ് വർക്കുകളുടെ പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്.
ജില്ലയിൽ ഇതുവരെ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട 247 കിലോമീറ്റർ റോഡുകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. സെപ്റ്റംബർ 30 നകം ജില്ലയിലെ ആയിരം കിലോമീറ്ററോളം റോഡുകൾ പരിശോധിക്കും.

റോഡുകളുടെ പരിശോധന നാളെയും തുടരും

കോഴിക്കോട് ജില്ലയിൽ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധന നാളെയും (സെപ്റ്റംബർ 24) തുടരും .ആർ.ബി.ഡി.സി.കെ എം.ഡി എസ്.സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. രാവിലെ ബേപ്പൂരിൽ നിന്ന് തുടങ്ങി കോഴിക്കോട് നഗരത്തിന്റെ ഭാഗങ്ങളിലാണ് പരിശോധന.