ഡബിള്‍ ഹാട്രിക്ക് നേട്ടം, ഒപ്പം 62 ഫുള്‍ എ പ്ലസും; എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍
കൊയിലാണ്ടി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ഡബിള്‍ ഹാട്രിക്ക് തിളക്കവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് പൊയില്‍ക്കാവ് സ്‌കൂള്‍ കൊയിലാണ്ടി സബ്ജില്ലയില്‍ നൂറ് ശതമാനം വിജയമെന്ന നേട്ടം കൈവരിക്കുന്നത്.
ആകെ 322 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതില്‍ 62 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞ വര്‍ഷം 243 വിദ്യാര്‍ത്ഥികളായിരുന്നു പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. നൂറ് ശതമാനം വിജയത്തിനൊപ്പം 23 വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.
സംസ്ഥാനത്ത് ഇത്തവണ 99.7 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.
68604 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.