മേളത്തിന്റെ ആനന്ദത്തിലാറാടിച്ച് വനമധ്യത്തിലെ പാണ്ടിമേളം, അവിസ്മരണീയമായി കുടമാറ്റം; പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്ര മഹോത്സവത്തിന്റെ ചിത്രങ്ങള്‍ കാണാം


കൊയിലാണ്ടി: മേളത്തിന്റെ ആനന്ദത്തിലാറാടിച്ച് പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്ര മഹോത്സവത്തിന്റെ ഭാ​ഗമായി അരങ്ങേറിയ പാണ്ടിമേളം. വനമധ്യത്തിലെ പാണ്ടിമേളം മേളപ്രേമികൾക്ക് അവിസ്മരണീയ അനുഭവമായി. രാവിലെ കുളിച്ചാറാട്ട് ചടങ്ങിനു ശേഷം മടക്കെഴുന്നള്ളിപ്പ് കഴിഞ്ഞ ഉടനെയായിരുന്നു പൊയില്‍ക്കാവിലെ സവിശേഷമായ വനമധ്യത്തിലെ പാണ്ടിമേളം. നിരവധി പേരാണ് പാണ്ടിമേളം ആസ്വദിക്കാന്‍ പൊയില്‍ക്കാവിലെത്തിയത്.

തൃശൂര്‍ പൂരവാദ്യ അമരക്കാരന്‍ ചൊവ്വല്ലൂര്‍ മോഹനന്റെ മേളപ്രമാണത്തിലായിരുന്നു പാണ്ടിമേളം. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുംകൊണ്ടൊരുക്കിയ മേളവിരുന്ന് ആസ്വാദകരെ ആവേശത്തിലാഴ്ത്തി. ഇരിങ്ങാപ്പുറം ബാബു, കാഞ്ഞിലശ്ശേരി പത്മനാഭന്‍, സദനം രാജേഷ്, സന്തോഷ് കൈലാസ്, റിജില്‍ കാഞ്ഞിശ്ശേരി, വിയ്യൂര്‍ ഗോപി മാരാര്‍, വയനാട് മനു പ്രസാദ് മാരാര്‍, കല്ലൂര്‍ ശബരി, ചീനം കണ്ടി പത്മനാഭന്‍, രാജീവ് മാരായമംഗലം, പനമണ്ണ മനോഹരന്‍, കാഞ്ഞിലശ്ശേരി അരവിന്ദന്‍, മേലൂര്‍ രാജേഷ്, ഷാജു കൊരയങ്ങാട്, വരവൂര്‍ വേണു, നിഖില്‍ കുളപ്പുറത്ത്, അമലേഷ് തുടങ്ങിയ വാദ്യകലാകാരന്‍മാര്‍ അണിനിരന്നു.

പൊയിൽക്കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറെ കാവ് സന്നിധിയിൽ കുടമാറ്റം ചടങ്ങ് നടന്നു. അഞ്ച് ​ഗജവീരന്മാർ അണിനിരന്ന കുടമാറ്റം ചടങ്ങ് ഭക്തി നിർഭരമായി. ആഘോഷ വരവുകൾ, ചൊവ്വല്ലൂർ മോഹനൻ്റെ മേള പ്രമാണത്തിൽ ആലിൻ കീഴ് മേളം എന്നിവയും മഹോത്സവത്തിന്റെ ഭാ​ഗമായി നടന്നു. 19-ന് വൈകീട്ട് നടക്കുന്ന ഗുരുതിയോടെ ഉത്സവച്ചടങ്ങുകൾ സമാപിക്കും.