പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി; ഇന്ന് സാംസ്‌കാരിക സമ്മേളനവും അന്നദാനവും മറ്റ് പരിപാടികളും


കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ – ഭവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ ഭക്തി സാന്ദ്രമായ ശരണം വിളിയുടെ അന്തരീക്ഷത്തില്‍ തന്ത്രി കരുമാരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ചൊവ്വാഴ്ച രാത്രി 8 മണിയോടെ ആദ്യം പടിഞ്ഞാറെ കാവിലും തുടര്‍ന്ന് കിഴക്കെ കാവിലും കൊടിയേറി.

കൊടിയേറ്റത്തിന് ശേഷം ചേലിയ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍ പരശുരാമനായി വേഷമിട്ട ‘സീതാസ്വയംവരം’ കഥകളി ഏറെ ശ്രദ്ധേയമായി. ഇന്ന് മാര്‍ച്ച് 15ന് സംഗീതഞ്ജന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനം, അന്നദാനം, കലാമണ്ഡലം ഹരി ഘോഷ് അവതരിപ്പിക്കുന്ന തായമ്പക, ഗര്‍ബ നൃത്താഞ്ജലി, തിരുവനന്തപുരം സൗപര്‍ണിക അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം ‘ഇതിഹാസം’ എന്നിവയുണ്ടായിരിക്കും.

16ന് വിഷ്ണുപ്രസാദ് കാഞ്ഞിലശ്ശേരിയുടെ തായമ്പക, സിംഫണി ഓര്‍ക്കസ്ട്ര കൊച്ചിന്‍ ഒരുക്കുന്ന നൃത്ത സംഗീത നിശ.

17ന് ചെറിയ വിളക്ക് ദിവസം ആനച്ചമയ പ്രദര്‍ശനം, സമൂഹസദ്യ, പ്രശസ്ത ചിത്രകാരന്‍മാര്‍ മഹോത്സവം എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന വര്‍ണ്ണാച്ചന, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, അനുഗ്രഹ് സുധാകര്‍, വൈശാഖ് സുധാകര്‍ എന്നിവരൊരുക്കുന്ന തൃത്തായമ്പക, വടക്കന്‍സ് കണ്ണൂര്‍ അവതരിപ്പിക്കുന്ന മാമാങ്കം നാടന്‍പാട്ടുപുര.

18 ന് വലിയ വിളക്ക് ദിവസം ആനയൂട്ട്, രാവിലെ 10 മണി മുതല്‍ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും പങ്കാളിയാവുന്ന സെമിനാര്‍ നടക്കും. ‘കാവ് സംരക്ഷണവും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി എം.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് ആനച്ചമയ പ്രദര്‍ശനം, കിഴക്കെ കാവില്‍ ഓട്ടന്‍തുള്ളല്‍, പടിഞ്ഞാറെക്കാവില്‍ ചാക്യാര്‍കൂത്ത്, പള്ളിവേട്ട, വനമധ്യത്തില്‍ പാണ്ടിമേളം, നാഗത്തിന് കൊടുക്കല്‍, കുടവരവ്, പോരൂര്‍ ഉണ്ണിക്കൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍ എന്നിവരുടെ ഇരട്ടത്തായമ്പക എന്നിവ നടക്കും.

മാര്‍ച്ച് 19ന് രാവിലെ സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, വനമധ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മേളപ്രമാണത്തില്‍ പാണ്ടിമേളം, പടിഞ്ഞാറെക്കാവില്‍ കൊടിയിറക്കല്‍, അന്നദാനം, ആഘോഷ വരവുകള്‍, താലപ്പൊലി എഴുന്നള്ളിപ്പ്, ആലിന്‍ കീഴ്‌മേളം, ഡയനാമിറ്റ് ഡിസ്‌പ്ലേ ,വെടിക്കെട്ടുകള്‍, കുമാരി കാവ്യ താരയുടെ തായമ്പക രുധിര കോലം എന്നിവ നടക്കും. 20ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.