വാഗാഡ് ലോറിയുടെ അപകടകരമായ ഡ്രൈവിങ്; കൊയിലാണ്ടിയില്‍ മൂന്ന് ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു, പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി
കൊയിലാണ്ടി: അപകടകരമായി ഓടിച്ചുപോയ വാഗാഡ് ലോറി കാരണം കൊയിലാണ്ടിയില്‍ മൂന്നിടത്ത് വൈദ്യുതി ബന്ധം നിലച്ചു. റെയില്‍വേ സ്‌റ്റേഷന് കിഴക്കുവശം, ദര്‍ശനമുക്ക്, നെല്ലിക്കോട് ഭാഗങ്ങളിലാണ് ഇന്നലെ അര്‍ധരാത്രിയോടെ വൈദ്യുതി ബന്ധം നിലച്ചത്.
ഇവിടേക്ക് പോകുന്ന ട്രാന്‍സ്‌ഫോമര്‍ ലോറിയിടിച്ച് തകര്‍ന്നിരുന്നു. കൂടാതെ പ്രദേശത്തെ എട്ട് പോസ്റ്റുകളും തകര്‍ത്തിട്ടുണ്ട്. എത്രരൂപയുടെ നാശനഷ്ടമുണ്ടായി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുവരെ കണക്കുകൂട്ടിയിട്ടില്ല. തകരാറുകള്‍ കെ.എസ്.ഇ.ബി പരിഹരിക്കുമോ അതോ വാഗാഡ് അധികൃതര്‍ പരിഹരിക്കുമോയെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ഏതാണ്ട് പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടല്‍. ഈ തുക വാഗാഡ് അധികൃതര്‍ കെട്ടിവെക്കുകയോ അല്ലെങ്കില്‍ കെ.എസ്.ഇ.ബിയുടെ കേടുപാടുകള്‍ പരിഹരിച്ചുനല്‍കുകയോ ചെയ്യേണ്ടതുണ്ട്. അതിനുശേഷമേ ഈ മേഖലയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കൂവെന്നാണ് അറിയുന്നത്.