കൊയിലാണ്ടിയിലെ ഹൈവേ നിറയെ കുണ്ടും കുഴിയും; നന്തി മേല്‍പ്പാലത്തിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ച് ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത കമ്പനി


കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ കുഴികള്‍ താല്‍ക്കാലികമായി അടച്ചു. നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത വാഗാഡ് കമ്പനിയാണ് പാലത്തിലെ കുഴികള്‍ അടച്ചത്. അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് കുഴികളടച്ചത് എന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

അതേസമയം കൊയിലാണ്ടി മേഖലയിലാകെ ദേശീയപാതയില്‍ വ്യാപകമായി കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴികളില്‍ മഴ പെയ്ത് വെള്ളം നിറയുമ്പോള്‍ കുഴിയുള്ളത് തിരിച്ചറിയാനാകാതെ ചെറു വാഹനങ്ങളിലെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

ദേശീയപാത ആറ് വരിയായി വികസിപ്പിക്കുന്ന പ്രവൃത്തി നടക്കുന്ന ഭാഗങ്ങളില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആര് നടത്തുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ബൈപ്പാസ് നിര്‍മ്മാണം നടക്കുന്നതിനാല്‍ നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെയുള്ള നിലവിലെ ദേശീയപാത ആറ് വരിയായി വികസിപ്പിക്കുന്നില്ല. ഈ ഭാഗത്തും ദേശീയപാതയില്‍ നിരവധി കുഴികളുണ്ട്.

മഴ ശക്തമായി തുടരുന്നതിനാലും നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡായതിനാലും അടുത്ത ദിവസങ്ങളില്‍ തന്നെ കുഴികള്‍ വലുതാവാന്‍ സാധ്യതയുണ്ട്. ഗതാഗതത്തെ തന്നെ ഇത് ബാധിച്ചേക്കാം എന്നാണ് വിലയിരുത്തല്‍. പെട്ടെന്ന് തന്നെ കുഴികളടച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.