കൊയിലാണ്ടിയിലെ മയക്ക് മരുന്ന് വിൽപ്പനക്കാരോട്; പോലീസും നാട്ടുകാരും ഒന്നിച്ച് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്, പിടി വീഴും ഉറപ്പാണ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മയക്ക്മരുന്ന് മാഫിയ പിടിമുറുക്കുമ്പോൾ കുരുക്ക് മുറുക്കാനൊരുങ്ങി പോലീസ്. കൊയിലാണ്ടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം, ബസ് സ്റ്റാന്റ്, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളും, ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രമാക്കിയാണ് ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് അടക്കമുള്ള മയക്ക് മരുന്നുകള്‍ കൊയിലാണ്ടിയിലാണെത്തുന്നതെന്ന് എക്‌സൈസ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരെ പിടികൂടാന്‍ പൊലീസിനും എക്‌സൈസിനും കഴിയുന്നില്ല. ലഹരി സംഘത്തിന്റെ തലവന്മാരെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.  ശ്രമിക്കുന്നുണ്ടെങ്കിലും മാഫിയകളുടെ തന്ത്രപൂര്‍വ്വമുള്ള ഇടപെടലില്‍ പൊലീസിന്റെ ശ്രമങ്ങള്‍ വിഫലമാകുകയാണ്.

എന്നാൽ അതിനെതിരെ ശ്രമങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് പോലീസ്. കഞ്ചാവിന്റെ ലഭ്യത കുറയ്ക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ആദ്യം നടത്തുക എന്ന് സി.ഐ സുനിൽകുമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പയ്യോളി, മേപ്പയ്യൂർ, വടകര എന്നീ സ്ഥലങ്ങളിലുള്ള ആളുകൾ കൊയിലാണ്ടിയിൽ കച്ചവടം ചെയ്യുന്നുണ്ട്. ഇത് കഞ്ചാവ് സുലഭമായി കിട്ടാൻ ഇടയാക്കുന്നുണ്ട്. അത് തടയിടുകയാണ് ആദ്യത്തെ ലക്ഷ്യം.

ഇതിനോടൊപ്പം തന്നെ കൊയിലാണ്ടി ടൗൺ, ഓവർബ്രിഡ്ജ് പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, സമീപത്തെ കാടുകൾ, ബീച്ച് ഏരിയ
കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കും എന്നും സി.ഐ അറിയിച്ചു.

വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതിന് ഇന്ന് പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മല്‍ മുഹമ്മദ് റാഫിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നും 1050 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

കൊയിലാണ്ടി ടൗണില്‍ എത്തിയ 15 കാരനെ റെയില്‍വേസ്റ്റേഷന്‍ ഭാഗത്തേക്ക് ബലമായി പിടിച്ച് കൊണ്ടുപോയി മയക്കുമരുന്ന് നല്‍കിയ സംഭവും ഈയടുത്ത് നടന്നിരുന്നു. ഈ കുട്ടിയെ പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇടമായതുകൊണ്ടുതന്നെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ലഹരിസംഘം കൊയിലാണ്ടിയില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയുള്ള ആളൊഴിഞ്ഞ വീട്ടില്‍ മൂന്നുപേര്‍ ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പിടികൂടാൻ ചെന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മൂന്നംഗ സംഘം കല്ലും വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ച സംഭവം കൊയിലാണ്ടിയിലുണ്ടായി.