ദിശതെറ്റിച്ച് ചീറിപ്പാഞ്ഞു വന്ന ബസ് കാറിലിടിച്ചു; കൊയിലാണ്ടിയിൽ ​ഗതാ​ഗത നിയമ ലംഘനം നടത്തിയതിന് സ്വകാര്യ ബസിനെതിരെ വീണ്ടും നടപടി


Advertisement

കൊയിലാണ്ടി: ദേശീയപാത കൊയിലാണ്ടിയിൽ ദിശതെറ്റിച്ച് സഞ്ചരിച്ച് കാറിലിടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസിനെതിരെ കേസെടുത്ത് പോലീസ്. കാറുകാരൻ്റെ പരാതിയെ തുടർന്നാണ് കൊയിലാണ്ടി പോലീസ് കേസ്സെടുത്തത്. കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL13 A F6375 എന്ന നമ്പർ ടാലൻ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

ദിശതെറ്റിച്ച് ചീറിപ്പാഞ്ഞ ബസ് സിഫ്റ്റ് കാറിനടിക്കുക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്. കഴിഞ്ഞ ദിവസവും ​ഗതാ​ഗത ലംഘനം നടത്തിയതിന് ഇതേ ബസിനെതിരെ പോലീസ് നടപടി എടുത്തിരുന്നു.

Advertisement

കൊയിലാണ്ടി പഴയ ജോയിൻ്റ് ആർ.ടി.ഒ ഓഫീസിനു മുൻവശം മൂന്ന് വണ്ടികൾ ഒരേ ദിശയിൽ എത്തി മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധത്തിൽ ഗതാഗത തടസ്സം ഉണ്ടാക്കി എയർ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി ബസിനെ മറ്റൊരു ലിമിറ്റഡ് ബസ് ഓവർടേക്ക് ചെയ്യുകയും ആ ബസിനെ ടാലൻ്റ്ബസ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തതാണ് ഗതാഗത തടസ്സത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് പോലീസ് ബസ് ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഫൈൻ അടപ്പിക്കുകയായിരുന്നു. എന്നാൽ സ്റ്റേഷനിൽ നിന്നും പകർത്തിയ എസ്.ഐ.യുടെ സംഭാഷണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും വെെറലാവുകയും ചെയ്തിരുന്നു.

Advertisement

കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 16 ഓളം അപകട കേസുകളാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകൾ വരുത്തിയതെന്ന് സി.ഐ. എം.വി.ബിജു പറഞ്ഞു. അപകടം വരുത്തുന്ന ബസ്സുകൾക്കെതിരെ നടപടിയെടുക്കുവാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.

 

Summary: police take action against private bus for violating traffic rules in Koyilandy