കാളിയാട്ട മഹോത്സവത്തിന് മുന്നോടിയായി കൊയിലാണ്ടി മേഖലയില്‍ ലഹരി ഒഴുക്കിന് തടയിടാന്‍ പൊലീസും എക്‌സൈസും; മാര്‍ച്ച് 20 മുതല്‍ സംയുക്ത റെയ്ഡ് ആരംഭിക്കും


കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവം അടുത്തിരിക്കെ ഉത്സവാഘോഷം ലക്ഷ്യമിട്ടുള്ള ലഹരി ഒഴുക്കിന് തടയിടാന്‍ ശക്തമായ മുന്നൊരുക്കങ്ങളുമായി പൊലീസും എക്‌സൈസും. മാര്‍ച്ച് 20 മുതല്‍ മേഖലയില്‍ എക്‌സൈസിന്റെയും പൊലീസിന്റെയും സംയുക്ത റെയ്ഡ് ആരംഭിക്കുമെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഉത്സവ സീസണായ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് മംഗലാപുരത്ത് നിന്ന് ലഹരി വസ്തുക്കള്‍ വലിയ അളവില്‍ കൊയിലാണ്ടിയിലേക്ക് എത്തുന്നത്. രാത്രി വാഹനങ്ങളില്‍ എത്തുന്ന ലഹരി വസ്തുക്കള്‍ ആള്‍ പാര്‍പ്പില്ലാത്ത വീടുകളും ചില കോളനികളും കേന്ദ്രീകരിച്ച് ചെറുകിടക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.

ചാരായം വാറ്റും ഈ സമയത്ത് സജീവമാകാറുണ്ട്. ഇത് മുന്നില്‍കണ്ട് ഇതിനകം തന്നെ കീഴരിയൂര്‍, പഴയ സംസ്‌കൃത കോളേജിന് അരികിലുള്ള പ്രദേശം എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു. വാറ്റ് നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മാഹിയില്‍ നിന്നും മദ്യം എത്തിക്കുന്നത് തടയാന്‍ പ്രദേശത്ത് എക്‌സൈസിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന കര്‍ശനമാക്കും. കൂടാതെ പ്രദേശത്തെ കടകളിലും മറ്റും പരിശോധന നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.

ഇതിനു പുറമേ ലഹരി വില്‍പ്പന കേന്ദ്രങ്ങളാവുന്ന കാട് പിടിച്ചു കിടക്കുന്ന റെയില്‍വേ പറമ്പ് വെട്ടി തെളിയിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടും. അതിഥി തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ പരിശോധന ശക്തമാക്കും. രേഖകളില്ലാതെ മുറികള്‍ വാടകയ്ക്ക് കൊടുക്കരുതെന്ന് കെട്ടിട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

കാളിയാട്ടം ദിവസം പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ ഭരണകൂടത്തിന് മുമ്പാകെ വെച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.