ആവളയിൽ നിന്ന് ഒളിച്ചോടിയ പ്ലസ് വൺ വിദ്യാർത്ഥി തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രിയെ കാണാൻ; പരാതി ക്ഷമയോടെ കേട്ട് മുഖ്യമന്ത്രി
പേരാമ്പ്ര: തിരുവനന്തപുരത്തു നിന്നും ദേവനന്ദ് നാട്ടിലേക്ക് തിരിച്ചു, തന്റെ യാത്രയുടെ ലക്ഷ്യം പൂർത്തീകരിക്കാനായതിന്റെ സന്തോഷത്തിൽ. മുഖ്യമന്ത്രിയെ കണ്ട് തന്റെ കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നം അറിയിക്കാനാണ് ആവളിൽ നിന്നും ദേവനന്ദ് സാഹസിക യാത്ര നടത്തിയത്. ഇത്രയും ദൂരത്തുനിന്ന് ഒരു വിദ്യാർത്ഥി തന്നെ കാണാനെത്തിയ വിവിരമറിഞ്ഞപ്പോൾ മുഖ്യമന്ത്രി കുട്ടിയെ ചേംബറിലേക്ക് വിളിപ്പിച്ചു.
സ്കൂളിലേക്കെന്ന് പറഞ്ഞാണ് ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ദേവനന്ദൻ ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ സമയം കഴിഞ്ഞിട്ടും തിരികെ വരാതായതോടെ എല്ലാവരും പരിഭ്രാന്തിയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരത്തും നിന്നും കണ്ടെത്തുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാനാണ് താൻ തിരുവനന്തപുരത്ത് എത്തിയതെന്ന് കുട്ടി വ്യക്തമാക്കിയെങ്കിലും എല്ലാവരിലും ആശ്ചര്യമായിരുന്നു.
ഇന്നലെ രാവിലെ വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ കയറിയ ദേവനന്ദൻ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു.
സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നൽകിയ പൊലീസ് കുട്ടി സുരക്ഷിതനാണെന്ന് അച്ഛൻ തറക്കണ്ടി രാജീവനെ അറിയിച്ചു .പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാൾക്ക് പൊലീസിന്റെ സന്ദേശം ആശ്വാസം നൽകി. രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാൻ ആണ് വന്നത് എന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും അച്ഛൻ രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ചു. വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിന്റെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി. കാര്യങ്ങൾ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാർത്ഥിയെ സ്നേഹത്തോടെ ഉപദേശിച്ചു. ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് നിർദേശിച്ച ശേഷം ഇരുവരേയും യാത്രയാക്കി . ദേവനന്ദൻ ഉന്നയിച്ച പരാതിയിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. തന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായതോടെ യാത്രയുടെ ഉദ്ദേശം സഫലീകരിച്ച സന്തോഷത്തിലാണ് ദേവനന്ദൻ.
Summary: Plus student who absconded from Avala yesterday reached Thiruvananthapuram to meet the Chief Minister; Chief Minister listened to the complaint patiently