യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബപ്പന്‍കാട് റെയില്‍വേ അടിപ്പാത വീണ്ടും തുറന്നു; വെള്ളക്കെട്ട് നീക്കിയത് ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ


കൊയിലാണ്ടി: വെള്ളത്തിനടിയിലായതോടെ അടച്ചു പൂട്ടേണ്ടിവന്ന ബപ്പൻ കാട് റെയിൽവേ അടിപ്പാത തുറന്നു. മൂന്ന് മോട്ടോറുകൾ ഉപയോഗിച്ച് ഏഴുമണിക്കൂറോളം പരിശ്രമിച്ചാണ് വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കിയത്.

ഏഴു വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച അടിപ്പാതയുടെ നിർമ്മാണത്തിലെ അപാകത കാരണം വേനൽക്കാലത്ത് മാത്രമേ ഇത് ഉപയോഗിക്കുവാൻ കഴിയുന്നുള്ളൂ.

ഒരു മഴ പെയ്താൽ അടിപ്പാത മുഴുവൻ വെള്ളമാകും. നഗരസഭയും രാഷ്ട്രീയപാർട്ടികളും വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാറാണ് പതിവ്. വീണ്ടും മഴപെയ്താൽ പഴയ സ്ഥിതിയിലാവും. മഴവിട്ടു നിന്ന സാഹചര്യത്തിലാണ് നഗരസഭാ ഫണ്ടിൽ നിന്നും 6000 രൂപ ചിലവിട്ട് വീണ്ടും ഇപ്പോൾ വെള്ളം ഒഴിവാക്കിയത്.

അടുത്ത ഒരു മഴ പെയ്യുന്നതോടെ ചിലവാക്കിയ പണവും വെള്ളത്തിലാവും എന്നത് തീർച്ച. വെള്ളം നിറഞ്ഞ് അടിപ്പാത ഉപയോഗിക്കാൻ കഴിയാത്തപ്പോൾ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ മറുപുറം കടക്കാനായി റെയിൽപ്പാളം മുറിച്ചു കടക്കുന്നതും അപകടമാണ്. ഈ ഭാഗം വളവു കഴിഞ്ഞ ഉടനെ ആയതിനാൽ നിരവധി അപകടങ്ങളും മരണങ്ങളും പതിവാകുന്നുണ്ട്.

നേരത്തെ ഇവിടെ ഉണ്ടായിരുന്ന റെയിൽവേ ഗേറ്റ് ഒഴിവാക്കിയതിനെ തുടർന്നാണ് ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും വേണ്ടി ഈ പാത പണിതത്. പക്ഷേ വേനൽക്കാലത്ത് മാത്രം ഉപയോഗിക്കാൻ ഉള്ള അടിപാത മാത്രമായി മാറിയിരിക്കുകയാണ് ഇന്നിത്.

വെള്ളം കെട്ടിക്കിടക്കുന്നതിന് സ്ഥിരമായ ഒരു പരിഹാരം വേണമെന്ന് ആവശ്യവും ശക്തമാവുകയാണ്.

summary: Bapankad Railway Underpass reopened, The water dam was removed after seven hours of effort