‘എന്ത് കൊണ്ടാണ് ബാറുകള്‍ക്ക് മുന്നില്‍ പോലീസ് പരിശോധന നടത്താത്തത്?’ ലഹരിക്കെതിരെ ജീവിതം സമരമാക്കിയ ദമ്പതിമാരുടെ കഥ, പി കെ മുഹമ്മദലി എഴുതുന്നു


പി.കെ മുഹമ്മദലി.

‘തോറ്റ സമരമാണ് പക്ഷെ നാടിനും സമൂഹത്തിനും കുടുംബത്തിനും അനിവാര്യമായ സമരമാണ്, കേരള മദ്യ നിരോധന സിമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മദ്യത്തിനും ലഹരിക്കുമെതിരെ നടക്കുന്ന എല്ലാം സമരങ്ങളുടേയും തുടക്കത്തില്‍ പറയുന്ന വാക്കുകളാണിത്. ലഹരി വിരുദ്ധ സമര മുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികളാണ് മൂടാടി മുചുകുന്ന് സ്വദേശികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറും. നാടും വീടുമെല്ലാം ലഹരിയില്‍ ഭീതിയിലാഴ്ത്തുന്ന പുതിയ ന്യൂജന്‍ കാലത്ത് ഇവരുടെ സമരം പ്രസക്തമാണ്. മദ്യ നിരോധനത്തിനും ലഹരി ഉപയോഗങ്ങള്‍ക്കുമെതിരെ വിശ്രമമില്ലാതെ കേരളത്തിന്റെ തെരുവില്‍ നാല്‍പത്തിയഞ്ച് വര്‍ഷം സമരമുഖത്തുള്ള ദമ്പതികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററേയും ഭാര്യയും മദ്യ നിരോധന സിമിതി മഹിളാ വേദിയുടെ സംസ്ഥാന ജനറല്‍ സിക്രട്ടറിയുമായ പത്മിനി ടീച്ചറെയും മലയാളികള്‍ അടുത്തറിയേണ്ടവരാണ്.

സ്വന്തം നാടായ ‘കേരള ഗാന്ധി’ എന്ന് അറിയപെടുന്ന മുചുകുന്ന് കേളപ്പജിയുടെ നാട്ടില്‍ നിന്ന് ആരംഭിച്ച സമരവും ബോധവല്‍ക്കരണവുമാണ് ഇന്ന് കേരളത്തിലാകെ പടര്‍ന്ന് പന്തലിച്ചത്. മദ്യത്തിനും ലഹരിക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ച രണ്ട് ജീവിതങ്ങള്‍. സത്യാഗ്രഹ സമരങ്ങള്‍, പദയാത്രകള്‍, നിരാഹാര അനുഷ്ഠാനങ്ങള്‍, ബോധവല്‍ക്കരണ പ്രസംഗങ്ങള്‍ ഇങ്ങനെ ധര്‍മോല്‍സുകവും സമരോല്‍സകവുമായ ദിവസങ്ങളിലൂടെയാണ് ഇവരുടെ ജീവിതം കടന്ന് പോവുന്നത്. കോഴിക്കോട് ജില്ലയിലെ മൂടാടി മുചുകുന്നാണ് കുഞ്ഞികൃഷ്ണന്‍മാസ്റ്ററുടെ ജനനം. കര്‍ഷകനായ ചെറിയോമന നായരുടെയും കല്യാണി അമ്മയുടെയും മകനായ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പയ്യോളി ഗവ:ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തികരിച്ച് ടി.ടിസി ചെയ്യുകയും ശേഷം മുചുകുന്ന് നോര്‍ത്ത് യൂപി സ്‌കൂളില്‍ അധ്യാപനം നടത്തുകയും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമാകുന്നതിന് വേണ്ടി 2002 ല്‍ വളണ്ടിയര്‍ റിട്ടയര്‍മെന്റ് വാങ്ങുന്നത് വരെ അധ്യാപക ജോലിയില്‍ തുടര്‍ന്നു.

കൊയിലാണ്ടി കീഴരിയൂര്‍ ഇടത്തില്‍ അച്ചുതന്റെയും ലക്ഷ്മി അമ്മയുടെയും മകളായ പത്മിനി ടീച്ചര്‍ 1973 ലാണ് കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ സമര സഖിയായി കടന്നുവരുന്നത്. ഗുരുവായുരപ്പന്‍ കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദമെടുത്ത് മുചുകുന്ന് നോര്‍ത്ത് യൂപി സ്‌കൂളില്‍ തന്നെ അധ്യാപിക ആവുകയും 2005 ല്‍ പ്രധാന അധ്യാപികയായിട്ടാണ് വിരമിച്ചത്. എല്ലാം ഭാഷകളും കൈകാര്യം ചെയ്യുന്ന മാഷിന് അറബി ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യാക അഗാതമായ കഴിവാണ്. ഖുര്‍ആനും പ്രവാചക ഹദീസുകളും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സ്ഥിരമായ ഉദ്ധരണികളാണ്. മദ്യ നിരോധന സമരങ്ങള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് നബിയും മഹാത്മ ഗാന്ധിജിയുമാണ് മാഷിന്റെ മാതൃക. ഖുര്‍ആന്‍ വലിയ പ്രചോദനമാണ് . ഖുര്‍ആനിലാണ് ലഹരിക്കെതിരെ വലിയ വിലക്കുകളും താക്കീതുമുള്ളത്. സകല തിന്മകളുടെയും മാതാവാണ് മദ്യം എന്ന ഖുര്‍ആന്‍ വചനമാണ് ഞാന്‍ നടത്തുന്ന സമരങ്ങള്‍ മുന്നോട്ട് ഉയര്‍ത്തിവെക്കുന്നതെന്നാണ് മാഷ് പറയുന്നത്.

സ്‌കൂള്‍ പഠന കാലത്ത് തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച മാഷ് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയായിരുന്നു. 1981 ലാണ് ആദ്യമായി മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്വന്തം നാട്ടില്‍ മദ്യഷാപ്പുകള്‍ക്കെതിരെ സമരം നടത്തുകയും അത് പൂര്‍ണ്ണ വിജയത്തിലെത്തുകയും 1982 ല്‍ നാട്ടുകാരെയെല്ലാം ഒരുമിപ്പിച്ച് അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന സിറിയക് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വതന്ത്ര്യ സമര സേനാനി ഇ.മൊയ്തു മൗലവിയാണ് ജന്മനാടായ മുചുകുന്നിനെ മദ്യവിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചത്. ഇവിടുന്നാണ് മാഷിന്റെ പ്രവര്‍ത്തന തുടക്കം. 1982 ല്‍ തന്നെ തലശ്ശേരി മുതല്‍ തിരുവനന്തപുരം സിക്രട്ടറിയേറ്റ് വരെ മദ്യവിരുദ്ധ പദയാത്ര നടത്തുകയും പ്രദേശികമായി തുറക്കുന്ന മദ്യഷാപ്പുകള്‍ക്കെതിരെ സമരം നടത്തി 85 ഓളം മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിക്കാന്‍ മാഷിന് സാധിച്ചിട്ടുണ്ട്. കെ.എര്‍ ഗൗരിയമ്മയാണ് ഈ സമയത്ത് എക്‌സൈസ് വകുപ്പ് മന്ത്രി. കോണ്‍ഗ്രസിന്റെ മദ്യ നയത്തില്‍ പ്രതിഷേധിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് പോകേണ്ട സ്ഥിതി 1986 കാലഘട്ടത്തില്‍ മാഷിന് വന്നിട്ടുണ്ട്.

2002 ആഗസ്തില്‍ കേരളമാകെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന പദയാത്ര നടത്തി രാജീവ് ഗാന്ധി നടപ്പിലാക്കിയ പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളിലെ ഒരു പ്രദേശത്ത് മദ്യം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നാട്ടുകാര്‍ക്ക് അധികാരം നല്‍കുന്ന 232,447 വകുപ്പുകള്‍ പുനസ്ഥാപനത്തിനായി മൂന്ന് ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി സര്‍ക്കാറിന് സമര്‍പ്പിച്ചു. ഇങ്ങനെ ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ നടത്തുകയും നടത്തികൊണ്ടിരിക്കുകയാണ് മാഷ്. സമരങ്ങളുടെ ഭാഗമായി രണ്ട് തവണ മാഷ് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ മലപ്പുറം കലക്ട്രേറ്റിലാണ് അനിശ്ചിത കാല സത്യാഗ്രഹ സമരം നടന്ന് കൊണ്ടിരിക്കുന്നത്. ഇടത് സര്‍ക്കാര്‍ കഴിഞ്ഞ കാലത്തെ എല്ലാം നിയമങ്ങളും കാറ്റില്‍ പറത്തി കേരളത്തില്‍ മദ്യവും ലഹരിപദാര്‍ത്ഥങ്ങളും ഒഴുക്കികൊണ്ടിരിക്കുകയാണ്. ബാറുകളും പ്രാദേശിക മദ്യഷാപ്പുകളും വര്‍ദ്ധിച്ചതില്‍ കണക്കില്ല. സര്‍ക്കാര്‍ ലഹരി ഉപയോഗക്കാര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണ്. ഈ നയം തിരുത്തുന്നത് വരെ സ്വന്തം ജീവന്‍ പണയം വെച്ച് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറുമുണ്ടാകും.

ഇപ്പോള്‍ മലപ്പുറത്ത് സമരം 150 ദിവസം പിന്നിട്ടിരിക്കുകയാണ്. മുമ്പും നിരവധി നിരാഹര സത്യാഗ്രഹ സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം വര്‍ഷങ്ങളോളം മലപ്പുറത്ത് നടത്തിയിട്ടുണ്ട്. ആ സമരങ്ങളെല്ലാം വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് മലപ്പുറത്ത് ഇങ്ങനെയൊരു സമരം നടത്തുന്നതെന്ന് മലയാളികളുടെ ചോദ്യത്തിന് മാഷിന് പ്രതീക്ഷ നിര്‍ഭരമായ ഉത്തരമാണ്. ഏറ്റവും അധികം വിശ്വാസികളും ഖുര്‍ആന്‍ വായിക്കുന്ന ജില്ലയും മലപ്പുറമാണ്. വിശ്വാസികളും മതബോധം ഉള്ളവരുമാണ് ഈ സമരത്തിന്റെ മൂലധനവും പ്രതീക്ഷയും. മുസ്ലിം ലീഗ് പാര്‍ട്ടി സമരത്തിന് തരുന്ന വലിയ പിന്തുണയാണ് ഒരോ ദിവസവും മുന്നോട്ടുള്ള ഊര്‍ജ്ജം. പുതിയ കാലത്ത് കേരളം അഭിമുഖികരിക്കുന്ന മഹാ തിന്മക്കെതിരെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയൊന്നും സമര മുഖത്ത് കാണാത്തത് എന്ത് കൊണ്ടെന്ന വലിയ ചോദ്യം മാഷ് ഉന്നയിക്കുന്നുണ്ട്.

ഏകദേശം 35000 ത്തിലധികം പേരാണ് എന്‍ഡോ സല്‍ഫാന്‍ ദുരിത ബാധിതര്‍. എന്നാല്‍ മദ്യത്തിന്റെയും ലഹരിയുടെയും കാരണത്താല്‍ ദുരിതം അനുഭവിക്കുന്നവര്‍ 40 ലക്ഷത്തില്‍ പരം ആളുകളാണ്. കൊക്കകോളക്കെതിരെ കേരളത്തില്‍ വലിയ സമരങ്ങള്‍ നടന്നു. പക്ഷെ മദ്യത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കുമെതിരെ കേരളത്തില്‍ ഒരു സമരവും നടക്കുന്നില്ല. സര്‍ക്കാര്‍ തന്നെ കുടിപ്പിക്കുകയും കുടിച്ച് വാഹനമോടിച്ചാല്‍ പിഴ ഇടാക്കുകയും ചെയ്യും. ഇതെന്ത് നിയമമാണ്. ബാറുകള്‍ക്കും മദ്യഷാപ്പുകള്‍ക്ക് മുന്നിലും പൊതു ജനങ്ങള്‍ക്ക് വിലങ്ങിട്ട് വാഹനങ്ങളുടെ നീണ്ട നിര കാണാം. എന്ത് കൊണ്ട് ബാറുകള്‍ക്ക് മുന്നില്‍ പൊലീസ് പരിശോധന നടത്താത് ? കുഞ്ഞികൃഷ്ണന്‍ മാസ്റ്ററും പത്മിനി ടീച്ചറും ചോദിക്കുന്ന ചോദ്യങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ ഉത്തരമില്ലാതെ മുട്ടുമടക്കുകയാണ്. നാടും കുടുംബവുമെല്ലാം വിട്ടാണ് മാഷും ഭാര്യയും സമരത്തിന്റെ മുന്നണിപോരാളികളായി ഉള്ളത്. മക്കളോടൊപ്പവും പേര മക്കളോടൊപ്പവും വീട്ടില്‍ വിശ്രമിക്കേണ്ട സമയത്ത് വീട് അടച്ച്പൂട്ടി സമരത്തിന് ഇറങ്ങുന്നത് ഞങ്ങളെ അഭിമാനമാണ്.

നാല്‍പത്തിയഞ്ച് വര്‍ഷത്തെ സമരങ്ങള്‍ക്കിടയില്‍ ഒരുപാട് ബാറുകളും മദ്യഷാപ്പുകളും അടച്ച് പൂട്ടാനും പുതുതായി തുറക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഇല്ലായ്മ ചെയ്യാനും ഒരോ സര്‍ക്കാര്‍ വരുമ്പോഴും മദ്യ നയത്തില്‍ വിവിധ മാറ്റങ്ങള്‍ കൊണ്ട് വരാനും സമരങ്ങളെ കൊണ്ട് സാധിച്ചിട്ടുണ്ട്. കേരളത്തിലെ കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും സമാധാനവും നന്മയും ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി മരണം വരെ ഈ മഹാ തിന്മക്കെതിരെ സമരമുഖത്ത് ഉണ്ടാകുമെന്നാണ് മാഷിനും ഭാര്യ പത്മിനി ടീച്ചര്‍ക്കും പറയാനുള്ളത്. നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കുന്ന കൊലയാളിയായ ലഹരിക്കെതിരെ സമര ജീവിതം സമര്‍പ്പിക്കുകയാണ് ഇരുവരും.