ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ ഇതാ വാട്ട്സ്ആപ്പിൽ; വീഡിയോ മെസേജ് ഫീച്ചറിന്റെ വിശേഷങ്ങൾ അറിയാം
ഓരോ പുതിയ അപ്ഡേനിലും വ്യത്യസ്തമായ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത് വാട്ട്സാപ്പ് എന്ന ജനപ്രിയ മെസേജിങ്ങ് ആപ്ലിക്കേഷന്റെ സവിശേഷതയാണ്. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഉപയോക്താക്കൾക്കായി അടുത്തിടെ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പുകൾക്കുള്ള ഫീച്ചർ മുതൽ വിൻഡോസിനായുള്ള പുതിയ ആപ് വരെ ഈ കൂട്ടത്തില്‍പെടും.
വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ ‘വിഡിയോ മെസേജ്’ ഫീച്ചർ വികസിപ്പിക്കുന്നു എന്ന വിവരം പുറത്ത് വരുന്നുണ്ട്. ഐഫോൺ ഉപയോക്താക്കള്‍ക്ക് വാട്സാപ്പിൽ 60 സെക്കൻഡ് വിഡിയോ മെസേജ് അയയ്ക്കാൻ സാധിക്കുന്നതായിരിക്കും പുതിയ ഫീച്ചർ. ഇത് വഴി ഉപയോക്താക്കൾക്ക് ചാറ്റ് ബോക്സിലെ മൈക്ക് ഐക്കണിൽ ക്ലിക്കുചെയ്ത് വോയ്സ് നോട്ടുകൾ അയയ്ക്കാൻ കഴിയുന്നത് പോലെ ഷോർട്ട് വിഡിയോ മെസേജുകളും അയയ്ക്കാം.
ടെലഗ്രാമിലെ വിഡിയോ നോട്ട് ഫീച്ചറിന് സമാനമായാണ് വാട്സാപ്പിലെ പുതിയ വിഡിയോ മെസേജ് ഫീച്ചറും പ്രവർത്തിക്കുക. ചാറ്റ് ബോക്സിലെ ക്യാമറ ബട്ടൺ അമർത്തി കോൺടാക്റ്റുകൾക്ക് 60 സെക്കൻഡ് വരെയുള്ള ചെറു വിഡിയോകൾ അയയ്ക്കാം. വാട്സാപ്പിലെ വിഡിയോ മെസേജുകൾ വോയ്സ് നോട്ടുകൾക്ക് സമാനമായാണ് പ്രവർത്തിക്കുക. വാട്സാപ്പിലെ വിഡിയോ സന്ദേശങ്ങളിലൂടെ ഉപയോക്താക്കൾക്ക് വോയിസ് മെസേജിനെക്കാളും ടെക്സ്റ്റിനെക്കാളും മികച്ച രീതിയില്‍ മുഖഭാവങ്ങളും കൂടി പ്രകടിപ്പിക്കാന്‍ സാധിക്കും.
സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഇടയിൽ സുരക്ഷിതമായിരിക്കും എന്നത് ഉറപ്പിക്കാന്‍ ഓഡിയോ, ടെക്സ്റ്റ് മെസേജുകൾ പോലെ വിഡിയോ മെസേജുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി തന്നെ നിലനിർത്തും.കൂടാതെ, അധിക സ്വകാര്യതയ്ക്കായി ഈ വിഡിയോ സന്ദേശങ്ങൾ സൂക്ഷിക്കാനോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാനോ അനുവദിക്കില്ലെങ്കിലും വിഡിയോ മെസേജുകളിൽ നിന്ന് സ്ക്രീൻഷോട്ടുകൾ പകർത്താൻ സാധിക്കും.