കഞ്ചാവ് കേസില്‍ തുടര്‍ച്ചയായി പ്രതി; പേരാമ്പ്ര സ്വദേശിയെ പെരുവണ്ണാമൂഴി പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


പേരാമ്പ്ര: കഞ്ചാവ് വിൽപ്പനക്കേസില്‍ നിരവധി തവണ പ്രതിയായ പേരാമ്പ്ര സൂപ്പിക്കട സ്വദേശിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് പെരുവണ്ണാമൂഴി പോലീസ്. സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തിഫ് (47) നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രദേശത്ത് നിരന്തരമായി കഞ്ചാവ് വില്പന നടത്തുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തിലത്തിലാണ് കാപ്പ ചുമത്തിയിരിക്കുന്നത്. ഇയാളുടെ പേരില്‍ നാല് കഞ്ചാവ് കേസുകളും ഒരു മോഷണക്കേസും ഒരു ജുവനൈല്‍ ജസ്റ്റിസ് കേസും നിലവിലുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കഞ്ചാവുമായി വീട്ടില്‍ ഒളിച്ച പ്രതിയെ അന്ന് നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു പോലീസ് പിടികൂടിയത്. കേസുകളിൽ അറസ്റ്റിലാവുന്ന പ്രതി പുറത്തിറങ്ങിക്കഴിഞ്ഞാൽ വീണ്ടും കഞ്ചാവ് വിൽപ്പന തുടരുകയാണ്.

കാപ്പ സെക്ഷന്‍ 3 പ്രകാരമാണ് പ്രതിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്ന പ്രതിയ്ക്ക് ഈ വകുപ്പ് പ്രകാരം ഒരു വര്‍ഷം കരുതല്‍ തടവ് ലഭിക്കാനാണ് സാധ്യത. പെരുവണ്ണാമൂഴി പൊലീസ് ഈ മാസം കാപ്പ ചുമത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ലത്തീഫ്.  ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ ബാലകൃഷ്ണനെയും കാപ്പ പ്രകാരം ജില്ലയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്.

പെരുവണ്ണാമൂഴി ഇന്‍സ്പക്ടര്‍ കെ സുഷീറിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി ബിജു, സിപിഒമാരായ അനീഷ്, സന്തോഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

summary: Peruvannamoozhi police arrested a native of Suppikkada under KAPPA Act