‘ചികിത്സാ ചിലവ് താങ്ങാവുന്നതിലുമപ്പുറം, സഹായിക്കണം’; സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന മേസേജുകള്‍ക്ക് പരിഹാരമായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ‘ക്രൗഡ് ഫണ്ടുകള്‍’ സ്വരൂപിക്കണം; പേരാമ്പ്രക്കാരന്‍ സുഹാസ് പാറക്കണ്ടി എഴുതുന്നു


സുഹാസ് പാറക്കണ്ടി

അപേക്ഷ കേരളത്തിലെ സർക്കാരിനോടാണ്, പ്രിയപ്പെട്ട ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടാണ്, ആരോഗ്യമന്ത്രിയോടാണ്. ഓരോ മന്ത്രിമാരോടും ജനപ്രതിനിധികളോടും ആണ് …

ക്യാൻസർ ഉൾപ്പടെ വിവിധ അസുഖങ്ങളുടെ ചികിത്സ ചിലവ് താങ്ങാൻ കഴിയാതെ, അവർക്കു വേണ്ടി പണം സ്വരൂപിക്കുന്ന അഭ്യർത്ഥനകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ കാണുന്ന ആളുകളാണ് നമ്മൾ. പലപ്പോഴും അത്തരം അഭ്യർത്ഥനകളുടെ വിശ്വാസ്യത ഒരു വലിയ പ്രശ്നമായി വരാറുണ്ട്. പറ്റിക്കപ്പെടുന്ന കഥകളും ഇഷ്ടം പോലെ. ഒരിക്കൽ പറ്റിക്കപ്പെട്ടാൽ, പിന്നീടൊരിക്കലും കൊടുക്കാൻ തോന്നാത്ത അവസ്ഥയിലേക്ക് ആളുകൾ മാറുന്നത് സ്വാഭാവികം. ഇന്നും കണ്ടു സമാനമായ ഒരു അഭ്യർത്ഥന, നിരവധി പേരിലൂടെ. ഇതിനു ഒരു മാറ്റം വേണ്ടേ?

രണ്ടുവർഷം ഖത്തറിലെ ക്യാൻസർ ആശുപത്രിയിൽ കടുത്ത ജീവിത പരീക്ഷണങ്ങൾ നേരിട്ട് പതിയെ സാധാരണ നിലയിലേക്ക് എത്തിയ ഒരാളാണ് ഞാൻ. മൂന്നു വലിയ സർജറികളും, കൊളസ്റ്റമി ബാഗും അതിന്റെ സർജറിയും, കീമോ ലൈഫ് പോർട്ടും, കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും ഉൾപ്പടെ ദീർഘമായ ചികിത്സാ ഘട്ടങ്ങൾ കഴിഞ്ഞാണ് ഏറെക്കുറെ സാധാരണ ജീവിതത്തിലേക്ക് വന്നത്. ഈ ചികിത്സകൾക്ക് എല്ലാം കൂടെ ലക്ഷക്കണക്കിന് രൂപ ചിലവ് വരും. എനിക്ക് എന്നല്ല ഒരുവിധം ആളുകൾക്ക് ഒന്നും ഈ തുക താങ്ങാൻ വലിയ പ്രയാസവുമാണ്.

പറഞ്ഞുവരുന്നത് എന്റെ കാര്യമല്ല, ഖത്തറിൽ ഈ ചികിത്സ അത്രയും ഏറെക്കുറെ സൗജന്യമായി ലഭിച്ചതുകൊണ്ടാണ് എനിക്ക് ഈ ഘട്ടം മറികടക്കാൻ കഴിഞ്ഞത്. ഖത്തറിൽ ഇത്തരം സഹായങ്ങൾ ചെയ്യാൻ ഖത്തർ ക്യാൻസർ സൊസൈറ്റി പോലെ, ഖത്തർ ചാരിറ്റി പോലെ ഖത്തർ ഗവണ്മെന്റ് മേൽനോട്ടം വഹിക്കുന്ന സംവിധാനങ്ങൾ ഉള്ളതുകൊണ്ട് കൂടിയാണ്.

രോഗം ഏതുമാകട്ടെ ശരീരത്തെ പോലെ പ്രധാനമാണ് മനസ്സ്. മനസ്സിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ചുറ്റുപാടുകൾ പ്രധാനമാണ്, അതിൽ ഒന്ന് തന്നെയാണ് സാമ്പത്തിക ലഭ്യത എന്നത്. പണം ഒരു പ്രശ്നമായി മുന്നിൽ നിൽക്കുമ്പോൾ ഒരു രോഗിയും മാനസികമായി നല്ല ഒരു അവസ്ഥയിൽ നിൽക്കും എന്ന് കരുതുക പ്രയാസമാണ്.

അത്തരം സാഹചര്യത്തത്തിലാണ് ഇതുപോലെയുള്ള സർക്കാർ മേൽനോട്ടം വഹിക്കുന്ന “ക്രൗഡ് ഫണ്ടുകൾ” എത്രമാത്രം പ്രയോജനകരമാണ് എന്ന് മനസ്സിലാകുക. കേരളത്തിലെ CMDRF നു സമാനമായ ഭീമമായ ചികിത്സാ ചിലവ് വരുന്ന അസുഖങ്ങൾക്ക് മാത്രമായി ഒരു “ക്രൗഡ് ഫണ്ട്” രൂപീകരിച്ചാൽ ((ഇനി എന്റെ അറിവില്ലായ്മ ആണെങ്കിൽ, അത്തരം ഫണ്ടുകൾ നിലവിൽ ഉണ്ടെങ്കിൽ CMDRF പോലെ എല്ലാവരും അറിയുന്ന അവസ്ഥയിലേക്ക് എത്തിച്ചാലും മതി) അതിന്റെ ഗുണങ്ങൾ പലതാണ് :

1. “നന്മമരങ്ങൾ” എന്ന പേരിൽ നടക്കുന്ന കണക്കില്ലാത്ത, ഓഡിറ്റ് ഇല്ലാത്ത ചാരിറ്റി പിരിവുകൾ ഒരു പരിധിവരെ അവസാനിപ്പിക്കാം.

2.കൃത്യമായ സർക്കാർ മേൽനോട്ടമുള്ള ,വിശ്വാസയോഗ്യമായി പ്രവർത്തിക്കുന്ന, ക്യാൻസർ പോലെ ഭീമമായ ചികിത്സാ ചിലവ് വരുന്ന അസുഖങ്ങൾക്ക് മാത്രമായി ഒരു “ക്രൗഡ് ഫണ്ട്” ഉണ്ടാകുമ്പോൾ സ്വാഭാവികമായും അതിലേക്ക് സംഭാവന നൽകാൻ വലിയ വിഭാഗം ജനങ്ങൾ മുന്നോട്ടു വരും.

3. അത്തരം പണം ഏറ്റവും യോഗ്യരായ ആളുകളെ കണ്ടെത്തി അവർക്ക് നൽകുന്നത് വഴി, അസുഖം മൂലം, കിടപ്പാടം പോലും വിൽക്കേണ്ടി വരുന്ന , അതുവഴി ജീവിതം വഴിമുട്ടുന്ന, സാമ്പത്തികമായി തകർന്നുപോകുന്ന കുടുംബങ്ങൾ ഒരു പരിധിവരെ കുറക്കാൻ സാധിക്കും. മാത്രമല്ല രോഗികൾക്കും ഇത് വലിയ ആശ്വാസമാകും.

4. കൃത്യമായ സർക്കാർ മേൽനോട്ടവും, ഓഡിറ്റിങ്ങും, ആവശ്യക്കാർക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന പൊതു സംവിധാനവും ഉണ്ടാകുമ്പോൾ സമൂഹത്തിൽ അതുണ്ടാക്കുന്ന ആശ്വാസം ചെറുതാവില്ല.

ഒരുപിടി ജനക്ഷേമ പദ്ധതികൾക്ക് നേതൃത്വം നൽകിയ കേരളത്തിലെ ഈ സർക്കാരിന്റെ മുന്നിൽ ഈ ആവശ്യവും എത്തണം എന്നൊരു ആഗ്രഹം ഉണ്ട്. ഖത്തറിന്റെ സമാന സഹായം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന എനിയ്ക്ക് ഒരു ആഗ്രഹമുണ്ട്, നമ്മുടെ നാട്ടിലെ സാധാരണക്കാർക്കും സമാന സഹായങ്ങൾ ലഭ്യമാകുന്ന ഒരു ഏജൻസി സർക്കാർ നേതൃത്വത്തിൽ ഉണ്ടാകണം എന്നത്.

“ഭ്രാന്തൻ സെല്ലുകളുടെ കണക്കു പുസ്തകം” പ്രകാശന സമയത്ത് നാട്ടിൽ പോയപ്പോൾ ഈ കാര്യം പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം എന്ന് ആഗ്രഹിച്ചിരുന്നു, പക്ഷെ അന്ന് അത് നടന്നില്ല. ഇത് എന്റെ മാത്രം ആവശ്യമായി സർക്കാരിനെ അറിയിക്കാം, അതിനു ഒരു ഇ-മെയിൽ അല്ലെങ്കിൽ വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ മതിയാകും, പക്ഷെ അങ്ങനെയല്ല, ഇതൊരു പൊതു ആവശ്യമായി സർക്കാരിനെ അറിയിക്കണം എന്ന ആഗ്രഹം കൊണ്ട് പോസ്റ്റ് ചെയ്യുന്നു.

എല്ലാവരും ഷെയർ ചെയ്തു സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ
സുഹാസ്