പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി


കൊല്ലം: പത്തനാപുരത്ത് കഴിഞ്ഞ ദിവസം പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട കൂടല്‍ സ്വദേശിനിയായ അപര്‍ണ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമാറ്റര്‍ ദൂരെ നിന്നാണ് മൃതദേഹം ലഭിച്ചത്.

പത്തനാപുരം മൗണ്ട് താബോറ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അപര്‍ണ സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇവര്‍ അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറിലെ വെള്ളാറമണ്‍ കടവിലേക്ക് പോയി. അവിടെ വെച്ച് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ പെണ്‍കുട്ടികള്‍ രണ്ടു പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു.

അപർണയും അനുഗ്രഹയും. അപകടത്തിന് തൊട്ട് മുമ്പെടുത്ത ചിത്രം


ആറ്റിലൂടെ ഒഴുകിപ്പോകുന്നതിനിടെ വള്ളിപ്പടര്‍പ്പില്‍ പിടിച്ചുകയറിയാണ് അഭിനവ് രക്ഷപ്പെട്ടത്. അരക്കിലോ മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി ആറ്റിലെ കുത്തൊഴുക്കില്‍ പാറയില്‍ പിടിച്ചുകിടന്ന അനുഗ്രഹയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപര്‍ണയെ കാണാതാകുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറു മണി വരെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അനുഗ്രഹ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.