എല്‍.ഇ.ഡി ബള്‍ബിനകത്തും അടിവസ്ത്രത്തിലുമായി കടത്തിയത് 38.17ലക്ഷം രൂപയുടെ സ്വര്‍ണം; പേരാമ്പ്ര സ്വദേശി പിടിയില്‍
പേരാമ്പ്ര: എല്‍.ഇ.ഡി ബള്‍ബിനകത്തും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച പേരാമ്പ്ര സ്വദേശി അഫ്‌സല്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. 38.17ലക്ഷം രൂപ വിലവരുന്ന 677.200 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കുവൈറ്റില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ഇയാള്‍ ഗ്രീന്‍ചാനല്‍ വഴി പുറത്തുപോകാന്‍ ശ്രമിക്കവേയാണ് പിടിയിലായത്.
ഇന്‍ഡിഗോ വിമാനത്തിലെത്തിയ മറ്റൊരു യാത്രക്കാരിയില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. റോമില്‍ നിന്ന് ദോഹ വഴി എത്തിയ കോട്ടയം സ്വദേശിയായ യുവതിയാണ് 640 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. ഏകദേശം 36.07ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.
നാല് സ്വര്‍ണബാറുകള്‍ വളയമാക്കി നിവിയ ക്രീമില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.